പലരും നമ്മോട് പ്രാര്‍ത്ഥനാസഹായം ചോദിക്കാറുണ്ട്. അവരുടെ ജീവിതനിയോഗങ്ങള്‍ക്കുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥന പലപ്പോഴും താല്ക്കാലികമായിരിക്കും. മറ്റ് തിരക്കുകളില്‍ അവര്‍ക്കുവേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുന്നത് നാം മറന്നുപോകുന്നു.
മാത്രവുമല്ല,മറ്റുള്ളവരുടെ ഭൗതികാവശ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നാം മിക്കപ്പോഴും അവരുടെ ആത്മീയാവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാറില്ല. എന്നാല്‍ ചുവടെ കൊടുക്കുന്ന പ്രാര്‍ത്ഥന ഇത്തരം പോരായ്മകളൊക്കെ കുറയ്ക്കുന്നതാണ്എന്നാണ് പാരമ്പര്യവിശ്വാസം. ഓള്‍ഡ് ഫ്രഞ്ച് പ്രയര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
മാതാവിന്റെ സംരക്ഷണത്തിനായി നമ്മുടെ പ്രിയപ്പെട്ടവരെയും നമ്മുടെ ഹൃദയത്തിലുള്ളവരെയും പ്രാര്‍ത്ഥനാസഹായം ചോദിച്ചവരെയും എല്ലാം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നപ്രാര്‍ത്ഥനയാണ് ഇത്.
പരിശുദ്ധയായ അമ്മേ ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതിചേര്‍ത്തിരിക്കുന്ന ഓരോ പേരുകളും അമ്മയ്ക്ക് വായിക്കാന്‍ കഴിയുമല്ലോ. അവരെയെല്ലാം അമ്മയുടെ പ്രത്യേക സംരക്ഷണത്തിനായി സമര്‍പ്പിക്കുന്നു. അവരുടെ വഴികള്‍ സുഗമമവും അദ്ധ്വാനങ്ങള്‍ ഫലപ്രദവുമായിരിക്കട്ടെ. വിലപിക്കുന്ന അവരുടെ മിഴികളില്‍ നിന്ന് കണ്ണീരു തുടച്ചുനീക്കണമേ. അവരുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കണമേ. അവരുടെ ബലഹീനതയെ പരിഹരിച്ച് ശക്തിപ്പെടുത്തണമേ അവരുടെ ഹൃദയങ്ങളില്‍ നിന്ന് നഷ്ടപ്പെട്ടുപോയ പ്രതീക്ഷയെ വീണ്ടും നല്കണമേ. അവര്‍ക്ക് ആരോഗ്യം നല്കണമേ. ഓരോ പാപങ്ങളെയുമോര്‍ത്ത് പശ്ചാത്തപിക്കാന്‍ അവര്‍ക്ക്കഴിയണേ. ആമ്മേന്‍.