വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അമ്പുകളാല്‍ ക്രൂരമായി മുറിവേല്പിക്കപ്പെട്ട സെബസ്ത്യാനോസ് പുണ്യാളന്റെ നാമത്തിലാണ് നാം അമ്പ് പെരുന്നാള്‍, കഴുന്ന് എഴുന്നെള്ളിപ്പ് തുടങ്ങിയവ നടത്തുന്നത്.
വിശുദ്ധനെ കൊല്ലാനുപയോഗിച്ച അമ്പിന്റെ മാതൃക ഉപയോഗിച്ചാണ് കഴുന്ന് എഴുന്നള്ളിപ്പ് നടത്തുന്നത്. ദൗര്‍ഭാഗ്യത്തെ അകറ്റി നിര്‍ത്തുവാനുള്ള മാര്‍ഗ്ഗമായി റോമാക്കാര്‍ ഉപയോഗിച്ചിരുന്ന ആണികളും അമ്പും തമ്മിലുള്ള സാദൃശ്യവും ഇതിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്. മറ്റൊന്ന് വസൂരി കൊണ്ടു ഉണ്ടാകുന്ന വ്രണങ്ങള്‍ക്ക് സദൃശ്യമായ വ്രണങ്ങളാണ് അമ്പെയ്ത്തില്‍ വിശുദ്ധന് ഏല്‍ക്കേണ്ടിവന്നത് എന്നതുകൊണ്ട് വസൂരിബാധയ്‌ക്കെതിരെയും നാം കഴുന്നെള്ളിപ്പ് നടത്താറുണ്ട്.
അമ്പ് വിശുദ്ധനെ വിശുദ്ധിയിലേക്ക് നയിച്ച ഉപകരണമായതിനാല്‍ അത്തരത്തില്‍ അവയെ മനസ്സിലാക്കുന്നതാവും കൂടുതല്‍ ഉചിതം. ഭക്ത്യാഭ്യാസങ്ങളെല്ലാം ദൈവാരാധനയിലേക്ക് മനുഷ്യരെ നയിക്കുന്നതായിരിക്കണം.