കോട്ടയം: പൗരോഹിത്യ പഠനത്തിലും പരിശീലനത്തിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സെമിനാരിയുടെ ഡയമണ്ട് ജൂബിലി സമാപനവും പൗരസ്ത്യ വിദ്യാപീഠത്തിന്റെ റൂബി ജൂബിലി സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍.
ആത്മീയവും സാമൂഹികവും ബൗദ്ധികവുമായ എല്ലാതലങ്ങളിലും സഭയ്ക്ക് ഉത്തേജനം നല്കാന്‍ സെമിനാരിക്ക് കഴിഞ്ഞിട്ടുണ്ട്. വൈദികര്‍ക്ക് മാത്രമല്ല അല്മായര്‍ക്കും വിവിധ സന്യസ്ത സമൂഹങ്ങള്‍ക്കും ദൈവശാസ്ത്രപരമായ പഠനത്തിന് ഈ സ്ഥാപനം പ്രാമുഖ്യം നല്കിവരുന്നു. സഭയുടെ പ്രേഷിതാഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനും സ്വത്വബോധം ഉജ്ജ്വലിപ്പിക്കുന്നതിനും വിദ്യാപീഠം വലിയ സംഭാവനകള്‍ നല്കി. കര്‍ദിനാള്‍ പറഞ്ഞു.
ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബിഷപ് ഡോ,ജോസഫ് കരിയില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ ബാവ എ്ന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.