Wednesday, April 2, 2025
spot_img
More

    ദൈവമേ നന്ദി, പ്രതിമാസം 3 ലക്ഷത്തിലധികം വായനക്കാര്‍, മരിയന്‍ പത്രം നാലാം വര്‍ഷത്തിലേക്ക്

    ഏറെ സന്തോഷത്തോടും ദൈവത്തോടുള്ള നന്ദി നിറഞ്ഞ ഹൃദയത്തോടും കൂടിയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. തലവാചകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ മരിയന്‍ പത്രം മാര്‍ച്ച് 25 ന് നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്.

    മൂന്നു വര്‍ഷം മുമ്പ് ഒരു മംഗളവാര്‍ത്താ ദിനത്തിലാണ് മരിയന്‍ പത്രം ആരംഭിച്ചത്. വളരെ ചെറിയ രീതിയില്‍ മരിയന്‍ പത്രം തുടങ്ങുമ്പോള്‍ ദൈവകൃപയിലുള്ള ആശ്രയത്വവും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥശക്തിയിലുള്ള ഉറച്ചവിശ്വാസവും മാത്രമായിരുന്നു ഞങ്ങളുടെ കൈമുതല്‍. അഞ്ചപ്പവും രണ്ടു മീനും മാത്രം കൈവശമുള്ള ആ ബാലനെ പോലെയായിരുന്നു ഞങ്ങള്‍. അത് കര്‍ത്താവിന്റെ കൈയിലേക്ക് കൊടുത്തപ്പോള്‍ അവിടുന്ന് അത് ആശീര്‍വദിച്ചു.

    ചുരുക്കം ചില വായനക്കാരുമായി ആരംഭിച്ച മരിയന്‍ പത്രം ഇത്രയും വര്‍ഷം പിന്നിടുമ്പോള്‍ വായനക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് അതിശയിപ്പിക്കുന്നതാണ്. അതെ, ഇപ്പോള്‍ മരിയന്‍ പത്രത്തിന്റെ പ്രതിമാസ വായനക്കാരുടെ എണ്ണം മൂന്നു ലക്ഷത്തിലധികമാണ്. അതായത് ഒരു ദിവസം പതിനായിരത്തിലധികം ആളുകള്‍ മരിയന്‍ പത്രത്തിന്റെ ഫേസ്ബുക്ക് പേജോ വാട്‌സാപ്പ് ഗ്രൂപ്പുകളോ വെബ്്‌സൈറ്റോ തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നു. അവര്‍ണ്ണനീയമായ ഈ ദാനത്തിന് ദൈവമേ അങ്ങേയ്ക്ക് നന്ദി.. പരിശുദ്ധ അമ്മേ അമ്മയുടെ മാധ്യസ്ഥശക്തിക്കും നന്ദി. എല്ലാ മഹത്വവും ദൈവത്തിന്..

    മരിയന്‍ പത്രത്തിന്റെ ഈ വിജയഗാഥ പങ്കുവയ്ക്കുമ്പോള്‍ ഇതുവരെയുള്ള അതിന്റെ തുടക്കത്തിലൂടെ കടന്നുപോകുന്നതും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പരിചയപ്പെടുത്തുന്നതും ദൈവഹിതപ്രകാരമാണെന്ന് വിശ്വസിക്കുന്നു.

    പല കത്തോലിക്കാ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും വളരെനല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു മരിയന്‍പത്രത്തിന്റെ കടന്നുവരവ്. ഈ മാധ്യമങ്ങള്‍ക്കെല്ലാം പിന്നില്‍ ശക്തമായ ഒരു ടീം പലവിധത്തില്‍ പ്രവര്‍ത്തിക്കുന്നുമുണ്ടായിരുന്നു. പ്‌ക്ഷേ മരിയന്‍ പത്രത്തെക്കുറിച്ച് ആലോചന തുടങ്ങുമ്പോള്‍ പ്രവര്‍ത്തിക്കാന്‍ കഴിവും അഭിഷേകവുമുള്ള ശുശ്രൂഷകരുടെ അഭാവമായിരുന്നു ഞങ്ങള്‍ നേരിട്ട ആദ്യത്തെ വെല്ലുവിളി. ഓണ്‍ലൈന്‍ നടത്തിക്കൊണ്ടുപോകാന്‍, ഉള്ളടക്കത്തിന്റെ ചുമതല വഹിക്കാന്‍ കഴിയുന്ന ഒരാള്‍ക്കുവേണ്ടിയുള്ള ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉത്തരം നല്കിയത് വിനായക് നിര്‍മ്മലിനെ മരിയന്‍ മിനിസ്ട്രിയോട് കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു.

    സണ്‍ഡേ ശാലോമിന്റെ സീനിയര്‍ സബ് എഡിറ്ററായി 13 വര്‍ഷവും പിന്നീട് കത്തോലിക്കാ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ക്ക് മികച്ച മാതൃകയും വഴികാട്ടിയുമായിരുന്ന ഹൃദയവയല്‍ ഡോട്ട് കോമിന്റെ തുടക്കംമുതല്‍ ഒടുക്കംവരെയുള്ള സജീവസാന്നിധ്യവുമായിരുന്ന വിനായകിന് ദൈവം നല്കിയ എഴുത്തിന്റെ അഭിഷേകവും മാധ്യമപരിചയവും മരിയന്‍ പത്രത്തിന് ശക്തമായ ബലമായി മാറുകയായിരുന്നു.

    നല്ലതു പോലെ ഭക്ഷണം പാകം ചെയ്തുവച്ചിട്ട് കാര്യമില്ലല്ലോ അത് വിളമ്പി മറ്റുളളവര്‍ക്ക് കൊടുക്കുകയും വേണമല്ലോ. മരിയന്‍ പത്രത്തിന്റെ ഉള്ളടക്കം ആളുകളിലേക്ക് എത്തിക്കുന്നത് ജീവിതവ്രതമായി ഏറ്റെടുത്തിരിക്കുന്ന മരിയന്‍പത്രത്തിന്റെ മാനേജിംങ് എഡിറ്റര്‍ ബ്ര. തോമസ് സാജാണ് ഈ വിജയത്തിന്‌റെയെല്ലാം അവകാശി. കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഇദ്ദേഹം യുകെയിലെ എക്‌സിറ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ മിനിസ്ട്രിയുടെ സ്ഥാപകനാണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് മരിയന്‍ പത്രം പുറത്തിറങ്ങുന്നത്.

    തന്റെ ഔദ്യോഗിക ജോലിക്കിടയിലും ദൈവരാജ്യത്തിന്റെ മഹത്വത്തിനും വ്യാപനത്തിനുമായി ബ്ര. തോമസ് സാജ് കാണിക്കുന്ന തീക്ഷ്്ണതയും ഉത്സാഹവും എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഊണിലും ഉറക്കത്തിലും അദ്ദേഹത്തിന് മരിയൻ മിനിസ്ട്രിയും മരിയന്‍ പത്രവുമല്ലാതെ മറ്റൊരു ചിന്തയുമില്ല. സുവിശേഷം ആളുകളിലേക്ക് എത്തിക്കാനുള്ള ഇക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ കത്തോലിക്കാ പത്രപ്രവര്‍ത്തനമെന്ന് തിരിച്ചറിഞ്ഞിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. തോമസ് സാജിന്റെ നിത്യവും ദിവ്യബലിയിലുള്ള പങ്കാളിത്തവും ഉപവാസവും പ്രാര്‍ത്ഥനയുമാണ് മരിയന്‍ പത്രത്തിന്റെ പ്രചാരത്തിന് കാരണമെന്ന് സംശയലേശമന്യേ പറയാം. മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാര്‍ക്കുവേണ്ടി അദ്ദേഹവും ടീം അംഗങ്ങളും മുടങ്ങാതെ ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നുമുണ്ട്.

    മരിയന്‍പത്രത്തെ സോഷ്യല്‍ മീഡിയായില്‍ മനോഹരമാക്കുന്നത് ബിജു ആലപ്പാട്ട് എന്ന വ്യക്തിയുടെ സമര്‍പ്പണവും ആത്മാര്‍ത്ഥതയുമാണ്. നിത്യവൃത്തിക്കായി ദൈവം അനുഗ്രഹിച്ചു നൽകിയിരിക്കുന്ന ചെറിയ ഒരു ബിസിനസിനേക്കാളും ദൈവത്തിന് വേണ്ടി മരിയൻ പത്രത്തിലൂടെ ചെയ്യുന്നതിലപ്പുറം മറ്റൊരു സന്തോഷവും ജീവിതത്തില്‍ കണ്ടെത്താനില്ലന്നും, ഇതാണ് എന്റെ പ്രധാനപ്പെട്ട ജോലി എന്നും വിശ്വസിക്കുന്ന ഈ ചെറുപ്പക്കാരനും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.തൃശൂര്‍ അതിരൂപതക്കാരനായ ഇദ്ദേഹത്തെയും മരിയന്‍ പത്രത്തോട് കൂട്ടിചേര്‍ത്തത് ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് എന്നും ഞാൻ വിശ്വസിക്കുന്നു.

    ഈ വ്യക്തികളിലൂടെയെല്ലാമാണ് മരിയന്‍ പത്രം എന്ന ചെറിയ തൈ, വളര്‍ന്നുപന്തലിച്ചിരിക്കുന്നത്. ഇവരെയെല്ലാം ഓര്‍ത്ത് ദൈവത്തിന് നന്ദി പറയുന്നു. ഈ തീക്ഷ്ണതയും സമര്‍പ്പണവും ജീവിതാന്ത്യം വരെ ഇവരിലുണ്ടാകുന്നതിന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
    “ആത്മീയജീവിതത്തിന് വേണ്ടതെല്ലാം” എന്നതാണ് മരിയന്‍ പത്രത്തിന്റെ ടാഗ് ലൈന്‍. അത്തരം വിഭവങ്ങളാണ് മരിയന്‍ പത്രത്തില്‍ ഓരോ ദിവസവും ചേര്‍ക്കുന്നതും. മരിയന്‍പത്രത്തില്‍ ചേര്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ എത്രയോ പേരുടെ ആത്മീയജീവിതത്തിന് കരുത്തും സാന്ത്വനവുമായി മാറിയിട്ടുണ്ട് എന്ന് അവരുടെ ഈമെയിലുകളും ഫോണ്‍കോളുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

    കേരളസഭമുതല്‍ വത്തിക്കാന്‍ വരെയുള്ള സഭയുടെ ഓരോ ഉള്‍ത്തുടിപ്പുകളും പറ്റുന്നതുപോലെ ആത്മാര്‍ത്ഥമായി ഒപ്പിയെടുക്കാനും പങ്കുവയ്ക്കാനും ഇതുവരെയും കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഞങ്ങളുടെ വിശ്വാസം.
    മരിയന്‍ പത്രം എന്നും സഭയോടൊത്തും സഭയ്ക്കുവേണ്ടിയും നിലകൊള്ളുന്ന മാധ്യമമാണ്. സഭയുടെ ദര്‍ശനങ്ങളും നിലപാടുകളും തന്നെയാണ് മരിയന്‍പത്രത്തിനുമുള്ളത്. സഭയോടും ദൈവത്തോടും ആളുകളെ അടുപ്പിക്കുക എന്നതാണ് ലക്്ഷ്യവും.

    മാധ്യമങ്ങള്‍ ഇത്രത്തോളം വളരുകയും കൂടുതല്‍ റീച്ച് ചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ ഏതെങ്കിലും വാര്‍ത്തകളെ തമസ്‌ക്കരിക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് മറ്റെല്ലാവരെയും പോലെ ഞങ്ങളും മനസ്സിലാക്കുന്നു. അതുകൊണ്ടാണ് സഭയ്ക്കുള്ളില്‍തന്നെ നടക്കുന്ന അത്ര നല്ലതല്ലാത്ത ചില വാര്‍ത്തകളും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. വാര്‍ത്ത അറിയിക്കുക എന്ന മാധ്യമധര്‍മ്മം മാത്രമേ അതിന് ഞങ്ങളെ പ്രേരിപ്പിക്കുന്നുള്ളൂ.

    മരിയന്‍ മിനിസ്ട്രി ടീം അംഗങ്ങള്‍ നടത്തുന്ന മാധ്യസ്ഥപ്രാര്‍ത്ഥനയ്ക്ക് പുറമെ ഞാന്‍ അര്‍പ്പിക്കുന്ന ഓരോ ദിവ്യബലിയിലും മരിയന്‍ പത്രത്തെയും അതിന്റെ വായനക്കാരായ നിങ്ങളോരോരുത്തരെയും പ്രത്യേകമായി ഓര്‍മ്മിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുമല്ലോ?. പ്രാര്‍ത്ഥനയുടെ ഐക്യത്തിലും സ്‌നേഹത്തിലും നമുക്ക് ഒന്നാകാം.

    മരിയന്‍ പത്രത്തെ സ്‌നേഹിക്കുകയും മരിയന്‍ പത്രത്തിലെ ഉള്ളടക്കം പങ്കുവയ്ക്കുകയും ചെയ്യുന്നത് ഒരു പ്രേഷിതപ്രവര്‍ത്തനവും സുവിശേഷവല്ക്കരണവും തന്നെയാണ്. ആത്മീയജീവിതത്തിന് വേണ്ടുന്നതെല്ലാം നല്കുന്ന ഈ മാധ്യമത്തെ ഇനിയും അറിഞ്ഞുകൂടാത്തവരായി നിങ്ങളുടെ അടുത്തബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലുമുണ്ടെങ്കില്‍ അവരിലേക്ക് മരിയന്‍ പത്രത്തെ എത്തിക്കാനായി ഈ വാട്‌സാപ്പ് ഗ്രൂപ്പിന്റെ ലിങ്ക്

    https://chat.whatsapp.com/IFJN3CuytcQ4ZkF0XKae3K ഷെയര്‍ ചെയ്യുമല്ലോ. ഗ്രൂപ്പില്‍ അംഗമാകുന്നതോടെ എല്ലാ ദിവസവും അവര്‍ക്ക് മരിയന്‍ പത്രം ലഭ്യമാകും. അങ്ങനെ വലിയൊരു കുടുംബമായി നമ്മള്‍ വളരും.

    മരിയന്‍ പത്രം കാണുന്ന പുതിയ സ്വപ്‌നം അതാണ്. പ്രതിമാസം പത്തുലക്ഷം വായനക്കാരുണ്ടാവുക. ഒന്നുമില്ലായ്മയില്‍ നിന്ന് ഇത്രയും വരെയെത്തിച്ച ദൈവത്തിന് അത് അസാധ്യമല്ലെന്ന് നമുക്കു ഉറച്ചുവിശ്വസിക്കാം. ആ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ ശക്തി നമുക്ക് തേടാം. അടുത്തവര്‍ഷം ഇതേ ദിവസം ഇങ്ങനെയൊരു കുറിപ്പെഴുതുമ്പോള്‍ മൂന്ന് ലക്ഷത്തില്‍ നിന്ന് ഉയരുന്ന വലിയൊരു സംഖ്യ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ ഈശോയുടെ ഉത്ഥാനത്തിരുന്നാളിന്റെ മംഗളങ്ങള്‍ എല്ലാ വായനക്കാര്‍ക്കും മുന്‍കൂട്ടി അറിയിച്ചുകൊള്ളുന്നു.


    സ്‌നേഹത്തോടെ

    ഫാ. ടോമി എടാട്ട്
    ചീഫ് എഡിറ്റര്

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!