മരിയഭക്തരാണ് നാം എല്ലാവരും. മാതാവിനോട് ദിവസം ഒരു തവണയെങ്കിലും പ്രാര്‍ത്ഥിക്കുന്നവര്‍.. മാതാവേ എന്ന് ദിവസം ഒരു തവണ വിളിക്കാത്തവരായി ആരുംതന്നെയുണ്ടെന്ന് തോന്നുന്നില്ല. മാതാവിന്റെ അദൃശ്യസാന്നിധ്യം നാം ഓരോരുത്തരിലുമുണ്ട്. മാതാവിനോടുള്ള ഭക്തിയില്‍ വളരുമ്പോള്‍ ദൈവം നമുക്ക് തരുന്ന അനുഗ്രഹങ്ങളെക്കുറിച്ച് പല വിശുദ്ധരും രേഖപ്പെടുത്തിയിട്ടുണ്ട്.
വിശുദ്ധ ബര്‍ണാദ് പറയുന്നത് ഇപ്രകാരമാണ്.’മറിയം താങ്ങുമ്പോള്‍ നീ വീഴുകയില്ല. അവള്‍സംരക്ഷിക്കുമ്പോള്‍ നീഭയപ്പെടേണ്ടതുമില്ല.അവള്‍ നയിക്കുമ്പോള്‍ നീ ക്ഷീണിക്കുകയില്ല. അവള്‍ അനുകൂലയായിരിക്കുമ്പോള്‍ നീ നിത്യസൗഭാഗ്യത്തിന്റെ തുറമുഖത്ത് ചെന്നെത്തും.’
തന്റെ ഭക്തര്‍ക്ക് ദൈവത്തോടുള്ള വിശ്വസ്തതയും പുണ്യസ്ഥിരതയും സമ്പാദിച്ചുകൊടുക്കുന്നവളാണ് മറിയം.ലോകമാകുന്ന സമുദ്രത്തിലെ കോളിളക്കങ്ങളില്‍പെട്ട് തന്റെ ഭക്തര്‍ നശിക്കാതിരിക്കാന്‍ അവള്‍ നമ്മെ മുറുകെപിടിക്കുന്നു. വിശുദ്ധരെ പോലും മറിയം പൊതിഞ്ഞുസംരക്ഷിക്കുന്നുണ്ട്.
വിശുദ്ധ ബൊനവെഞ്ചര്‍ പറയുന്നതനുസരിച്ച്, പരിശുദ്ധ അമ്മ വിശുദ്ധിയുടെ പൂര്‍ണ്ണതയില്‍ വിശുദ്ധരെ സൂക്ഷിക്കുക മാത്രമല്ല വിശുദ്ധര്‍ പുണ്യപൂര്‍ണ്ണതയില്‍ നിന്ന് വീണുപോകാതിരിക്കാന്‍ അവരെ അതിന്റെ സമൃദ്ധിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നുവെന്നാണ്.
അതുകൊണ്ട് നമുക്ക് മരിയഭക്തിയില്‍ വളരാം.മരിയഭക്തിയുടെ പ്രചാരകരാകാം. മറിയത്തോടുള്ള ഭക്തിയില്ലാതെ ജീവിക്കുന്നവരെ സ്വന്തം ജീവിതത്തിലൂടെ മാതാവിലേക്ക് അടുപ്പിക്കുകയും ചെയ്യാം.