Monday, October 14, 2024
spot_img
More

    മാതൃ ഭക്തരാൽ നിറഞ്ഞു കവിഞ്ഞു വാൽസിംഗ്ഹാം; മൂന്നാമത് ഗ്രേറ്റ് ബ്രിട്ടൺ തീർത്ഥാടനം മരിയൻ പ്രഘോഷണമായി

    വാല്‍ത്സിങ്ങാം: നിറഞ്ഞു കവിഞ്ഞ മാതൃ ഭക്തരാലും, അവിരാമം ആലപിച്ച മാതൃ ഭക്തി സ്തോത്രങ്ങളാലും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് വാല്‍ത്സിങ്ങാം മരിയൻ തീർത്ഥാടനം അവിസ്മരണീയ മരിയപ്രഘോഷണോത്സവമായി. അഖണ്ഡ ജപമാല സമർപ്പണവും, ഭംഗിയായും ചിട്ടയായും അണിനിരന്ന തീർത്ഥാടകരും  ആരാധനാസ്തുതിഗീതങ്ങളും , മരിയഭക്തി സ്ഫുരിക്കുന്ന പ്രഘോഷണങ്ങളും, ആത്മീയ അനുഭവത്തിന്റെ  നവ്യാനുഭവം പകർന്ന തീർത്ഥാടന തിരുന്നാൾ ദിവ്യബലിയിയും, മാതൃസ്നേഹം വിളിച്ചോതിയ തിരുന്നാൾ സന്ദേശവും തീർത്ഥാടകർക്ക് മറക്കാനാവാത്ത ദൈവാനുഭവം സമ്മാനിച്ചു.

    ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധഭാഗങ്ങളിൽനിന്നായി വൻ വിശ്വാസസമൂഹമാണ് ഇത്തവണത്തെ വാൽസിംഗ്ഹാം തിരുനാളിനെത്തിച്ചേർന്നത്.

    പ്രവാസ ജീവിത യാത്രയിൽ സ്നേഹമയിയും സംരക്ഷകയുമായ ദൈവമാതാവിനെ ഹൃദയത്തിൽ ആഴമായി ചേർത്തു നിറുത്തുവാനുള്ള അതിയായ ആഗ്രഹം വിളിച്ചോതിയ തീർത്ഥാടനത്തിനു ഫാ. ജോസ് അന്ത്യാകുളം, ഫാ. ടോമി എടാട്ട്, ജോസഫ് എന്നിവർ നടത്തിയ ആരാധനാ-പ്രാർത്ഥനാ ശുശ്രുഷയോടെ ഭക്തി നിർഭരമായ തുടക്കമായി. 

    തുടർന്ന് . ഫാ.തോമസ് അറത്തിൽ MST നടത്തിയ മാതൃ വിശ്വാസപ്രഘോഷണം വാൽസിംഗാമിൽ തടിച്ചുകൂടിയ മാതൃഭക്തരിലേക്കു പരി. അമ്മയുടെ സാന്നിധ്യം കൊണ്ടുവന്നു. കുടുംബ ജീവിതത്തിന്റെ ഏറ്റവും വിഷമഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോയ പരിശുദ്ധ അമ്മയെപ്പോലെ മറ്റൊരു കുടുംബ നാഥയും ഈ ലോകത്തിലുണ്ടായിട്ടില്ലന്ന് തോമസ് അച്ചൻ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. കൊടിയ അപമാനത്തിന്റെ ഘട്ടത്തിൽ തുടങ്ങി, ദാരിദ്രം, ഒളിച്ചോട്ടം, മകനെ നഷ്‌ടപ്പെട്ട അനുഭവം, അവസാനം കൺമുമ്പിൽ ക്രൂരമായി പീഡകളേറ്റു  മരക്കുരിശിൽ തൂക്കി കൊല്ലപ്പെടുന്ന മകൻ, സ്വന്തം മടിയിൽ മകന്റെ മൃതശരീരവുമായി ഇരിക്കേണ്ട അവസ്ഥ അങ്ങിനെ ഏറെ ത്യഗങ്ങളും സഹനങ്ങളും സന്തോഷത്തോടെ സ്വീകരിക്കുവാൻ തയ്യാറായ കുടുംബ നാഥയാണ് പരിശുദ്ധ അമ്മ. വേദനകളെയും വിഷമതകളെയും അടുത്തറിയുന്ന കരുണാമയിയായ അമ്മക്ക് മാത്രമേ നമ്മുടെ ഓരോ ചെറിയ വേദനയിലും, വിഷമത്തിലും സാന്ത്വനവും, മദ്ധ്യസ്ഥയുമാവാൻ കഴിയൂവെന്നും തോമസ് അച്ചൻ തന്റെ മരിയൻ സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു.

    കുട്ടികളുടെ അടിമസമർപ്പണപ്രാർത്ഥനയ്ക്കുശേഷം ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ തീർത്ഥാടകർക്കായി സ്വാദിഷ്ടമായ ചൂടൻ നാടൻ ഭക്ഷണ സ്റ്റാളുകൾ നിന്നുള്ള ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കിയിരുന്നു. 

    വാൽഷിങ്ങാമിനെ മാതൃ സ്തോത്ര മുഖരിതവും മരിയൻ പ്രഘോഷണവുമാക്കിയ തീർത്ഥാടന പ്രദക്ഷിണം തീർത്ഥാടനത്തിൽ മാതൃ ശോഭ പകർന്നു. ആവേ മരിയാ സ്തുതിപ്പുകളും, പരിശുദ്ധ ജപമാലയും, മരിയൻ സ്തുതിഗീതങ്ങളുമായി മാതാവിന്റെ രൂപവും വഹിച്ചു നീങ്ങിയ തീർത്ഥാടനത്തിന്റെ ഏറ്റവും പിന്നിലായി ആതിതേയരായ കോൾചെസ്റ്റർ   സീറോ മലബാർ കമ്മ്യുണിറ്റി അണി നിരന്നു. സ്വർണ്ണ കുരിശുകളും, മുത്തുക്കുടകളും, പേപ്പൽ പതാകകളും  കൊണ്ട് വർണ്ണാഭമായ തീർത്ഥാടന യാത്രയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  മാതൃ ഭക്തരുടെ മദ്ധ്യസ്ഥ പ്രാർത്ഥനകൾ കൂട്ടി ചേർത്ത ദിവ്യകാരുണ്യം എഴുന്നള്ളിച്ചു മാതൃ പേടകത്തിന്റെ മുന്നിലായി നടന്നു നീങ്ങി. തീർത്ഥാടനത്തിന്റെ ഒരറ്റം സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്നപ്പോഴും സ്ലിപ്പർ ചാപ്പലിൽ പരശതം വിശ്വാസികൾ ആരംഭസ്ഥലത്തുനിന്ന് നടന്നു തുടങ്ങിയിട്ടില്ലായിരുന്നു. ഉള്ളിൽ മാതൃസ്നേഹവും   ചുണ്ടിൽ മാതൃസ്‌തുതികളുമായി ആയിരക്കണക്കിന് മലയാളി മാതൃഭക്തരാണ് ഇത്തവണ വാത്സിങ്ങാമിനെ ആവേ മരിയാ സ്തോത്രങ്ങളിലൂടെ മുഖരിതമാക്കിയത്.

    ആഘോഷമായ തിരുന്നാൾ കുർബ്ബാനയിൽ സ്ലിപ്പർ ചാപ്പൽ റെക്ടർ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ആഘോഷമായ തീർത്ഥാടന തിരുന്നാൾ സമൂഹ ബലിയിൽ വികാരി ജനറാളുമാരായ മോൺ. ആൻ്റണി ചുണ്ടലിക്കാട്ട്, മോൺ. സജിമോൻ  മലയിൽപുത്തൻപ്പുരയിൽ, മോൺ. ജോർജ്ജ് ചേലക്കൽ, മോൺ. ജിനോ അരീക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലും യു  കെ യുടെ വിവിധ ഭാഗങ്ങളിലും ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികർ തുടങ്ങിയവർ  സഹകാർമികരായി. തീർത്ഥാടനത്തിൽ മുഖ്യ സംഘടകനായും ആഘോഷമായ തിരുന്നാൾ സമൂഹബലിയിൽ മുഖ്യ കാർമ്മികനായും നേതൃത്വം നൽകിയ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ  നൽകിയ തിരുന്നാൾ സന്ദേശവും അനുബന്ധ ശുശ്രുഷകളും തീർത്ഥാടകർക്ക് ആത്മീയ വിരുന്നായി.  

    ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ ഒരുക്കിയ ഗായകസംഘത്തിൻ്റെ ഗാനാലാപം വിശ്വാസികൾക്ക്‌ ദിവ്യബലിയിലും മറ്റു പ്രാർത്ഥനാശുശ്രുഷകളിലും സ്വർഗീയാനുഭവം സമ്മാനിച്ചു. ഇത്തവണത്തെ ഗാനശുശ്രുഷയിൽ കുട്ടികളുടെ ഗായകസംഘവും ഗാനങ്ങളാലപിച്ചു. തീർത്ഥാടനം വൻവിജയമാക്കാൻ മാസങ്ങളായി അത്യദ്ധ്വാനം ചെയ്ത ആതിധേയരായ കോൾചെസ്റ്റർ കമ്മ്യൂണിറ്റിക്കും ഡയറക്ടർ ഫാ. തോമസ് പാറക്കണ്ടത്തിലിനും അഭിനന്ദനങ്ങൾ അർപ്പിച്ചു. അടുത്ത വർഷത്തെ തിരുനാൾ ഏറ്റു നടത്തുന്ന ഹോവർഹിൽ സീറോ മലബാർ കമ്മ്യൂണിറ്റിയിലെ പ്രീസ്റ് ഇൻ ചാർജ് . ഫാ. തോമസ് പാറക്കണ്ടത്തിൽ, കമ്മ്യൂണിറ്റിയിലെ കുടുംബാങ്ങങ്ങൾ എന്നിവർക്ക്  കത്തിച്ച തിരികൾ നൽകി തിരുനാൾ ഏൽപ്പിക്കുകയും ആശീർവാദം നൽകുകയും ചെയ്തതോടുകൂടി ഈ വർഷത്തെ തിരുനാളിനു സമാപനമായി.

    അടുത്ത വർഷത്തെ തിരുനാൾ 2020 ജൂലൈ 18 ശനിയാഴ്ച നടക്കും.

    ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!