ജീവിതത്തിലെ പ്രതികൂലങ്ങളിലും പ്രതിസന്ധികളിലും വിശ്വാസത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതിരിക്കാന്‍ നമുക്ക് പ്രചോദനവും പ്രോത്സാഹനവും നല്കുന്ന വിശുദ്ധയാണ് റീത്ത. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയെന്നാണ് റീത്ത അറിയപ്പെടുന്നത്. ജീവിതത്തിലെ നിസ്സഹായാവസ്ഥകളില്‍ നമുക്ക് ആശ്രയിക്കാവുന്ന ഉത്തമസഹായിയാണ് റീത്താ പുണ്യവതി. ഒരുപക്ഷേ നമ്മളില്‍ പലരും ഇക്കാര്യം മനസ്സിലാക്കിയിട്ടില്ലാത്തവരാണ്. റീത്താ പുണ്യവതിയെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ പങ്കുവയ്ക്കാം
ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായവളാണ് റീത്ത. രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയുമായിരുന്നു. ഭര്‍ത്താവ് ഒരു രാഷ്ട്രീയകലാപത്തില്‍ പെട്ട് മരണമടഞ്ഞു. പിന്നീട് അഗസ്റ്റീനിയന്‍ ഓര്‍ഡറില്‍ പ്രവേശിച്ച് കന്യാസ്ത്രീയായി. നെറ്റിയില്‍ മുറിവുകളോടുകൂടിയാണ് റീത്തായെ ചിത്രകാരന്മാര്‍ പകര്‍ത്തിയിരിക്കുന്നത്. ഈശോയുടെ മുള്‍മുടിയുടെ പ്രതീകമായിട്ടാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. നിരവധിയായ മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെ റീത്താ കടന്നുപോയിട്ടുമുണ്ട്. മരിച്ചുവെങ്കിലും അഴുകാത്ത പൂജ്യദേഹമായിരുന്നു റീത്തയുടേത്. പോപ്പ് ലിയോ പതിമൂന്നാമന്‍ 1900 ല്‍ റീത്തായെ വിശുദ്ധയായി പ്രഖ്യാപിച്ചു. നിസ്സഹായകാര്യങ്ങളുടെ നടുവിലും അസാധ്യകാര്യങ്ങളുടെയും മധ്യസ്ഥയായി റീത്തായെ തിരുസഭ വണങ്ങുന്നു.
വിശുദ്ധ റീത്തായേ എന്റെ ജീവിതത്തിലെ ഏറ്റവും നിസ്സഹായമായ ഈ അവസ്ഥയില്‍ എന്റെ സഹായത്തിനെത്തണമേ.അസാധ്യമെന്ന് മറ്റുള്ളവര്‍ വിധിയെഴുതുന്ന ഈ അവസ്ഥയെയും എന്റെ നിയോഗങ്ങളെയും സാധ്യമാക്കിത്തീര്‍ക്കണമേ.