ഭോപ്പാല്‍: പ്രിസ്ബിറ്ററിയില്‍ വച്ച് തന്നെ വൈദികന്‍ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് മധ്യവയസ്‌ക്ക നല്കിയ പരാതിയില്‍ വൈദികന്‍ നിരപരാധിയെന്ന് കണ്ട് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. കഴിഞ്ഞ ഓഗസ്റ്റില്‍ ബലാത്സംഗാരോപിതനായി പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്ത ഭോപ്പാല്‍ അതിരൂപതയിലെ ഫാ. ജോര്‍ജ് ജേക്കബ് എന്ന അമ്പത്തിരണ്ടുകാരനെയാണ് കോടതി നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചത്.
മെഡിക്കല്‍ റിപ്പോര്‍ട്ട്, സാക്ഷിമൊഴി, മറ്റ് ശാസ്ത്രീയ തെളിവുകള്‍, വാദം എന്നിവയുടെ അടിസ്ഥാനത്തിലാണ് വൈദികന്റെ നിരപരാധിത്വം തെളിഞ്ഞത്.
കോടതി വിധിയെ അതിരൂപത സ്വാഗതം ചെയ്തു. തങ്ങള്‍ക്ക് കോടതിയില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും ആദ്യം മുതല്ക്ക് തന്നെ അച്ചനെ വിട്ടയ്ക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായും രൂപതയുടെ വക്താവ് ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു.
ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തിലുള്ള ഇവിടെ വൈദികര്‍ക്ക് എതിരെയുള്ള കെട്ടിച്ചമച്ച കേസുകള്‍ ഏറി വരികയാണ്. മിഷനറിമാര്‍ക്ക് എതിരെ മതപരിവര്‍ത്തനവും വൈദികര്‍ക്ക് നേരെ ലൈംഗികപീഡനവുമാണ് കേസുകളായി ചുമത്തപ്പെടുന്നത്.