പാലാ: കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുളള സിനഡല്‍ കമ്മീഷനും പാലാ രൂപത ജാഗ്രതാസമിതിയും സംയുക്തമായി നടത്തുന്ന ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ സെമിനാര്‍ ഇന്ന് പാലായില്‍ നടക്കും. ളാലം പഴയപളളിയില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സെമിനാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
1600 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും. ഓരോ ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചോ അതിലധികമോ ആളുകള്‍ പങ്കെടുക്കും രൂപത, ഫൊറോന, ഇടവകതലങ്ങളില്‍ ദ്രുതകര്‍മ്മ സേനയും രൂപീകരിക്കും. പാലാ രൂപതയില്‍ ആരംഭം കുറിക്കുന്ന കര്‍മ്മപദ്ധതികള്‍ സീറോ മലബാര്‍ സഭ ഒന്നാകെ നടപ്പിലാക്കും.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപരത്തിനെതിരെ ശക്തമായ കര്‍മ്മപദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന് വിശേഷിപ്പിച്ചുകൊണ്ട്, യുവജനങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്ന ലഹരിമരുന്നുകളെക്കുറിച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം വിവാദമായിരുന്നു. പക്ഷേ ആ പ്രസ്താവനയെ ശരിവച്ചുകൊണ്ട് ദിവസവും എണ്ണമറ്റ ലഹരിമരുന്നു വേട്ടകളുടെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.