ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവച്ചേക്കും എന്ന അഭ്യൂഹം ഇന്ന് പരക്കെയുണ്ട്. കത്തോലിക്കാസഭയ്ക്കുളളിലെ അടക്കംപറച്ചിലുകള്‍ കൂടാതെ സെക്കുലര്‍ ലോകത്തിലും ഇത്തരം സംസാരങ്ങളുണ്ട്,. മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയും കാല്‍മുട്ടുവേദനയും വീല്‍ചെയര്‍ സഞ്ചാരവും സൗത്ത് സുഡാന്‍ പര്യടനം റദ്ദാക്കിയതുമെല്ലാം ഇങ്ങനെയുള്ള അഭ്യൂഹങ്ങള്‍ക്ക് വളമേകുന്ന വിധത്തിലായിരുന്നു.
അതുകൊണ്ട് തന്നെ മാര്‍പാപ്പ തന്റെ മുന്‍ഗാമിയായ പോപ്പ് ബെനഡിക്ട് പതിനാറാമനെ പോലെ രാജിവയ്ക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായി. പക്ഷേ മാര്‍പാപ്പ ഇതിനോടൊന്നും ഇതുവരെയും പ്രതികരിച്ചിട്ടില്ലായിരുന്നു. പക്ഷേ ജൂണ്‍ 20 ന് ബ്രസീലിലെ മെത്രാന്മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എല്ലാവിധത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് മാര്‍പാപ്പ പറഞ്ഞത് ഇതാണ്.
ദൈവം അനുവദിക്കുന്നതുവരെ മു്‌ന്നോട്ടുപോകും.
കാല്‍മുട്ടുവേദന കാരണം പാപ്പ രാജിവയ്ക്കും എന്ന ഗോസിപ്പുകളോട് പരിശുദ്ധ സിംഹാസനത്തിന്റെ കൊളംബിയന്‍ അംബാസിഡര്‍ പ്രതികരിച്ച രീതിയും ശ്രദ്ധേയം. ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ അല്ല ഇടയനാണ് എന്നായിരുന്നു അ്‌ദ്ദേഹത്തിന്റെ പ്രതികരണം.