കറാച്ചി: ക്രിസ്തുമസിന് ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ് കേക്കുകള്‍. കേക്കുകളില്‍ മെറി ക്രിസ്തുമസ് എന്ന് എഴുതുന്ന പതിവുമുണ്ട്. എന്നാല്‍ പാക്കിസ്ഥാനിലെ ഒരു സംഘം ബേക്കറി ഉടമകള്‍ കേക്കുകളില്‍ മെറി ക്രിസ്തുമസ് എന്ന് എഴുതാന്‍ വിസമ്മതിച്ചുകൊണ്ട് ക്രിസ്തുമസിനെ ബഹിഷ്‌ക്കരിച്ചിരിക്കുന്നു.
കറാച്ചിയിലെ പ്രമുഖ രണ്ട് ബേക്കറി സ്ഥാപനങ്ങളാണ് ഇക്കാര്യത്തില്‍ മുമ്പന്തിയിലുള്ളത്. കറാച്ചിയില്‍ നിന്നുള്ള സെലിസ്റ്റിയ നസീം ഖാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയായിലൂടെ പുറംലോകത്തെ അറിയിച്ചത്. കേക്കില്‍ മെറി ക്രിസ്തുമസ് എന്ന് എഴുതാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ബേക്കറിഉടമകള്‍ അത് നിഷേധിച്ചുവെന്നും സെലിസ്റ്റിയ കുറിച്ചു. മറ്റ് ചിലബേക്കറി ഉടമകളും ഇതുപോലെ തന്നെപ്രതികരിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനമാണ് പ്രകടമാകുന്നത് എന്ന് വ്യക്തമായത്. ഇത്തരത്തിലുള്ള ആളുകളുടെ മനോഭാവം വേദനിപ്പിക്കുന്നതും നടുക്കമുളവാക്കുന്നതുമാണെന്ന് ഫാ. മാരിയോ റോഡ്രിഗ്‌സ് പ്രതികരിച്ചു.
പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ കാലം മുതല്‍ തന്നെ പാക്കിസ്ഥാനില്‍ ക്രൈസ്തവരുണ്ട്. എങ്കിലും കറാച്ചിയിലെ 15 മില്യന്‍ ജനങ്ങളില്‍ വെറും രണ്ടു ശതമാനം മാത്രമാണ് ക്രൈസ്തവര്‍.