ഈശോയുടെ അവസാന പെസഹാ ദിനത്തിലേക്ക്, മണ്ണിൽ നിന്നുള്ള അവന്റെ കടന്നുപോകലിന്റെ ഏറ്റവും തീവ്രമായ അനുസ്മരണത്തിലേക്ക് പ്രാർത്ഥനാപൂർവ്വം ചേരുന്ന ദിവസമാണ് നമുക്ക് പെസഹാ വ്യാഴം. അന്നുവരെ ഈശോയും അവന്റെ ശിഷ്യന്മാരും ആഘോഷിച്ച പെസഹായെല്ലാം ഇസ്രായേൽ ജനതയുടെ ഈജിപ്തിൽ നിന്നുള്ള കടന്നുപോകലിനെ അനുസ്മരിച്ചിരുന്നതായിരുന്നു.
എന്നാൽ, ഈ രാത്രിയിൽ ഈ പെസഹാദിനം ഈശോ ശരിക്കും കടന്നുപോകുന്നത് തന്നെയായിരുന്നു അർഥമാക്കിയത്. മണ്ണിലെ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളെ ഏറ്റവും വിശുദ്ധമാക്കാനും പെസഹായ്ക്ക് പുതിയ അർത്ഥം നൽകാനും ഈശോ ആഗ്രഹിച്ചു. അങ്ങനെ തന്റെ കടന്നുപോകലിന് ശേഷവും ഈ പുണ്യസ്നേഹത്തിന്റെ ഓർമ്മ തുടരുവാനുമായി അവൻ പുതിയ പെസഹാ കുഞ്ഞാടായി മാറി.
ഈശോയുടെ അന്നത്തെ പെസഹായുടേയും അവൻ തന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച വിശുദ്ധ കുർബാനയുടെയും അനുസ്മരണമാണ് / ആഘോഷമാണ് എനിക്ക് ഇന്നത്തെ പെസഹാ. ഇന്നത്തെ പെസഹായുടെ ആഘോഷത്തിനായി ഞാൻ വീണ്ടും വീണ്ടും ഈശോയുടെ പെസഹായിലേക്ക് നോക്കുകയും അവൻ എപ്രകാരമാണ് കടന്നുപോയത് എന്ന് ഞാൻ മനസ്സിലാക്കുകയും ചെയ്യുമ്പോൾ ഒരു വശത്ത് ഏറെ സന്തോഷമുണ്ട്, എന്നാൽ മറുവശത്ത് ഏറെ നൊമ്പരവുമുണ്ട്.
എന്റെ സന്തോഷത്തിന്റെ കാരണം ഈശോയുടെ കടന്നുപോകലും അവൻ പെസഹാ ആചരിച്ചതും അവൻ പരിശുദ്ധ കുർബാന സ്ഥാപിച്ചതും എല്ലാം ഞാനെന്ന ജീവന്റെ, ഞാനെന്ന മകന്റെ / മകളുടെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു, അതുപോലെ എന്നും എപ്പോഴും സ്നേഹത്തിന്റെ നിറവായി എന്റെ ഒപ്പമാകുന്നതിനായിരുന്നു അവൻ ആ രാവിൽ സ്വയം പകുത്തേകിയത് എന്ന എന്ന ആത്മീയമായ അറിവും ഉൾക്കാഴ്ചയുമാണ്. ഈ ചിന്തയും ബോധ്യവും എപ്പോഴും എന്റെ പെസഹാ ആഘോഷത്തെ ഏറെ സന്തോഷപ്രദമാക്കുന്നു എന്നത് സത്യമാണ്.
എങ്കിലും ഓരോ പ്രാവശ്യവും ഞാൻ ഈശോയുടെ പെസഹാ ആഘോഷിക്കുമ്പോൾ എന്റെ ഉള്ളിൽ ഒത്തിരി നോവും ഉയരാറുണ്ട്. കാരണം അന്ന് ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലായിരുന്നു ഈശോ ഈ പരിശുദ്ധ കുർബാന സ്ഥാപിച്ചത് എന്ന ചിന്തതന്നെ.മണ്ണിലെ തന്റെ ജീവിതം എന്തിനായിരുന്നു എന്നത് തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യർ പോലും മനസ്സിലാക്കാതിരുന്നത് ഈശോ തിരിച്ചറിയുന്നുണ്ട്. ഒപ്പം ചേർത്തുനിർത്തി ജീവനും ജീവിതവും പകുത്തേകിയിട്ടും ഒന്നും മനസ്സിലാക്കാതെ, ഒറ്റുകൊടുക്കുവാനും തള്ളിപ്പറയുവാനും ഓടിയൊളിക്കുവാനുമൊക്കെ സാധിക്കുന്ന വിധമുള്ള മനസ്സാണ് തന്റെ ശിഷ്യർക്കുള്ളതെന്ന് ഈശോ അറിയുന്നുണ്ട്. എന്നിട്ടും അവരോടൊപ്പമിരുന്നാണ് ഈശോ തന്റെ അവസാനത്തെ പെസഹാ (ശരീരവും രക്തവും പകുത്ത് നൽകി പരിശുദ്ധ കുർബാന സ്ഥാപിച്ച രാവിനെ) ആഘോഷിച്ചത്. അവർക്കായി എല്ലാം കൊടുത്ത ഗുരുവിന്റെ മനമറിയാൻ അവർക്ക് കഴിഞ്ഞില്ലല്ലോ എന്നത് എന്റെ ഹൃദയത്തെ നോവിക്കാറുണ്ട്.
അവൻ സ്നേഹിതരെന്ന് വിളിക്കുന്ന നമ്മൾ, അവന്റെ പെസഹായുടെ ഒപ്പം ചേരുന്നത്പോലും പലപ്പോഴും അവനെ ഒറ്റുകൊടുക്കാനായിട്ടാണ് എന്നൊരു നോവാണ് എൻറെ ഉള്ളിൽ നിറയുന്നത്. അന്ന് 30 വെള്ളി കാശിന് യൂദാസ് എന്ന ശിഷ്യൻ ഈശോയെ ഒറ്റുകൊടുത്തു. ഇന്നും അതിന് സമാനമായ കാര്യങ്ങൾ നമുക്കുചുറ്റും ഉയർന്നുവരുന്നത് കാണുമ്പോൾ, ഇത് ശരിക്കും ഈശോയെ ഒറ്റുകൊടുക്കലാണ് എന്നല്ലാതെ മറ്റെന്താണ് പറയാൻപറ്റുക.
പല രീതിയിലും പല ഭാവത്തിലും ഞാൻ ഇന്നും ഈശോയെ ഒറ്റുകൊടുക്കുമ്പോൾ അവൻ എന്നെ വെറുക്കുന്നില്ല അവൻ എന്നെ തള്ളിക്കളയുന്നില്ല അവൻ എന്നെ വിധിക്കുന്നില്ല എന്നത് മാത്രമാണ് എന്റെ ആശ്വാസം. ബലിപീഠത്തിലേക്ക് ബലിയർപ്പിക്കാനായി ഞാൻ കടന്നു ചെല്ലുമ്പോൾ എന്റെ ഉള്ളിൽ മാലിന്യങ്ങൾ ഒന്നും ഉണ്ടാകരുത് എന്നത് ഈശോയുടെ പ്രാർത്ഥനയാണ്, അവന്റെ ആഗ്രഹമാണ്.”നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക”. (മത്തായി 5 : 23 – 24 )
ഈശോയുടെ ആഗ്രഹവും മനസും ഇതാണ് എന്നറിഞ്ഞിട്ടും ബലിയർപ്പിക്കാൻ ഞാൻ ബലിപീഠത്തിൽ എത്തിച്ചേരുമ്പോൾ പല സമയങ്ങളിലും എന്റെ ഉള്ളം പലപ്പോഴും ശുദ്ധമല്ല എന്നതും ഞാൻ അറിയുന്നുണ്ട്. അപ്പോൾ ശരിക്കും ഞാൻ ഈശോയെ തള്ളിപ്പറയുകയല്ലേ ? ഒറ്റുകൊടുക്കുകയല്ലേ ?
ഈശോയെ, നീ അന്ന് ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ എനിക്ക് തന്ന സമ്മാനമായ പരിശുദ്ധ കുർബാന ഏറ്റവും വലിയ സ്നേഹത്തോടുകൂടി ഒരിക്കൽ കൂടി അർപ്പിക്കാൻ വീണ്ടും എന്നെ യോഗ്യനാക്കണമേയന്ന് പ്രാർത്ഥിക്കുന്നു. ആരോടും വെറുപ്പ് ഇല്ലാതെ, ആരോടും പകയില്ലാതെ, നിർമ്മലമായ സ്നേഹത്തോടെയും വിശുദ്ധിയോടെയും പെസഹാ അർപ്പിക്കാൻ എന്നെയും ശക്തനാക്കണമേ. മണ്ണിൽ നിന്നുള്ള എന്റെ കടന്നുപോകലിനും ഈശോയെ നീ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ എനിക്കായി തന്ന വിശുദ്ധ കുർബാനയെന്നസമ്മാനം പാഥേയമായി മാറട്ടെ.
പോള്‍ കൊട്ടാരം കപ്പൂച്ചിൻ