എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചിരുന്ന ഇടത്തു നിന്നാണ് ഈസ്റ്റര്‍ ആരംഭിക്കുന്നത്. ദു:ഖവെള്ളിയിലും ദു:ഖശനിയിലും ക്രിസ്തു അവസാനിച്ചുവെന്നാണ് അന്ന് എല്ലാവരും കരുതിയിരുന്നത്.പക്ഷേ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ക്രിസ്തു മൂന്നാം ദിനം ഉയിര്‍ത്തു. ഇതുതന്നെയാണ് ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പു തിരുനാള്‍ നമുക്ക് നല്കുന്ന പ്രതീക്ഷയും.
നമ്മുടെ ജീവിതത്തെ നോക്കിയും മറ്റ് പലരും പറഞ്ഞിട്ടുണ്ടാവാം.ഇവന്റെ കഥ അവസാനിച്ചു, ഇതോടെ ഇവന്‍ തീര്‍ന്നുവെന്ന്.. പക്ഷേ നമുക്ക് അങ്ങനെ തീരാനാവില്ല. നാം ഒരിക്കലും അങ്ങനെ തീരുകയുമില്ല. പ്രതീക്ഷയുടെ ഒരു മൂന്നാം നാള്‍ നമ്മുടെ ജീവിതത്തിലുണ്ട്.. ഉണ്ടാവണം. അല്ലെങ്കില്‍ ആലോചിച്ചുനോക്കൂ, എത്രയെത്ര ദു:ഖവെള്ളികള്‍ നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്..; ദു:ഖശനികളും. പക്ഷേ നമ്മുടെ ജീവിതം അവിടെ അവസാനിച്ചോ.. ഇല്ല..
ഇന്ന് നാം അനുഭവിക്കുന്ന സന്തോഷങ്ങള്‍..സുരക്ഷിതത്വം, സമൃദ്ധി ഇതെല്ലാം ദു:ഖവെള്ളിയ്ക്ക് ശേഷം ഉണ്ടായതാണ്. ജീവിതത്തില്‍ ദു:ഖവെള്ളി ഉണ്ടായിട്ടുണ്ടോ തീര്‍ച്ചയായും ഈസ്റ്ററുമുണ്ടാകും. ഇത് നാം വിശ്വസിക്കണം. നമുക്ക് നമ്മുടെ ദു:ഖവെള്ളികളെ ഈശോയ്ക്ക്‌സമര്‍പ്പിച്ച് ഉയിര്‍പ്പിന് വേണ്ടി കാത്തിരിക്കാം..