ആഡംബരപൂര്‍ണ്ണമായ ജീവിതശൈലി ഇന്ന് നമ്മുടെ ശവസംസ്‌കാരകര്‍മ്മങ്ങളില്‍ പോലും കടന്നുകൂടിയിട്ടുണ്ട്.ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞുനോക്കാത്ത ബന്ധുക്കള്‍, മരിച്ചുകഴിയുമ്പോള്‍ സംസ്‌കാരച്ചടങ്ങുകള്‍ ആഘോഷമായി കൊണ്ടാടുന്ന പ്രവണത ഇന്ന് പരക്കെ വ്യാപകമാണ്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് യുഗാന്ത്യവും ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും എന്ന പുസ്തകത്തില്‍ മരണമടഞ്ഞവര്‍ നമ്മളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയ കാര്യങ്ങള്‍ പ്രസക്തമാകുന്നത്. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍:
മരിച്ചവര്‍ നമ്മോട് പറയുന്ന മറ്റൊരു കാര്യമുണ്ട്. നിങ്ങള്‍ ഞങ്ങളുടെ ആഗ്രഹങ്ങളെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞങ്ങളുടെ വേദനകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന ഞങ്ങളുടെ ആവശ്യവും നിങ്ങള്‍ക്കറിയില്ല.നിങ്ങള്‍ ആഡംബരപൂര്‍ണ്ണമായ ഒരു മൃതസംസ്‌കാരം നല്കി കഴിഞ്ഞപ്പോള്‍ നിങ്ങളുടെ ദു;ഖവും സ്‌നേഹവുംപ്രകടിപ്പിച്ചെന്ന് നിങ്ങള്‍ കരുതുന്നു.ഞങ്ങളുടെ അവസാനവാസസ്ഥലങ്ങളില്‍ നിങ്ങള്‍ സ്മാരകങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു.
ഇത് ഞങ്ങളുടെ ഓര്‍മ്മ നിലനിര്‍ത്താനാണോ അതോ നിങ്ങളുടെ അഹങ്കാരത്തെ തൃപ്തിപ്പെടുത്താനാണോ ചെയ്തത്? ഈ ആഡംബരത്തിന്റെയും പൊങ്ങച്ചംകാട്ടലിന്റെയും ഉദ്ദേശ്യം എന്തായിരുന്നു.വേണ്ടിവന്നാല്‍ ആ മുസോളിയങ്ങളും സ്മാരകങ്ങളും ശിലകളും തകര്‍ത്തുകളഞ്ഞ് അവയുടെകല്ലുകള്‍ വിറ്റുകിടുന്ന തുക ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായും കഷ്ടത സഹിക്കുന്നവര്‍ക്കായും വിതരണം ചെയ്യുകയാണ് നല്ലത്.
ഇതാണ് മരണമടഞ്ഞവര്‍ നമ്മളില്‍നിന്ന് ആവശ്യപ്പെടുന്നത്. നാം അവരെ ശ്രവിക്കുകയാണെങ്കില്‍ സത്യമായും നമ്മുടെ ഉപവിപ്രവൃത്തികള്‍ വഴി നാം അനുഗ്രഹീതരാകും. മരിച്ചവര്‍ നന്ദിയില്ലാത്തവരല്ല. ഒരു ദിവസം നിങ്ങളുടെ ഉത്സാഹംകൊണ്ട് അവര്‍ പീഡനങ്ങളില്‍ നിന്ന് രക്ഷ നേടിക്കഴിയുമ്പോള്‍ അവരുടെ ശക്തമായ മാധ്യസ്ഥം കൊണ്ട് അവര്‍ തിരിച്ച് നമ്മെ സഹായിക്കും. അവര്‍ ഒരു ഘോഷയാത്രയിലെന്നപോല്‍ നാം പിതൃഭവനത്തിലേക്ക് പറന്നെത്തുമ്പോള്‍ ഗാനങ്ങളാലപിച്ചും നന്ദിയുടെ കീര്‍ത്തനങ്ങള്‍ പാടിയും അനന്തമായ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് നമ്മുടെ പ്രയത്‌നങ്ങള്‍ക്ക് പ്രതിഫലവും മഹത്വവും നല്കും.