1990 കളിലെ മിന്നും താരവും പൊന്നും താരവുമായിരുന്നു ഷെല്ലി പെന്നിഫാദര്‍ എന്ന ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരി. ലോകത്തിലെ ഏറ്റവും വിലകൂടിയ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരില്‍ ഒരാള്‍. വെട്ടിപിടിക്കാന്‍ ഒരുപാട് നേട്ടങ്ങളും പദവികളും ബാക്കിനില്‌ക്കെ കളിക്കളത്തോടും അത് നല്കുന്ന കൈയടികളോടും വിട പറഞ്ഞ് അവള്‍ ചെന്നുനിന്നത് ഒരു കത്തോലിക്കാ കോണ്‍വെന്റില്‍. കായികപ്രേമികളെയും ആരാധകരെയും ബന്ധുമിത്രാദികളെയും ഒരുപോലെ ഞെട്ടിച്ചുകളഞ്ഞ പ്രഖ്യാപനം. പലയിടത്തുനിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. പക്ഷേ അവളുടെ മനസ്സ് പതറിയില്ല.
അലക്‌സാണ്ട്രിയായിലെ പുവര്‍ ക്ലെയഴ്‌സ് മൊണാസ്ട്രിയില്‍ ജീവിക്കുകയാണ് ഇന്ന് അവള്‍. ഷെല്ലിയായിട്ടല്ല സിസ്റ്റര്‍ റോസ് മേരി ഓഫ് ദ ക്യൂന്‍ ഓഫ് ഏയ്ഞ്ചല്‍സ് എന്ന പേരില്‍. 1994 ല്‍ ആയിരുന്നു ആ രൂപാന്തരണം. അന്ന് അവള്‍ക്ക് വെറും 25 വയസായിരുന്നു പ്രായം.
ചേച്ചി മഠത്തില്‍ ചേരാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരുരാത്രി മുഴുവന്‍ ഞാന്‍ നിര്‍ത്താതെ കരഞ്ഞു. സിസ്റ്റര്‍ റോസിന്റെ സഹോദരി തെരേസ ഓര്‍മ്മിക്കുന്നു. അമ്മയും കരച്ചിലായിരുന്നു. ആര്‍ക്കും അവളുടെ തീരുമാനം ഉള്‍ക്കൊള്ളാനായില്ല. പക്ഷേ ഒടുവില്‍ വീട്ടുകാര്‍ക്കെല്ലാം മനസ്സിലായി തങ്ങളില്‍ നിന്ന് ദൈവം അത്രയും വലിയൊരു ത്യാഗം ആവശ്യപ്പെടുന്നുണ്ട് എന്ന്.
ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് സിസ്റ്റര്‍ റോസ് കൂട്ടുകാരുടെയും വീട്ടുകാരുടെയും ഒരു കൂട്ടായ്മയില്‍ പങ്കെടുത്തിരുന്നു. ലോകത്തിന്റെ സന്തോഷങ്ങള്‍ക്കുവേണ്ടി പായാതെ ദൈവത്തിന്റെ ഇഷ്ടത്തിന് വേണ്ടി ജീവിതത്തെ രൂപപ്പെടുത്തിയ സിസ്റ്റര്‍ റോസിന്റെ ജീവിതം എല്ലാവര്‍ക്കും ഒരുപ്രചോദനമാകട്ടെ.