മക്കളെ ശിക്ഷിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എപ്പോഴെങ്കിലും അവരുടെ നന്മയെ കരുതി ശിക്ഷിക്കാത്തവരായി ഈ കുറിപ്പ് വായിക്കുന്ന ആരുമുണ്ടാവില്ലെന്നാണ് കരുതുന്നത്. എന്തിനാണ് മക്കളെ ശിക്ഷിക്കുന്നത്? അവരോടുള്ള ദേഷ്യം കൊണ്ടാണോ ഇഷ്ടമില്ലാഞ്ഞിട്ടാണോ.. ഒരിക്കലുമല്ല. മറിച്ച് അവരോടുള്ള സ്‌നേഹത്തെ പ്രതി.. അവര്‍ കൂടുതല്‍ നല്ലവരാകാന്‍..അവരുടെ തെറ്റ് തിരുത്തുന്നതിന്റെ ഭാഗമായി..മാതാപിതാക്കള്‍ ശിക്ഷിച്ചുവെന്ന് കരുതി ഏതെങ്കിലും മക്കള്‍ അവരോട് ശത്രുത വച്ചുപുലര്‍ത്താറുണ്ടോ.. അതുമില്ല. എങ്കില്‍ ദൈവം ശിക്ഷിക്കുമ്പോള്‍ നാം എന്തിനാണ് ദൈവത്തോട് കോപിക്കുന്നത്.. ദൈവത്തിന് നമ്മെ ഇഷ്ടമില്ലാഞ്ഞിട്ടാണോ അവിടുന്ന് നമ്മെ ശിക്ഷിക്കുന്നത്..ഒരിക്കലുമല്ല. തിരുവചനം അതേക്കുറിച്ച് വ്യക്തമായ ഓര്‍മ്മപ്പെടുത്തല്‍ നല്കുന്നുണ്ട്.
താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്കുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു.( ഹെബ്ര 12:6)
അതെ, അപ്പോള്‍ ഇതാണ് കാര്യം. താന്‍ സ്‌നേഹിക്കുന്നവരെയും മക്കളായി സ്വീകരിക്കുന്നവരെയുമാണ് കര്‍ത്താവ് ശിക്ഷിക്കുന്നത്. ശരിയല്ലേ അയല്‍വക്കത്തെ കുട്ടി എന്തുമാത്രം കുരുത്തക്കേട് കാണിച്ചാലും നാം അവനെ ശിക്ഷിക്കാറുണ്ടോ. ഇല്ല. കാരണം അവന്‍ നമ്മുടെയല്ല. ഇതുതന്നെയാണ് ദൈവത്തിന്റെ നിലപാടും.
എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്തതികളാണ്.( ഹെബ്ര 12:8)
പ്രാര്‍ത്ഥന: ദൈവമേ അങ്ങേ പ്രിയപുത്രനായി എന്നെ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ശിക്ഷണം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങയുടെ സ്‌നേഹത്തിന്റെ ശിക്ഷണം നല്കി എന്നെ നേര്‍വഴിക്ക് നയിക്കണമേ. അങ്ങനെ ഞാനും അങ്ങയുടെ പുത്രനാണെന്ന് എനിക്ക് ബോധ്യംവരട്ടെ. ശിക്ഷണം ലഭിക്കുമ്പോള്‍ അതിനെ സ്‌നേഹത്തോടെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുംസഹിക്കാനുമുള്ള കൃപയും എനിക്ക് നല്കണമേ. ആമ്മേന്‍