ഐക്യ ആഹ്വാനവുമായി സ്ഥിരം സിനഡ്
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങളെയും സംഭവവികാസങ്ങളെയും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ചൈതന്യത്തിൽ എല്ലാവരും സ്വീകരിക്കണമെന്നും സഭയുടെ ഐക്യത്തിനും അച്ചടക്കത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും സീറോ മലബാർ സഭയുടെ സ്ഥിരം സിനഡിലെ അഭിവന്ദ്യ പിതാക്കന്മാർ ഒരേ സ്വരത്തിൽ ആഹ്വാനം ചെയ്തു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന സ്ഥിരം സിനഡിന്റെ സമ്മേളനത്തിനു ശേഷം നല്കിയ പത്രക്കുറിപ്പിലാണ് അഭിവന്ദ്യ പിതാക്കന്മാർ ഐക്യത്തിന്റെ ആഹ്വാനം നല്കിയത്.
മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനോടൊപ്പം സ്ഥിരം സിനഡ് അംഗങ്ങളായ തൃശൂർ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, കോട്ടയം ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, തലശേരി ആർച്ചുബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട്, പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
ആഗസ്റ്റ് മാസത്തിൽ നടക്കുന്ന സീറോ മലബാർ മെത്രാന്മാരുടെ സിനഡ് വരെയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ കാര്യങ്ങളിൽ മേജർ ആർച്ചുബിഷപ്പിനെ സഹായിക്കുന്നതിന് പരിശുദ്ധ സിംഹാസനം സ്ഥിരം സിനഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച്, മാർപ്പാപ്പയുടെ തീരുമാനങ്ങൾ നടപ്പിലാക്കിയതിനു ശേഷമുള്ള അതിരൂപതയിലെ സ്ഥിതിഗതികൾ യോഗം വിശകലനം ചെയ്തു.
2019 ജനുവരിയിൽ നടന്ന സിനഡിന്റെ സമാപനത്തിൽ നല്കിയ സർക്കുലറിൽ പറഞ്ഞിരിക്കുന്ന അച്ചടക്ക നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വിഭാഗീയത വളർത്തുന്ന നടപടികളിൽ നിന്ന് എല്ലാ അതിരൂപതാംഗങ്ങളും വിട്ടുനിൽക്കണമെന്നും പരസ്യപ്രസ്താവനകളും ഇടപെടലുകളും സഭയുടെ അച്ചടക്കത്തിന്റെ ചൈതന്യത്തിൽ ഒഴിവാക്കണമെന്നും പിതാക്കന്മാർ ആവശ്യപ്പെട്ടു. ആഗസ്റ്റ് മാസം നടക്കുന്ന മെത്രാൻ സിനഡുമായി ബന്ധപ്പെട്ട വിഷയങ്ങളും സ്ഥിരം സിനഡ് ചർച്ച ചെയ്തു.
റോമിൽ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ കാര്യങ്ങളിൽ മേജർ ആർച്ചുബിഷപ്പിനെ സഹായിക്കുന്നതിനു വേണ്ടി ജൂലൈ 5ന് ചേർന്ന സ്ഥിരം സിനഡ് സമ്മേളനത്തിലും എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. എറണാകുളം-അങ്കമാലി അതിരൂപതയുടെ കൂരിയ അംഗങ്ങളായ പ്രോട്ടോ സിഞ്ചെല്ലൂസ്, ചാൻസലർ, വൈസ് ചാൻസലർ, ഫിനാൻസ് ഓഫീസർ എന്നിവരുമായി സ്ഥിരം സിനഡ് അംഗങ്ങൾ ചർച്ച നടത്തുകയും സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള അതിരൂപതയിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഈ സമ്മേളനത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ മാസ കണക്കുകൾ സ്ഥിരം സിനഡ് പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്തു.
മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അന്നത്തെ യോഗത്തിൽ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട്, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തിരുന്നു.