ദീര്‍ഘായുസ് ദൈവത്തിന്റെ പ്രത്യേകദാനമായിട്ടാണ് നാം മനസ്സിലാക്കുന്നത്. പഴയനിയമത്തിലെ പ്രമുഖരായ കഥാപാത്രങ്ങളുടെ ആയുസുദീര്‍ഘായുസായിരുന്നു. അബ്രാഹവും നോഹയുമെല്ലാം അതില്‍ പെടുന്നുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്നതും ദീര്‍ഘായുസാണ്.
നൂറു വയസായ ഒരു വ്യക്തിയോട് ചോദിച്ചാല്‍ അദ്ദേഹവും പറയും ഒരു നൂറുവയസുകൂടി ജീവിച്ചിരിക്കാനാണ് ആഗ്രഹമെന്ന്. എന്നാല്‍ ഇത്രയും സുദീര്‍ഘമായ ജീവിതകാലം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഉത്തരം പറയാന്‍ കഴിയുകയില്ല. എല്ലാവരും അവനവര്‍ക്കുവേണ്ടി ജീവിക്കുകയാണ്.
സുഖഭോഗങ്ങളില്‍ മുഴുകി ജീവിക്കുകയാണ്. അതിന് പകരം ജീവിതകാലത്ത് വിശുദ്ധിയില്‍ വളരാനോ പുണ്യങ്ങള്‍ ചെയ്യാനോ ആരും ശ്രമിക്കുന്നില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് വിശുദ്ധ തോമസ് അക്വെമ്പിസിന്റെവാക്കുകളുടെ പ്രസക്തി. വിശുദ്ധന്‍ പറയുന്നത് ദീര്‍ഘായുസ് എല്ലായ്‌പ്പോഴും ജീവിതത്തെ നന്നാക്കുന്നില്ലെന്നാണ്.
പലപ്പോഴും അത് പാപം ചെയ്യാന്‍ കാരണമാകുകയും ചെയ്യുന്നു. ദീര്‍ഘായുസുകൊണ്ട് ഒരു ദിവസമെങ്കിലും ഈ ലോകത്തില്‍കൂടുതല്‍ നന്നായി ജീവിക്കാന്‍ സാധിച്ചാല്‍ അതു നല്ല കാര്യമായിരുന്നു. പക്ഷേ പലരുടെയും ജീവിതത്തില്‍ അതു സംഭവിക്കുന്നില്ല.
അതുകൊണ്ടാണ് വിശുദ്ധന്‍ ചോദിക്കുന്നത് ജീവിതം നന്നാക്കാന്‍ ഒന്നുംചെയ്യുന്നില്ലെങ്കില്‍ നീണാള്‍ നാം ജീവിച്ചിരുന്നിട്ട് എന്തുപ്രയോജനം?
എത്ര വര്‍ഷം ജീവിച്ചിരുന്നാലും ആ ആയുസുകൊണ്ട് മറ്റുളളവര്‍ക്ക് കഴിയുന്നത്ര നന്മ ചെയ്തും ജീവിതവിശുദ്ധിയിലും ജീവിക്കാന്‍ നമുക്ക്ശ്രമിക്കാം.