Tuesday, December 3, 2024
spot_img
More

    ദൈവസ്തുതിയും 91 ാം സങ്കീര്‍ത്തനവും പിന്നെ മറുനാടന്‍ ഷാജന്‍ സ്‌കറിയായും



    പിവി ശ്രീനിജന്‍  എംഎല്‍എയ്‌ക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിന്റെ സ്ഥാപക എഡിറ്റര്‍ ഷാജന്‍ സ്‌കറിയായ്ക്ക് മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി അനുവദിച്ച വാര്‍ത്ത സഹര്‍ഷത്തോടെയാണ് കേരളത്തിലെ ഭൂരിപക്ഷ സമൂഹവും  സ്വാഗതം ചെയ്തത്. ഈ സന്തോഷത്തില്‍ മരിയന്‍പത്രവും പങ്കുചേരുന്നു.

      മറുനാടന്‍ ഷാജന്‍ സ്‌കറിയായെ വിടാതെ പിന്തുര്‍ന്ന് വേട്ടയാടുന്ന ഭരണകൂടത്തിന്റെ നെറുകേടുകള്‍ക്കെതിരെയും ഷാജന്റെ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണച്ചും ഏതാനും ദിവസം മുമ്പ് മരിയന്‍ പത്രം എഴുതിയ എഡിറ്റോറിയല്‍ ഒരു ലക്ഷത്തോളം പേരാണ് ഇതുവരെ വായിച്ചത്.( എഡിറ്റോറിയല്‍ ഇനിയും വായിച്ചിട്ടില്ലാത്തവര്‍ക്കായി പ്രസ്തുത ലിങ്ക്  ഇതിന്റെ അവസാനം ചേര്‍ത്തിരിക്കുന്നു). ആയിരക്കണക്കിന് ആളുകള്‍ എഡിറ്റോറിയലിനെപിന്തുണച്ച് ഞങ്ങള്‍ക്ക്  മെയില്‍ചെയ്യുകയും ഫോണ്‍ വിളിക്കുകയും ചെയതിരുന്നു. എല്ലാ പ്രതികരണങ്ങള്‍ക്കും വായനക്കാര്‍ക്കും നന്ദി.

     ഈയൊരു സാഹചര്യത്തില്‍ മറുനാടനെക്കുറിച്ച് തന്നെ ഏതാനും ചില കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ടെന്ന് കരുതുന്നു.

    ജാമ്യം കിട്ടുകയും അറസ്റ്റ് തടയുകയും ചെയ്ത സാഹചര്യത്തില്‍ മറുനാടന്റെ യൂട്യൂബ് ചാനലില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഷാജന്‍ സ്‌കറിയ തന്റെ വാക്കുകള്‍ തുടങ്ങിയത് തന്നെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു. വളരെ ചേതോഹരമായ കാഴ്ചയായി അത് തോന്നി.

     മാത്രവുമല്ല യൂട്യൂബ്ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ 91 ം സങ്കീര്‍ത്തനം എന്നെഴുതി യേശുവിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വേടന്റെ കെണിയില്‍ന ിന്നും  മാരകമായ മഹാമാരിയില്‍നിന്നും എന്നെ രക്ഷിച്ചുവെന്ന സങ്കീര്‍ത്തനഭാഗത്തിന്റെ തുടക്കമായിരുന്നു ഇവിടെ രേഖപ്പെടുത്തിയിരുന്നത്.

    പ്രതികൂലങ്ങളിലും പ്രതിസന്ധികളിലും നമ്മളില്‍ ബലപ്പെട്ടുവരുന്ന ഒന്നാണ് ദൈവവിശ്വാസം. ഷാജന്‍ സ്‌കറിയ നിരീശ്വരവാദിയോ ദൈവനിഷേധകനോ ആണെന്ന് കരുതുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങള്‍ സഭയ്ക്ക് എതിരെയുള്ള അകാരണമായ വ്യക്തിവിദ്വേഷത്തിന്‌റെയും തെറ്റിദ്ധാരണകളുടെയുംഫലമാണോയെന്ന് പലവട്ടം തോന്നിയിട്ടുണ്ട്.

     ഇ്ക്കാരണം കൊണ്ടുതന്നെ അദ്ദേഹം ഒരു അവിശ്വാസിയാണെന്ന ധാരണ പൊതുസമൂഹത്തിനിടയില്‍ രൂപപ്പെട്ടിട്ടുമുണ്ട്. ഈ ധാരണകളെ അദ്ദേഹം തന്നെ തിരുത്തിയെഴുതിയെന്നതാണ് മുകളില്‍പറഞ്ഞ സംഭവത്തിന്റെ അനന്തരഫലം.

    സെലിബ്രിറ്റികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പല വ്യക്തികളും തങ്ങളുടെ ക്രിസ്തീയവിശ്വാസം പൊതുവേദികളില്‍ പര്‌സ്യമാക്കാന്‍ മടികാണിക്കുന്നവരാണ്.്.എന്നാല്‍ മറ്റ് മതവിശ്വാസികളായ സെലിബ്രിറ്റികളാകട്ടെ തങ്ങളുടെ വിശ്വാസത്തെ പരസ്യപ്പെടുത്തുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു കീഴ് വഴക്കം നിലവിലുള്ള സാഹചര്യത്തിലാണ്, ഷാജന്‍ സ്‌കറിയെയെപോലെ ധീരവും സ്വതന്ത്രവുമായ നിലപാടുകളുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ ക്രിസ്തീയ വിശ്വാസം പരസ്യമായിപ്രകടമാക്കാന്‍ സന്നദ്ധനായത്. വെല്‍ഡണ്‍ മിസ്റ്റര്‍ഷാജന്‍ സ്‌കറിയ.

    അപ്പസ്‌തോലന്മാര്‍ തങ്ങളുടെ കാരാഗൃഹവാസത്തിലും രക്തസാക്ഷികള്‍ തങ്ങളുടെ  പീഡിതാവസ്ഥയിലും ക്രിസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതുപോലെ ഇക്കഴിഞ്ഞ ദിവസങ്ങളിലായുള്ള താങ്കളുടെ അജ്ഞാതവാസകാലത്ത് താങ്കള്‍ക്കും ക്രിസ്തുവിനെഅനുഭവിക്കാന്‍ കഴിഞ്ഞുവെന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. അനേകരുടെപ്രാര്‍ത്ഥനകള്‍ താങ്കള്‍ക്കുവേണ്ടി ഉയര്‍ന്ന സാഹചര്യത്തില്‍ മറ്റൊരുതരത്തിലാവാന്‍ ഇടയില്ലല്ലോ.

     ഈ വിശ്വാസദീപവും ക്രിസ്തുവിനോടുളള സ്‌നേഹവും താങ്കള്‍ക്ക് ഇനിയൊരിക്കലും നഷ്ടപ്പെടാതിരിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു. ക്രിസ്തുസ്‌നേഹത്താല്‍ പ്രോജ്വലിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ ഈ സമൂഹത്തിന് നല്കുന്ന പ്രതീക്ഷ വളരെ വലുതാണ്. താങ്കളിലുള്ള ഞങ്ങളുടെ വിശ്വാസത്തിന് തുടര്‍നാളുകളില്‍ മങ്ങലേല്ക്കാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

    ഇനി താങ്കളോട് പറയാനുള്ള മറ്റൊരു കാര്യം ഇതാണ്. താങ്കളെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇക്കഴിഞ്ഞ നാളുകളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായല്ലോ. പ്രതികൂലിച്ചവര്‍ക്ക്പറയാനുണ്ടായിരുന്നത് താങ്കളുടെ മാധ്യമപ്രവര്‍ത്തനം മൂലം തങ്ങള്‍ക്ക് കുടിക്കേണ്ട വന്ന കണ്ണീരിനെക്കുറിച്ചായിരുന്നു.വന്നുചേര്‍ന്ന അപമാനങ്ങളെക്കുറിച്ചായിരുന്നു.അനുഭവസ്ഥര്‍തന്നെ അക്കാര്യം വെളിപ്പെടുത്തുമ്പോള്‍ അതിനെ നിഷേധിക്കാന്‍ തക്ക തെളിവുകളൊന്നും എന്റെ പക്കലില്ല.

     അതുകൊണ്ട് താങ്കളോട് പറയട്ടെ സംഭവിച്ചതുസംഭവിച്ചു. ഇനിയൊരിക്കലും ഒരു നിരപരാധിയെ അറിഞ്ഞോ അറിയാതെയോ അപമാനിക്കാനോ ക്രൂശിക്കാനോ മാധ്യമപ്രവര്‍ത്തനം മറയാക്കരുത്. വേട്ടയാടപ്പെടുന്നതിന്റെ, അപമാനിക്കപ്പെടുന്നതിന്റെ വേദന ഇക്കാലയളവില്‍ താങ്കള്‍ നേരാംവണ്ണം മനസ്സിലാക്കിയിട്ടുണ്ടല്ലോ. എല്ലാവരുടെയും വേദന തുല്യമാണ്. അപമാനത്തി്‌ന്റെതോത് തുല്യമാണ്.

    വാക്‌സാമര്‍ത്ഥ്യവും കേള്‍ക്കാന്‍ കുറച്ചാളുകളും പറയാന്‍ ഒരു പ്ലാറ്റ് ഫോമും ഉണ്ടെന്ന്  കരുതി എന്തും വിളിച്ചുപറയാമെന്ന് കരുതരുത്. ആ തോന്നല്‍ ഇനിയെങ്കിലും അവസാനിപ്പിക്കുക. മറ്റുള്ളവരെ വേദനിപ്പിച്ചും അപമാനിച്ചും സങ്കടപ്പെടുത്തിയും നാം നേടിയെടുക്കുന്ന നേട്ടങ്ങള്‍ താല്ക്കാലികമാണ്.ന ിരപരാധികളുടെ കണ്ണീരില്‍ സാമ്രാജ്യങ്ങള്‍ ഒഴുകിപോയ പല ചരിത്രങ്ങളും നമുക്ക് മുന്നിലുണ്ട്.

    അതുകൊണ്ട് സംഭവിച്ചുപോയവയെല്ലാം തിരുത്താനുള്ള പാഠമായി താങ്കളുടെ മുമ്പിലുണ്ടാവണം. പുലി ഒളിച്ചത് കുതിക്കാനാണെന്ന് ഞങ്ങള്‍ക്കറിയാം. താങ്കള്‍ ഇനി കുതിച്ചുപായുക തന്നെ വേണം. പക്ഷേ അത് വ്യക്തിപരമായ നീരസങ്ങളുടെയും വിദ്വേഷത്തിന്റെയും പേരില്‍ എതിരാളികളെ മുച്ചൂടും മുടിച്ചുകൊണ്ടായിരിക്കരുത്.

    താങ്കള്‍ക്ക് ഇനിവേണ്ടത് പുതിയൊരു അഭിഷേകമാണ്. പുതിയൊരു ജഞാനമാണ്. ദൈവാത്മാവിനോട് ചേര്‍ന്നുപ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ്.  കേരളത്തിലെ പൊതുസമൂഹത്തിന്റെ നല്ലൊരു ശതമാനം പിന്തുണയും നിഷ്പക്ഷരായവരുടെ പ്രാര്‍ത്ഥനയും താങ്കള്‍ക്ക് കിട്ടിയത് അവര്‍ താങ്കളില്‍ വിശ്വാസമര്‍പ്പിച്ചതുകൊണ്ടും താങ്കളെ സ്‌നേഹിക്കുന്നതുകൊണ്ടുമാണ്.

     താങ്കളുടെ പത്രപ്രവര്‍ത്തനരീതികളോട് വിയോജിപ്പുകള്‍ ഉള്ളപ്പോഴും താങ്കള്‍ക്കുവേണ്ടി വെറുമൊരു കുരിശുപള്ളി മാത്രമായ മരിയന്‍പത്രം പോലെയുളള മാധ്യമം ശബ്ദിച്ചത്ഒരു മാധ്യമപ്രവര്‍ത്തകനെ അന്യായമായുംഅവിഹിതമായും ഭരണകൂടം വേട്ടയാടിയതിലുള്ള അസഹിഷ്ണുതയും വിയോജിപ്പുംകൊണ്ടായിരുന്നു. മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിലുള്ള വേദനകൊണ്ടായിരുന്നു. ഇത്തരമൊരു ആനുകൂല്യം താങ്കള്‍ക്ക് ഇനിയും കിട്ടണമെന്നില്ല.

     അതുകൊണ്ട് ആവര്‍ത്തിക്കട്ടെ നേരിന്റെ പാതയില്‍, മുഖം നോക്കാതെ, സത്യം മനസ്സിലാക്കി,  ആരെയും അപമാനിക്കാതെയും വേദനിപ്പിക്കാതെയും താങ്കള്‍ മാധ്യമപ്രവര്‍ത്തനം ശക്തമായിതുടരുക. താങ്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും..

    ഫാ.ടോമി എടാട്ട്
    ചീഫ് എഡിറ്റര്‍
    മരിയന്‍പത്രം

    മുൻ എഡിറ്റോറിയൽ വായിക്കുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക

    http://marianpathram.com/marunadan-shajan/
    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!