ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരചിതമായ ഗ്രന്ഥമാണ് ബൈബിളെങ്കിലും അതില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ എല്ലാം ഇന്നത്തെ കാലത്തും ഏറെ പ്രയോജനപ്രദമാണ്. ജീവിതത്തില്‍ പലഘട്ടങ്ങളിലും മുന്നോട്ടുപോകാന്‍ കഴിയാതെ നില്ക്കുന്ന അവസരങ്ങളില്‍ നമുക്ക് ഈ തിരുവചനങ്ങള്‍ നല്കുന്ന ഊര്‍ജ്ജം തെല്ലും നിസ്സാരമൊന്നുമല്ല. മുന്നോട്ടുകുതിക്കാനും മനസ്സിലെ നിരാശത തുടച്ചുനീക്കാനും പ്രത്യാശയോടെ ജീവിതത്തെ കാണാനും എല്ലാം തിരുവചനം നമുക്ക് ശക്തിയും പ്രേരണയും നല്കുന്നുണ്ട്. യുവജനങ്ങളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഒരു ഘട്ടമാണ് ജോലി അന്വേഷണത്തിന്റേത്. ആപ്ലിക്കേഷനുകള്‍ അയച്ചും ഇന്റര്‍വ്യൂവില്‍ പങ്കെടുത്തും ഒരിടത്തുനിന്നും പ്രത്യാശഭരിതമായ സൂചനകള്‍ ഒന്നും ലഭിക്കാതെവരുന്ന സാഹചര്യത്തില്‍ ആത്മീയമായി അടിത്തറയില്ലാത്തവര്‍ പലരും അമ്പേ നിരാശപ്പെട്ടുപോകും. ഇത്തരക്കാരാണ് ഈ തിരുവചനങ്ങള്‍ ഉറക്കെ വായിച്ച് നിരാശയില്‍ നിന്ന് ഉയിര്‍ത്തെണീല്‌ക്കേണ്ടതും അനുഗ്രഹത്തിനായി പ്രത്യാശയോടെ കാത്തിരിക്കേണ്ടതും.
ഇതാ അതില്‍ ചില തിരുവചനങ്ങള്‍
1. ഞാന്‍ ന ിങ്ങളോട് പറയുന്നു ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും. അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍ നിങ്ങള്‍ക്ക് തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവന് തുറന്നുകിട്ടുകയും ചെയ്യുന്നു.( ലൂക്കാ 11; 9,10)
2. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും തന്നെ ചോദിച്ചിട്ടില്ല, ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാവുകയും ചെയ്യും.( യോഹ 16:24)
3. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് നന്മ ചെയ്യുക. അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം. കര്‍ത്താവിന്‍ ആനന്ദിക്കുക. അവിടുന്ന് നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. നിന്റെ ജീവിതം കര്‍ത്താവിന് ഭരമേല്പിക്കുക. കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക, അവിടുന്ന് നോക്കിക്കൊള്ളും. അവിടുന്ന് പ്രകാശം പോലെ നിനക്ക് നീതി നടത്തിത്തരും. മധ്യാഹ്നം പോലെ നിന്റെ അവകാശവും.
( സങ്കീ 37:3-6)
ഈ തിരുവചനങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലുക. ഹൃദിസ്ഥമാക്കുക. ഈ വചനങ്ങള്‍ ചൊല്ലി വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം അത്ഭുതകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്.