സുരക്ഷിതത്വം എന്ന വാക്കിന് നിരവധി അര്‍ത്ഥങ്ങളുണ്ട്. സുരക്ഷിതത്വമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കുടുംബത്തില്‍ മുതല്‍ ജോലിയില്‍ വരെ എല്ലാവരും സുരക്ഷിതത്വം ആഗ്രഹിക്കുന്നു. സുരക്ഷിതത്വം എന്നത് ഒരു ഉറപ്പാണ്. വാഗ്ദാനമാണ്. ഞാന്‍ നിന്നെ സംരക്ഷിക്കും എന്ന വാക്കാണ്.
ഇതിന് പുറമെ എല്ലാവിധ അപകടങ്ങളില്‍ നിന്നുള്ള മോചനവും സുരക്ഷിതത്വത്തിന്റെ ഭാഗമായി വരുന്നുണ്ട്. യാത്രയിലുടനീളമുള്ള സംരക്ഷണം അങ്ങനെയൊന്നാണ്.
പക്ഷേ പലയിടത്തു നിന്നും പലപ്പോഴും നമുക്ക് സംരക്ഷണം നഷ്ടമാകാറുണ്ട്. അരക്ഷിതാവസ്ഥ നമ്മെ പൊതിയാറുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ സുരക്ഷിതത്വത്തിന് വേണ്ടി നാം ആഗ്രഹിക്കുന്നു. എല്ലാവിധത്തിലുള്ള അപകടങ്ങളില്‍ നിന്നുമുള്ള ഒഴിവാകല്‍. ഇതെങ്ങനെ സാധിക്കും? വിശുദ്ധ ഗ്രന്ഥം അതിനുള്ള മാര്‍ഗ്ഗം വിശദീകരിക്കുന്നുണ്ട്.
ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക. അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം. ( സങ്കീര്‍ത്തനങ്ങള്‍ 37:3)
നന്മ ചെയ്യുന്നവര്‍ പലരുമുണ്ടാവാം. പക്ഷേ വിശ്വാസികളെന്ന നിലയില്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുവേണം നാം നന്മ ചെയ്യാന്‍ . അപ്പോള്‍ മാത്രമേ ഭൂമിയില്‍ നമ്മുടെ ജീവിതം സുരക്ഷിതമായിരിക്കുകയുള്ളൂവെന്നും മറക്കരുത്.