Friday, January 2, 2026
spot_img
More

    തട്ടിപ്പ്! വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് വരുന്ന അജ്ഞാത ഫോണ്‍കോളുകളില്‍ കുടുങ്ങരുതേ




     വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുകയാണല്ലോ. നേരിട്ടു പരിചയമുള്ളതോ ഇല്ലാത്തതോ ആയ പല വ്യക്തികളുടെയും നമ്പറുകള്‍ ഗ്രൂപ്പുകളില്‍ ഉണ്ടാവാറുമുണ്ട്.

    എന്നാല്‍ ഇവിടെ വലിയൊരു അപകടം പതിയിരിക്കുന്നുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പൂകളിലെ ഏതെങ്കിലും നമ്പറുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന രീതിയാണ് ഇത്. വിശ്വസനീയമായ ഗ്രൂപ്പുകളില്‍ കയറിയാണ് ഈ വിരുതന്മാര്‍ തട്ടിപ്പ് നടത്തുന്നത്. സമാനമായ ചില തട്ടിപ്പുകള്‍ മരിയന്‍ മിനിസ്ട്രിയുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കയറി നടത്തിയതായ വിവരം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്  മുമ്പ് നല്കിയ മുന്നറിയിപ്പ് വീണ്ടും ആവര്‍ത്തിക്കുന്നതും ശ്രദ്ധയില്‍ പെടാത്തവരുടെ അറിവിലേക്കായി പറയുന്നതും.
     

    ഉദാഹരണത്തിന്, നിങ്ങളുടെ ഫോണിലേക്ക് അജ്ഞാതനായ ഒരു വ്യക്തിയുടെ ഫോണ്‍ വരുന്നു. വൈദികനെന്നോ സിസ്റ്ററെന്നോ ഒക്കെയായിരിക്കും അവര്‍ പേര് ചേര്‍ത്തിരിക്കുന്നത്.  

    + 44 ചേര്‍ത്തുള്ള നമ്പരില്‍ നിന്നായിരിക്കും കോള്‍. ആദ്യം സൗഹൃദസംഭാഷണമോ സന്ദേശങ്ങളോ ആകാം. തുടര്‍ന്ന് തന്റെ ജന്മദിനമോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദിനത്തിന്റെ പേരു പറഞ്ഞോ ഒരു സമ്മാനം അയ്ക്കാനായി വിലാസം നല്കാന്‍ ആവശ്യപ്പെടുന്നു. സ്വഭാവികമായും വാട്‌സാപ്പ് ഗ്രൂപ്പിന്റെ വിശ്വാസ്യത കണക്കിലെടുത്ത് നിങ്ങള്‍ വിലാസം അയ്ക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറ്റൊരു നമ്പറില്‍ നിന്ന് കോള്‍ വരുന്നു. നിങ്ങള്‍ക്കുള്ള സമ്മാനം കസ്റ്റംസ് ഓഫീസില്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ നിങ്ങള്‍ ഒരു തുക  (പതിനായിരം മുതല്‍ ഒരു ലക്ഷം വരെയുള്ള തുക) നല്കിയാല്‍ മാത്രമേ അത് തരാന്‍ കഴിയൂ എന്നുമാണ് സന്ദേശം. വളരെ ചെറിയൊരു തുകയാണെങ്കില്‍ അത് അപ്പോള്‍തന്നെ ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നവരുമുണ്ട്.

    പക്ഷേ അവിടെയും തീരുന്നില്ല. ഈ സമ്മാനത്തിനുളളില്‍ നിങ്ങള്‍ക്ക് ഇന്ത്യന്‍ കറന്‍സിക്ക് തുല്യമായ ഡോളറാണ് ഉള്ളതെന്നും അത് കിട്ടാന്‍ കുറച്ചുതുക കൂടി അയച്ചുതരേണ്ടതുണ്ടെന്നുമായിരിക്കും അടുത്ത കോള്‍. ലക്ഷക്കണക്കിന് തുക എന്ന് കേള്‍ക്കുമ്പോള്‍ നിഷ്‌ക്കളങ്കരായ ചിലരെങ്കിലും ആ തുക കൊടുക്കാന്‍ തയ്യാറായെന്നുവരും. ഇങ്ങനെ കിട്ടുന്ന സമ്മാനപ്പെട്ടിയില്‍ ഡോളര്‍ പോയിട്ട് ഒരു തുട്ട് നാണയംപോലും ഉണ്ടായെന്ന് വരില്ല. സമാനമോ വ്യത്യസ്തമോ ആയ രീതിയിലാണ് ഇത്തരത്തിലുളള പല തട്ടിപ്പുകളും നടക്കുന്നത്.
     

    ഈ തട്ടിപ്പിനെക്കുറിച്ച് വിശദമായി എഴുതാന്‍ കാരണം മരിയന്‍ മിനിസ്ട്രിയുടെ പേരിലുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നുവെന്ന് അറിഞ്ഞതുകൊണ്ടാണ്. തട്ടിപ്പിനിരയായ പലരും നേരിട്ട്  ഫോണ്‍വിളിച്ചപ്പോഴാണ് അതേക്കുറിച്ച് ഞങ്ങള്‍ അറിയുന്നതുതന്നെ. അതുകൊണ്ട്  ഒരു കാര്യം പറയട്ടെ, മരിയന്‍ മിനിസ്ട്രിയുടെ ഗ്രൂപ്പില്‍ നിന്ന് ആരെങ്കിലും നിങ്ങളെ സമ്മാനങ്ങള്‍ തരാന്‍ വിളിച്ചതാണെന്ന് പറഞ്ഞ് ബന്ധം സ്ഥാപിക്കാന്‍ വന്നാല്‍ ആ വലയില്‍ കുടുങ്ങരുത്. ബ്ര. തോമസ് സാജാണ് മരിയന്‍ മിനിസ്ട്രികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍. അദ്ദേഹത്തിന്റെ നമ്പര്‍ ഇതാണ്.. 0044 7809502804 

    ഈ ഒരു നമ്പറില്‍ നിന്നല്ലാതെ മറ്റേതെങ്കിലും നമ്പറില്‍ നിന്ന് ആരെങ്കിലും വിളിച്ച് സാമ്പത്തികസഹായമോ സമ്മാനങ്ങളോ വാഗ്ദാനം ചെയ്താല്‍ ദയവായി അതിനോട് പ്രതികരിക്കരുത്. നിങ്ങള്‍ക്ക് ആദ്യം സാമ്പത്തികനഷ്ടവും പിന്നീട് മാനഹാനിയും സംഭവിക്കാന്‍ ഇടയുണ്ട്. മരിയന്‍ മിനിസ്ട്രിയുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലുള്ളവര്‍ ഇക്കാര്യം അറിഞ്ഞിരിക്കുകയും മറ്റുളളവരോട് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്കുകയും ചെയ്യുമല്ലോ.

    മറ്റൊരു കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ. ഇത്തരം മെസേജുകളോ ഫോണ്‍കോളുകളോ ഇത് വായിക്കുന്ന നിങ്ങളിലാര്‍ക്കെങ്കിലും ലഭിക്കുകയാണെങ്കില്‍ തട്ടിപ്പുകാരന്റെ ഫോണ്‍ നമ്പര്‍, സന്ദേശം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട്, മരിയന്‍ മിനിസ്ട്രിയുടെ വാട്‌സാപ്പ് ഗ്രൂപ്പ് നമ്പര്‍ എന്നിവ കൂടി മേല്പ്പറഞ്ഞ നമ്പറിലേക്ക് അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെ ചെയ്താല്‍ പ്രസ്തുത നമ്പര്‍ ബ്ലോക്ക് ചെയ്യാനും തട്ടിപ്പ് അവസാനിപ്പിക്കാനും കഴിയുമെന്ന് വിശ്വസിക്കുന്നു. ഒരു കാര്യം ആവര്‍ത്തിക്കട്ടെ. മരിയന്‍ മിനിസ്ട്രി ആരില്‍ നിന്നും സംഭാവന ആവശ്യപ്പെടുകയോ സമ്മാനങ്ങള്‍ അയച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് ദയവായി ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ക്ക് തല വച്ചുകൊടുക്കരുത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!