തലശ്ശേരി: റവ. ഡോ. ആന്റണി തറേക്കടവില്‍ നടത്തിയ വചനസന്ദേശത്തെയും തുടര്‍ന്നുണ്ടായ ഉഭയകക്ഷി ചര്‍ച്ചകളെയും കുറിച്ച് വിവാദം സൃഷ്ടിക്കാനും അതിരൂപതയെ അധിക്ഷേപിക്കാനും ചിലര്‍ ശ്രമിക്കുന്നതായി തലശ്ശേരി അതിരൂപത.
മതസൗഹാര്‍ദ്ദവും മനുഷ്യസാഹോദര്യവും തിരുസഭയുടെ മൂല്യങ്ങളാണ്. സുവിശേഷത്തോടും സഭാ ദര്‍ശനങ്ങളോടുമുള്ള പ്രതിബദ്ധതയെ ഭീരുത്വവും കാലുപിടിത്തവുമായി വ്യാഖ്യാനിക്കുന്നവരെ അവഗണിക്കുന്നു. അപക്വമായ പ്രസ്താവനകളും പ്രചാരണങ്ങളും വഴി സഭയില്‍ ആഭ്യന്തര ഭിന്നതയുണ്ടെന്ന ധാരണ പരത്തുന്നത് അവിവേകമാണ്. അത് സഭയുടെ ശത്രുക്കള്‍ക്ക് വിരുന്നൊരുക്കുന്ന നടപടിയാണ്.
ഇസ്ലാം നാമധാരിയായ ചില തീവ്രവാദികള്‍ നടത്തിയ മതസ്പര്‍ദ്ധ ഉളവാക്കുന്ന പ്രസ്താവനകളുടെ പേരില്‍ ക്രിസ്ത്യന്‍-മുസ്ലീം സമുദായസംഘര്‍ഷം രൂപപ്പെടാതിരിക്കാനുളള വിവേകവും പക്വതയും പ്രകടമാക്കുന്നത് ഭീരുത്വമല്ല മറിച്ച് നാടിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള സഭയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്.
ഇതര മതങ്ങളെ അനാദരിക്കുന്നത് ക്രൈസ്തവമല്ല, കത്തോലിക്കാസഭയുടെ നിലപാടുമല്ല. റവ. ഡോ. ആന്റണി ഉയര്‍ത്തിയ ധാര്‍മ്മികവും സാമൂഹികവുമായ വിഷയങ്ങള്‍ സഭയുടെ ആകുലതയാണ്. അതിന് അതിരൂപതയുടെ പൂര്‍ണ്ണപിന്തുണ അദ്ദേഹത്തിനുണ്ട്. അച്ചനെ മറയാക്കി കലാപമോ ര്ക്തസാക്ഷികളെയോ സൃഷ്ടിക്കാന്‍ താല്പര്യമുളളവരുടെ കെണിയില്‍ വീഴാന്‍ അതിരൂപത തയ്യാറല്ല, ആരുടെയെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഒരു വൈദികനെ ജയിലില്‍ അടയ്ക്കാന്‍ അതിരൂപതയ്ക്ക് താല്പര്യമില്ല. നിയമസംരക്ഷണമുള്‍പ്പടെ വൈദികന് നല്കുകയും ചെയ്യും. അതിരൂപത വ്യക്തമാക്കി.
മണിക്കടവ് സെന്റ് തോമസ് ദേവാലയ തിരുനാളിനോട് അനുബന്ധിച്ച് റവ. ഡോ ആന്റണി തറേക്കടവില്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.