വത്തിക്കാന്‍ സിറ്റി: പോപ്പ് ജോണ്‍പോള്‍ ഒന്നാമനെ സെപ്തംബര്‍ നാലിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. സെന്റ് പീറ്റേഴ്‌സ് സ്ക്വയറില്‍ അന്നേ ദിവസം നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കിടയിലായിരിക്കും ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. ഈ ചടങ്ങിന് മുന്നോടിയായി സെപ്തംബര്‍ മൂന്നിന് സെന്റ് ജോണ്‍ ലാറ്ററിന്‍ ബസിലിക്കയില്‍ നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് കര്‍ദിനാള്‍ ആഞ്ചെലോ ദെ ഡൊണാറ്റിസ് നേതൃത്വം നല്കും.
സഭയുടെ ആധുനികചരിത്രത്തില്‍ ഏറ്റവും കുറച്ചുകാലം മാത്രം മാര്‍പാപ്പ പദവി അലങ്കരിച്ച വ്യക്തിയാണ് ജോണ്‍പോള്‍ ഒന്നാമന്‍,. വെറും 33 ദിവസം മാത്രം. 1978 സെപ്തംബര്‍ 28 നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത ദേഹവിയോഗം.
രണ്ടുപേരുകള്‍ ചേര്‍ത്തുപുതിയ പേര് സ്വീകരിച്ച ആദ്യത്തെ മാര്‍പാപ്പ കൂടിയാണ് അദ്ദേഹം. തന്റെ മുന്‍ഗാമികളായ ജോണ്‍ഇരുപത്തിമൂന്നാമനോടും പോള്‍ ആറാമനോടുമുള്ള ബഹുമാനസൂചകമായിട്ടാണ് അല്‍ബിനോ ലൂസിയാനിയായിരുന്ന അദ്ദേഹം ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയായത്.