നസ്രത്തിലെ മേരി എങ്ങനെയാണ് വിശുദ്ധയായത്? താന്‍ വിശുദ്ധയാകാന്‍ വേണ്ടി സഹിച്ച ത്യാഗങ്ങളെയും സഹനങ്ങളെയും ഉപേക്ഷിക്കലുകളെയും കുറിച്ച് പരിശുദ്ധ അമ്മ മരിയ വാള്‍ത്തോര്‍ത്തയ്ക്ക് നല്കിയ സന്ദേശത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. അമ്മ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്.
കന്യാവ്രതം വഴി വിവാഹം ഞാന്‍ ഉപേക്ഷിച്ചു. അങ്ങനെ ശാരീരിക സന്തോഷങ്ങളും സംതൃപ്തിയും വേണ്ടെന്ന് വച്ചു. ഹവ്വായുടെ പാപം നാലു ശിഖരങ്ങളുളള ഒരു വൃക്ഷമായിരുന്നു. അഹങ്കാരം, അത്യാഗ്രഹം, കൊതി, ജഡികാസക്തി… വളരെ താണ് എളിമപ്പെട്ടുകൊണ്ട് അഹങ്കാരത്തെ ഞാന്‍ പരാജയപ്പെടുത്തി. എല്ലാവരുടെയും മുമ്പില്‍ ഞാന്‍ എന്നെത്തന്നെ താഴ്ത്തി. മനുഷ്യരില്‍ നിന്ന് എത്രയധികം അപമാനങ്ങള്‍ എനിക്ക് മൗനമായി സഹിക്കേണ്ടിവന്നു. ദാരിദ്ര്യം നിമിത്തമുള്ള നിന്ദനങ്ങള്‍.. അഭയാര്‍ത്ഥിനി എന്ന നിലയില്‍ സഹിക്കേണ്ടിവന്ന എളിമപ്പെടുത്തലുകള്‍, ബന്ധുക്കളുടെയും സ്‌നേഹിതരുടെയും ശകാരങ്ങള്‍ നിമിത്തമുള്ള വിഷമങ്ങള്‍, ഞാന്‍ ഭോഗേച്ഛയെ പരാജയപ്പെടുത്തി. കൊതി അതിന്റെ പാരമ്യത്തിലെത്തി ആര്‍ത്തിയായി തീരുന്നതാണ് ജഡികാസക്തി അഥവാ ഭോഗേച്ഛ. നിയന്ത്രിക്കാതിരുന്നാല്‍ എല്ലാ ദുര്‍ഗുണങ്ങളും കൂടുതല്‍ വലുതായിത്തീരും. ഞാന്‍ അറിയണമെന്ന് ദൈവം ആഗ്രഹിച്ച കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതിയെന്ന് ഞാന്‍ നിശ്ചയിച്ചു.
അങ്ങനെ ആദിമാതാപിതാക്കള്‍ക്ക് അറിയാനും അനുഭവിക്കാനുമുണ്ടായിരുന്ന ദുര്‌മോഹത്തെ ഞാന്‍ പരാജയപ്പെടുത്തി. എ്‌ന്നോട് പറഞ്ഞതില്‍ കവിഞ്ഞ് ഒന്നും എന്നോടുതന്നെയും ദൈവത്തോടും ഞാന്‍ ചോദിച്ചില്ല. ചോദ്യം ചെയ്യാതെ ഞാന്‍ വിശ്വസിച്ചു. ശരീരത്തിന്റെ എല്ലാ സന്തോഷങ്ങളും ഞാന്‍ സ്വയം നിഷേധിച്ചു. എന്റെ പുത്രനെ എനിക്ക് ലഭിച്ച ആ നിമിഷം മുത്ല്‍ അവനെ ഞാന്‍ ഉപേക്ഷിച്ചു. അവനെ ഞാന്‍ ദൈവത്തിന് സമര്‍പ്പിച്ചു.
അവനെ ഞാന്‍ നിങ്ങള്‍ക്കായി തന്നു. ഹവ്വാ ദൈവത്തിന്റെ കനി മോഷ്ടിച്ചതിന് പരിഹാരം ചെയ്യാന്‍ ഞാന്‍ എന്റെ ഉദരത്തിന്റെ കനി പരിത്യജിച്ചു. മറ്റുള്ളവര്‍ താഴേ്ക്കിറങ്ങാന്‍ ഇടയാക്കാതെ ഞാന്‍ എപ്പോഴും അവരെ സ്വര്‍ഗ്ഗത്തിലേക്കാകര്‍ഷിച്ചു. എന്റെ പുത്രനെക്കുറിച്ച് അവന്‍ എന്റേതാണ്, എനിക്ക് അവനെ വേണം എന്നുപോലും ഞാന്‍ പറഞ്ഞിട്ടില്ല. സ്വര്‍ഗ്ഗത്തില്‍ അവന്‍ ദൈവത്തിന്റേതു മാത്രമായിരുന്നതുപോലെ ഭൂമിയില്‍ അവന്‍ എന്റേതുമാത്രമായിരുന്നുവെങ്കിലും ഞാന്‍ ഒരിക്കലും അത് പറഞ്ഞിട്ടില്ല.