ഉദയപ്പൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന ബിഷപ് ഡോ. ജോസഫ് പതാലില്‍ അടുത്തയിടെയാണല്ലോ അന്തരിച്ചത്. ദീര്‍ഘനാളായുള്ള രോഗങ്ങള്‍ക്ക് ശേഷമായിരുന്നു അന്ത്യം. രോഗശയ്യയിലാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഇംഗ്ലീഷില്‍ എഴുതി തയ്യാറാക്കിയിരുന്ന ഒരു കത്തിന്റെ വിവര്‍ത്തനം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ബിഷപ് പതാലിന്റെ വ്യക്തിജീവിതം തന്നെ ഈ കത്തിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. പണത്തിനും പദവികള്‍ക്കും പിന്നാലെ പായുന്ന ആത്മീയനേതാക്കന്മാര്‍ക്കും വൈദികര്‍ക്കും ഈ കത്ത് ചിലപ്പോള്‍ ഒരു ആത്മശോധനയ്ക്ക് ഇടയാക്കിയേക്കാം. വൈദികര്ക്കായി എഴുതിയ കത്തിലെ പ്രസക്തഭാഗങ്ങള് ചുവടെ കൊടുക്കുന്നു.
പ്രിയ വൈദികരെ,
പോകുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ എഴുതി വയ്ക്കണമെന്നു തോന്നി.
ആഹ്ളാദവും നന്ദിയും നിറഞ്ഞ മനസോടെയാണ് ഞാന്‍ നിങ്ങളോട് വിടപറയുന്നത്. ദൈവത്തിന്‍റെ മുന്തിരിത്തോപ്പിന്‍റെ ഈ ഭാഗത്ത് അവിടുത്തെ രാജ്യത്തിന്‍റെ സൃഷ്ടിക്കായി ഒരു ഉപകരണമായി എന്നെ തിരഞ്ഞെടുത്തു. ആ വിളിക്ക് പ്രത്യുത്തരമേകിയ ഞാന്‍ എന്‍റെ ഊര്‍ജ്ജവും സമയവും അതിന്‍റെ സാക്ഷാത്കാരത്തിനായി സമര്‍പ്പിച്ചു.
ബൈബിളിലൂടെ, എന്‍റെ മനഃസാക്ഷിയിലൂടെ, മറ്റുള്ളവരുടെ വാക്കുകളിലൂടെ കാലത്തിന്‍റെ അടയാളങ്ങളിലൂടെ വഴികാട്ടുന്ന അവിടുത്തെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ എപ്പോഴും ശ്രമിച്ചു. എല്ലായ്‌പോഴും ഞാന്‍ ശരിയായിരുന്നെന്നോ എന്‍റെ പ്രവൃത്തികള്‍ ദൈവരാജ്യത്തിന് ഏറ്റവും ഉചിതമായിരുന്നെന്നോ പറയാനാവില്ല. പക്ഷെ, ഒന്നറിയാം, എന്‍റെ മനഃസാക്ഷിയുടെയും ദൈവഹിതമെന്ന് ഞാന്‍ കരുതിയിരുന്നവയുടെയും അടിസ്ഥാനത്തിലാണ് ഞാന്‍ പ്രവര്‍ത്തിച്ചത്.
ചിലപ്പോള്‍ അതൊരു സമരമായിരുന്നു. പക്ഷെ, ദൈവതിരുമുമ്പില്‍ പ്രാര്‍ത്ഥനയോടെയല്ലാതെ ഞാന്‍ ഒരു തീരുമാനങ്ങളും എടുത്തിരുന്നില്ല. അതെ, പ്രാര്‍ത്ഥനയായിരുന്നു എന്‍റെ ശക്തി. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയ്ക്കും ദൈവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്കും പുറമെ ഒരു മണിക്കൂറെങ്കിലും വ്യക്തിഗത പ്രാര്‍ത്ഥനയില്‍ ചിലവഴിക്കണമെന്ന് വളരെ മുന്‍പുതന്നെ ഞാന്‍ ഒരു തീരുമാനമെടുത്തിരുന്നു. ശക്തമായ വിശ്വാസമായിരുന്നു എന്‍റെ ശക്തിയും പരിചയുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
തുടര്‍ച്ചയായി അവിടുത്തെ സാന്നിധ്യത്തില്‍ ജീവിക്കുന്നിതിനുള്ള കൃപ എനിക്കു ലഭിച്ചു. പ്രതിസന്ധികളെ നേരിടാന്‍ അസാധാരണമായ കരുത്തും ധൈര്യവും നല്‍കി.
സത്യത്തില്‍ ഞാന്‍ നിങ്ങളില്‍ ഏറ്റവും താഴെയുള്ളവനാണെന്ന് വിശ്വസിക്കുന്നു. ഞാന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ട്. എന്‍റേതായ ചില സമീപനങ്ങള്‍ മൂലം നിങ്ങളില്‍ പലരും ഏറെ ബുദ്ധിമുട്ടിയിടുണ്ടാകും. ദൈവമേ, എന്നോടു പൊറുക്കേണമേ. നിങ്ങളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. വിവരണാതീതമായ ദൈവസ്‌നേഹത്തേക്കാള്‍ ഉപരിയായി എനിക്ക് ആശ്രയിക്കാന്‍ ഒന്നുമില്ല. എന്‍റെ എല്ലാ പാപങ്ങള്‍ക്കും കുറവുകള്‍ക്കുമപ്പുറം അവിടുന്ന് എന്നെ സ്‌നേഹിക്കുന്നു. എന്‍റെ പാപങ്ങള്‍ അവിടുന്ന് എനിക്കെതിരെ ഉയര്‍ത്തുകയില്ല.
നിങ്ങളില്‍ ഒരാളും നിങ്ങളുടെ ഇടയനും തലവനുമായിരുന്ന വര്‍ഷങ്ങളില്‍ എനിക്കു നല്‍കിയ സ്‌നേഹത്തിനും സഹകരണത്തിനും നന്ദിയര്‍പ്പിച്ച് ഞാന്‍ സന്തോഷപൂര്‍വ്വം നിങ്ങളോട് വിടപറയുന്നു. അവിടുന്ന് എന്നെ ഭരമേല്‍പ്പിച്ച ചുമതലകള്‍ നിങ്ങളുടെ സഹകരണത്തോടെ നിര്‍വഹിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. പലര്‍ക്കും അത് അപൂര്‍ണമാണെന്ന് തോന്നാം. എനിക്ക് അത്തരം ചിന്തകളില്ല. ഒരു ഘട്ടംവരെ ചെയ്യുന്നതിനുള്ള ജോലി ദൈവം എനിക്കുതന്നു. അത് മതിയായിയെന്ന് അവിടുത്തേക്ക് തോന്നിയപ്പോള്‍ അവിടുന്ന് എന്നെ വിളിച്ചു.
ഞാന്‍ എപ്പോഴും പറഞ്ഞിരുന്നതുപോലെ നമ്മള്‍ എന്തു ജോലി ചെയ്തു എന്നതല്ല കാര്യം. നമ്മള്‍ എന്തായിരിക്കുന്നു എന്നതാണ്. നിങ്ങളുടെ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ ഫലം നിങ്ങളുടെ അധ്വാനത്തിനല്ല, സ്‌നേഹത്തിനും സഹനത്തിനും ആനുപാതികമായിരിക്കും.
നമ്മള്‍ നമ്മുടെ ജോലിയല്ല, അവിടുത്തെ ജോലിയാണ് ചെയ്യുന്നത്. അവിടുന്ന് നമ്മിലൂടെ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നു. നമ്മുടെ കഴിവുകള്‍ അതിനായി പൂര്‍ണമായി സമര്‍പ്പിക്കുക മാത്രമാണ് ചെയ്യാനുള്ളത്. ഭൗതികമായ ഫലത്തെക്കുറിച്ച് ആശങ്കാകുലരാകേണ്ടതില്ല. അത് ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. യോഹന്നാനും ഏതാനും സ്ത്രീകളും ഒഴികെ ഏറ്റവുമടുത്ത ശിഷ്യന്‍മാരാല്‍പോലും പരിത്യജിക്കപ്പെട്ട് കുരിശില്‍ മരിച്ച യേശുവിനെപ്പോലെ നാമും എപ്പോഴും വിജയപാതയിലാണ്.
അങ്ങനൈയെങ്കില്‍ ഭൗതികമായ എന്തു നേട്ടമാണ് നമുക്ക് വേണ്ടത്?. ശിഷ്യര്‍ ഗുരുവിനേക്കാള്‍ വലിയവരല്ല. അതുകൊണ്ടു പ്രിയപ്പെട്ട സഹോദരങ്ങളെ സംതൃപ്തിയും സന്തോഷവും നിറഞ്ഞ മനസോടെയാണ് ഞാന്‍ വിടവാങ്ങുന്നത്.
അവിടുത്തെ മുമ്പാകെ ആത്മാര്‍ത്ഥതയുള്ളവനും സത്യസന്ധനുമായിരിക്കാന്‍ ഞാന്‍ പരിശ്രമിച്ചു. മാനുഷിക ബലഹീനതകള്‍ ചില തെറ്റുകള്‍ക്ക് ഇടയാക്കിയിട്ടുണ്ടാകാം. സര്‍വേശ്വരന്‍ എന്നോട് ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു. നിങ്ങളും സഭാ കൂട്ടായ്മയിലെ ഈ ജ്യേഷ്ഠസഹോദരനോട് കരുണകാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നമ്മുടെ ഐക്യമായിരുന്നു എന്‍റെ പ്രാഥമിക പരിഗണനകളില്‍ ഒന്ന്. രൂപതയായിരുന്നു എന്‍റെ വീട്. ഇവിടെ എല്ലാവരെയും എന്‍റെ സ്വന്തമായി കരുതി ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേിഹിച്ചു. എല്ലാവരും എന്‍റെ സഹോദരീസഹോദരന്‍മാരായിരുന്നു. മെത്രാന്‍ പദവിയില്‍ എത്തിയപ്പോള്‍ രൂപതയുമായുള്ള ആത്മബന്ധം കൂടുതല്‍ ശക്തമായി.
നിങ്ങളില്‍ ഓരൊരുത്തരെയും സ്‌നേഹിക്കാനും അജപാലന ദൗത്യത്തില്‍ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും സാധിച്ചു. ചിലര്‍ക്കെങ്കിലും ഞാന്‍ പരുക്കനായ ഒരു മനുഷ്യനാണെന്ന് തോന്നിയിട്ടുണ്ടാകാം. പക്ഷെ, എല്ലായ്‌പോഴും നിങ്ങളുടെയും സഭയുടെയും നല്ലതിനുവേണ്ടി സതുദ്ദേശത്തോടുകൂടി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു.
എല്ലാ വൈദികരും എന്‍റെ പ്രിയപ്പെട്ട സഹോദരന്‍മാരാണ്. ഒരിക്കലും നിങ്ങളോട് ഉള്ളില്‍ അകല്‍ച്ച തോന്നിയിട്ടില്ല. നമ്മുടെ വൈദിക കൂട്ടായ്മയില്‍ എല്ലാവരുടെയും ഉള്ളില്‍ ഇതേ വികാരമായിരിക്കണം എന്ന് ആഗ്രഹിക്കുന്നു.
സാമ്പത്തിക കാര്യങ്ങളില്‍ പരിപൂര്‍ണമായും സത്യസന്ധനായിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരോ പൈസയും നമ്മുടെ സഭയ്ക്കുവേണ്ടി മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്. എന്‍റെ സ്വന്തം പണം പോലും പൊതു ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. എന്‍റെ പേരില്‍ ഒന്നോ രണ്ടോ ബാങ്ക് അക്കൗണ്ടുകളുണ്ട്. എന്‍റെ വില്‍പത്രത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഈ അക്കൗണ്ടുകളിലെ തുക രൂപതയുടെ അക്കൗണ്ടുകളിലേക്ക് മാറ്റണം.
ബന്ധുജനങ്ങളുമായി എനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. ഒന്നിലും ആര്‍ക്കും അവകാശങ്ങളുമില്ല. എന്‍റെ ഏക വീട് രൂപതമാത്രമാണ്. രൂപതയ്ക്കു മാത്രമാണ് എന്‍റെമേലും എനിക്ക് സ്വന്തമായുള്ളവയുടെ മേലും അവകാശമുള്ളത്.
എന്‍റെ പിതാവ് നല്‍കിയ സ്വാതന്ത്ര്യത്തില്‍ ഒരു സ്വതന്ത്ര മനുഷ്യനായാണ് ഞാന്‍ പോകുന്നത്.
പ്രിയ സഹോദരരെ, പൗരോഹിത്യ വഴിയില്‍ ശക്തരായി മുന്നോട്ടു പോകുന്നതിനും ദൈവരാജ്യത്തിന് അനുയോജ്യമായ ഉപകരണങ്ങളായി തുടരുന്നതിനും പ്രാര്‍ത്ഥനയുടെ മനുഷ്യരായിരിക്കുവാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ കാര്യങ്ങളിലും ആത്മാര്‍ത്ഥതയുള്ളവരും സത്യസന്ധരുമായിരിക്കുവിന്‍.
എന്റെ വീഴ്ച്ചകളും പാപങ്ങളും ദൈവം പൊറുക്കേണ്ടതിനായി നിങ്ങളുടെ പ്രാര്‍ത്ഥനകളും അപേക്ഷിച്ചുകൊണ്ട്. എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ബിഷപ് ജോസഫ് പതാലില്‍.