മരണം വലിയൊരു യാഥാര്‍ത്ഥ്യമാണ്. അല്ലെങ്കില്‍ ഈ ലോകത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യം അതാണ്. മാറ്റിവയ്ക്കാന്‍ കഴിയാത്തതും ഒഴിഞ്ഞുമാറാന്‍ ആവാത്തതുമായ യാഥാര്‍ത്ഥ്യം. ഏറെ പ്രിയപ്പെട്ടവര്‍ കണ്ണടച്ചുതുറക്കും മുമ്പ് ജീവിതത്തില്‍ നിന്ന് മാഞ്ഞുപോകുമ്പോഴുണ്ടാകുന്ന നടുക്കവും സങ്കടവും അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകുന്നവര്‍ക്കേ മനസ്സിലാവൂ. ആരാണ് കടന്നുപോകുന്നത് എന്നതിനെക്കാളേറെ ആ വ്യക്തി നമുക്കെത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്നതാണ് അത്തരമൊരു വേര്‍പാടിന്റെ ആഘാതം ആഴത്തിലുളളതാക്കുന്നത്.
അതെന്തായാലും മരിച്ചവര്‍ മരിച്ചുപോയി.ജീവിച്ചിരിക്കുന്നവര്‍ക്ക് ജീവിതം തുടരണം. ഇനിയുളള തുടര്‍ജീവിതത്തില്‍ പ്രത്യാശയോടെ മുന്നോട്ടുപോകണമെങ്കില്‍ ദൈവികമായ ആശ്വാസവും പ്രത്യാശയും നമ്മുക്കുണ്ടായിരിക്കണം.. അതിന് സത്യദൈവത്തിന്റെ സത്യവചനത്തെക്കാള്‍ വലുതായ മറ്റൊന്നുമില്ല.
അതുകൊണ്ട് പ്രിയപ്പെട്ടവരുടെ മരണത്തില്‍ വേദനിച്ചുകഴിയുന്നവര്‍ക്ക് ആശ്വസിക്കാനും നമ്മുടെ പരിചയക്കാരെ ഈ വചനം ന്‌ല്കി ആശ്വസിപ്പിക്കാനും നമുക്ക് ശ്രമിക്കാം.
കുഞ്ഞേ ധൈര്യമായിരിക്കുക. സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവ് നിന്റെ ദു:ഖമകറ്റി സന്തോഷമേകും.ധൈര്യമവലംബിക്കൂ( തോബിത്ത് 7:17)
ദു:ഖമകറ്റി ആത്മാവിനെ സന്തോഷിപ്പിക്കുകയും ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യുക( പ്രഭാ30:23)
യേശു അവളോട് പറഞ്ഞു ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.(യോഹ 11:25)