ധാക്ക: രോഹിന്‍ഗയ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ ക്രൈസ്തവമതനേതാക്കള്‍ ക്രിസ്തുസ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ജീവിക്കുന്ന വര്‍ത്തമാനകാലസാക്ഷ്യമായി. മാനില ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയും യാങ്കൂണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ചാള്‍സ് മൗഗ് ബോയുമാണ് ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ലയിലെ അഭയാര്‍ത്ഥിക്യാമ്പിലെത്തിയത്.
30 അഭയാര്‍ത്ഥിക്യാമ്പുകളിലായി ഒരു മില്യന്‍ ആളുകളാണ് ഇവിടെ താമസിക്കുന്നത്. 2016 ലും 2017 ലും നടന്ന മിലിട്ടറി ആക്രമണത്തെതുടര്‍ന്നാണ് ഇവര്‍ക്ക് പലായനം ചെയ്യേണ്ടിവന്നത്.
ക്രൈസ്തവ മതനേതാക്കളുടെ സന്ദര്‍ശനം അഭയാര്‍ത്ഥികള്‍ക്ക് ഏറെ സന്തോഷവും സമാധാനവും പ്രദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കര്‍ദിനാള്‍ ടാഗ്ലെയുടെ രണ്ടാമത് അഭയാര്‍ത്ഥിസന്ദര്‍ശനമായിരുന്നു ഇത്. കഴിഞ്ഞ ഡിസംബറില്‍ ആണ് ഇദ്ദേഹം ആദ്യമായി ഇവിടം സന്ദര്‍ശിച്ചത്. കര്‍ദിനാള്‍ ബോയുടെ ആദ്യ സന്ദര്‍ശനമാണിത്.
ബംഗ്ലാദേശ് കര്‍ദിനാള്‍ പാട്രിക് ഡി റൊസോരിയോയും ആര്‍ച്ച് ബിഷപ് മോസസ് എം കോസ്റ്റ, ബിഷപ് ഗര്‍വാസ് റൊസാരിയോ എന്നിവരും ക്യാമ്പിലെത്തിയവരില്‍ ഉള്‍പ്പെടുന്നു. നിരവധി അഭയാര്‍ത്ഥികളുമായി കര്‍ദിനാള്‍മാര്‍ സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുകയും ചെയ്തു. സമാശ്വാസത്തിന്റെയും സഹായത്തിന്റെയും വാക്കുകള്‍ നല്കിയാണ് അവര്‍ രണ്ടുദിവസത്തെ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങിയത്.