ന്യൂഡല്‍ഹി: കത്തോലിക്കാസ്‌കൂള്‍ പ്രിന്‍സിപ്പലിന് ലൈംഗികാരോപണ കേസില്‍ മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ദിവസം മുമ്പ് സ്കൂളിനെതിരെയുള്ള കേസില്‍ അകപ്പെട്ട ജബല്‍പ്പൂര്‍ ബിഷപ് ജെറാള്‍ഡ് അല്‍മെല്‍ഡയെയും ഫാ. ജഗന്‍ രാജിനെയും അറസ്റ്റ് ചെയ്യുന്നതും കോടതി വിലക്കിയിരുന്നു. ഇതോടെ ബിഷപ്പിനും വൈദികനും താല്ക്കാലികാശ്വാസമായിരിക്കുകയാണ്.
ജബല്‍പ്പൂര്‍ രൂപതയുടെ കീഴിലുള്ള സ്‌കൂള്‍ പ്രിന്‍സിപ്പലായ സിംങ് യാദവാണ് ലൈംഗികാരോപണം നേരിടുന്നത്. കോടതി ഇദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടുവെങ്കിലും തനിക്ക് എതിരെയുള്ള ആരോപണം അദ്ദേഹം നിഷേധിച്ചിരുന്നു. ഡിസ്ട്രിക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പലിനെതിരെയുള്ള കുറ്റങ്ങള്‍ പെണ്‍കുട്ടികളും മാതാപിതാക്കളും നിഷേധിച്ചിട്ടുണ്ട്.
സ്‌കൂളിന്റെ മാനേജരാണ് ബിഷപ്. ഫാ.ജഗന്‍രാജ് ട്രഷററും. ഇവര്‍ക്കെതിരെ വഞ്ചനാക്കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഗവണ്‍മെന്റില്‍ നിന്ന് സ്‌കൂളിന് ഗ്രാന്റ് കിട്ടുന്നുണ്ടെങ്കിലും കുട്ടികളില്‍ നിന്ന് ഫീസ് വാങ്ങുന്നുവെന്നാണ് ആരോപണം.
സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് സഭാധികാരികള്‍ പ്രതികരിച്ചു. ഡിസ്ട്രിക് ആന്റ് സെഷന്‍സ് കോര്‍ട്ട് ബിഷപ്പിനും വൈദികനും മുന്‍കൂര്‍ ജാമ്യം നല്കുന്നതിനെ എതിര്‍ത്തിരുന്നു.