ബെയ്ജിംങ്: ചൈനയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നതായി ബിറ്റര്‍ വിന്റര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്തുമസ് എന്നത് പാശ്ചാത്യരുടെ ആഘോഷമാണ്. ചില പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ സാങ്കേതികതയും സംസ്‌കാരവും മൂല്യങ്ങളും ജീവിതശൈലിയും ചൈനയുടെ സംസ്‌കാരത്തില്‍ കലര്‍ത്താന്‍ ശ്രമിക്കുന്നു, ചില കച്ചവടക്കാരും ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. കാരണം അവരുടെ ബിസിനസ് കൊഴുപ്പിക്കാനുള്ള ഒരു അവസരമാണ് ഇത്തരം ആഘോഷങ്ങള്‍.
സാമൂഹികമായ ഫലങ്ങള്‍ ഉളവാക്കാന്‍ സഹായിക്കുന്നവയാണ് ഇത്തരത്തിലുളളപാശ്ചാത്യ ആഘോഷങ്ങള്‍. ഇത് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കും. അതുകൊണ്ട് എല്ലാ അധ്യാപകരും വിദ്യാര്‍ത്ഥികളും ക്രിസ്തുമസിന്റെ പേരിലുള്ള ആഘോഷങ്ങളും പ്രോഗ്രാമുകളും നിരോധിക്കണം, ഇക്കാര്യം എല്ലാവരും അനുസരിക്കുമെന്നാണ് കരുതുന്നത്, സിസിപി സെന്‍ട്രല്‍ കമ്മറ്റിയുടെ ഈ ഉത്തരവ് എല്ലാവരും അനുസരിക്കുകയും പിന്തുടരുകയും ചെയ്തുകൊണ്ട് ചൈനീസ് സംസ്‌കാരത്തിന്റെ മാതൃകകളായിത്തീരുക. കത്തില്‍ പറയുന്നു. ഡിസംബര്‍ 20 ന് ആണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ഓഫ് റോങ് ഇതു സംബന്ധിച്ച് എലിമെന്ററി സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടന്‍സിനും നിര്‍ദ്ദേശം നല്കിയത്.
2018 മുതല്‍ ചൈനയില്‍ മതപരമായ എല്ലാ ആഘോഷങ്ങളും നിയമപരമായി അംഗീകാരമില്ലാത്തവയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. മതപീഡനം അനുഭവിക്കുന്ന അമ്പതു രാജ്യങ്ങളുടെ പട്ടികയില്‍ 17 ാം സ്ഥാനത്താണ് ഓപ്പണ്‍സ് ഡോര്‍സ് ചൈനയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.