ക്രിസ്തുവിനോടു കൂടി ഉയിര്‍ക്കാന്‍ ക്രിസ്തുവിനോടുകൂടി മരിക്കണം എന്നതാണ് മരണത്തെക്കുറിച്ചുള്ള ക്രൈസ്തവവീക്ഷണം. നാം ശരീരത്തില്‍ നിന്ന് അകന്ന് കര്‍ത്താവിനോട് ചേരുന്നതാണ് മരണം എന്ന് 2 കോറി 5:8 പറയുന്നു.
മരണത്തെ നേട്ടമായിട്ടാണ് പൗലോസ് ശ്ലീഹ കാണുന്നത്. ക്രിസ്തു മഹത്വപ്പെടുന്നതിനുള്ള ഉപാധിയായും പൗലോസ് ശ്ലീഹാ മരണത്തെ ചിത്രീകരിക്കുന്നു. ദൈവത്തെ കാണാന്‍ വേണ്ടി മരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് വിശുദ്ധാത്മാക്കള്‍. അതിലൊരാള്‍ ആവിലായിലെ വിശുദ്ധ തെരേസയാണ്.
എനിക്കങ്ങയെ കാണണം. അതിനായി ഞാന്‍ മരിക്കാനാഗ്രഹിക്കുന്നുവെന്നായിരുന്നു ആവിലായിലെ തെരേസ പറഞ്ഞിരുന്നത്.
ലിസ്യൂവിലെ വിശുദ്ധ ത്രേസ്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ഞാന്‍ മരിക്കുകയല്ല, ജീവനിലേക്ക് പ്രവേശിക്കുകയാണ്.
മരണം മനുഷ്യന്റെ ഭൗമികതീര്‍ത്ഥാടനത്തിന്റെ അവസാനമാണ്. ദൈവികപദ്ധതിക്ക് അനുസൃതമായി തന്റെ ഭൗമികജീവിതം നയിക്കാനും തന്റെ പരമമായ ഭാഗധേയത്തെ നിശ്ചയിക്കാനുമായി ദൈവം നല്കുന്ന കൃപാവരത്തിന്റെയും കാരുണ്യത്തിന്റെയും സമയത്തിന്റെ അന്ത്യമാണ് മരണം എന്നാണ് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പറയുന്നത്.