ഡൊമിനിക്കച്ചനും ഓസ്‌ട്രേലിയയും പിന്നെ ജയശങ്കറും എന്ന ശീര്‍ഷകത്തില്‍ ജോർജ് കുരിശിങ്കൽ എഴുതിയ ലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.
ഒരു L L B ബിരുദം കയ്യിലുണ്ടെങ്കിൽ എന്തൊക്കെ ചെയ്യാം? തീർച്ചയായും കോടതിയിൽ പ്രാക്ടീസ് ചെയ്യാം. കക്ഷികളില്ലെങ്കിൽ കോട്ടും ധരിച്ച് കേസില്ലാവക്കീലായി നടക്കാം. ഏതെങ്കിലും സ്ഥാപനങ്ങളിൽ ലീഗൽ ഓഫിസറായി ജോലി ചെയ്യാം. ആവശ്യക്കാർക്ക് നിയമോപദേശം കൊടുക്കാം. രാഷ്ട്രീയക്കാരനാകാം. ഇതൊന്നും നടന്നില്ലെങ്കിലും പേടിക്കേണ്ട. നന്നായി സംസാരിക്കാനറിയാമെങ്കിൽ പ്രസംഗത്തൊഴിലാളിയോ പ്രതികരണത്തൊഴിലാളിയോ ചാനൽ ചർച്ചാതൊഴിലാളിയോ ആയി ജോലി കിട്ടാനും ഇന്നത്തെക്കാലത്ത് ബുദ്ധിമുട്ടില്ല.
ഇതിനൊന്നിനും പോകാത്ത ഒരു LLB മൂന്നാം റാങ്കുകാരൻ ആണ് ഇതെഴുതുന്നത്. നിയമം പഠിച്ചതുകൊണ്ട് എനിക്കെന്തു ഗുണം ഉണ്ടായി എന്ന് ചോദിച്ചാൽ വസ്തുതകളെ വസ്തുതകളായി മാത്രം കാണാനും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ഒരു തീരുമാനത്തിൽ എത്തിച്ചേരാനുമുള്ള ഒരു സ്വഭാവം രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണത്. ഈ ലേഖനം എഴുതാനുള്ള കാരണവും അതുതന്നെയാണ്.
ഈയിടെ അഡ്വ. ജയശങ്കർ എന്നൊരാളുടെ ഒരു യൂട്യൂബ് വീഡിയോ എന്റെ ഒരു അഭിഭാഷകസുഹൃത്ത് എനിക്ക് അയച്ചുതന്നു. അതിൽ അഡ്വ. ജയശങ്കർ പറയുന്ന കാര്യങ്ങളുടെ ഒരു സംഗ്രഹം ആദ്യമേ പറയാം.
‘
ഫാദർ ഡൊമിനിക് വാളന്മനാൽ എന്നൊരാളെക്കുറിച്ച് എത്രപേർ കേട്ടിട്ടുണ്ടെന്നറിയില്ല. അദ്ദേഹം ഒരു ധ്യാനഗുരു ആണെന്നാണ് പറയുന്നത്. പ്രാർത്ഥന കൊണ്ട് രോഗം മാറ്റുന്ന മഹാനാണ്. പുണ്യവാനാണ് എന്നർത്ഥം. കത്തോലിക്കാസഭ അദ്ദേഹത്തെ ഒരു വിശുദ്ധനായോ ചുരുങ്ങിയപക്ഷം വാഴ്ത്തപ്പെട്ടവനായോ പ്രഖ്യാപിക്കാൻ നല്ല സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ സുവിശേഷപ്രസംഗങ്ങളിൽ ചിലതെല്ലാം കേൾക്കാനുള്ള ഭാഗ്യം / നിർഭാഗ്യം / യോഗം ജയശങ്കറിനുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു പ്രസംഗത്തിൽ പറയുന്നത് ജനിതകം എന്ന് നമ്മൾ ധരിച്ചുവച്ചിരിക്കുന്ന പല രോഗങ്ങളുടെയും കാരണം മാതാപിതാക്കളുടെ പാപം ( മദ്യപാനം, ലൈംഗികപാപങ്ങൾ തുടങ്ങിയവ) ആണെന്നാണ്. അതിന് ശാസ്ത്രീയതെളിവ് ഒന്നും ഇല്ല. അദ്ദേഹത്തിന് വെളിപാട് കിട്ടിയതാണ് എന്നാണ് ജയശങ്കർ മനസിലാക്കുന്നത്. ഈ പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജയശങ്കറിന്റെ പരിചയത്തിലുള്ള പല വൈദികരും കന്യാസ്ത്രീകളും ഇത്തരം രോഗികളെ ശുശ്രൂഷിക്കുന്നുണ്ട്. ഇക്കാര്യം പറഞ്ഞപ്പോൾ അവരെല്ലാവരും അതിൽ ദുഃഖം രേഖപ്പെടുത്തി എന്ന് മാത്രമല്ല ഫാദർ ഡൊമിനിക് വാളന്മനാൽ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു എന്ന അഭിപ്രായവും രേഖപ്പെടുത്തി. ജയശങ്കർ തന്നെ ഈ വീഡിയോ കണ്ടപ്പോൾ അന്തം വിട്ടുപോയത്രേ. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ വൈദികരും കന്യാസ്ത്രീകളും പറഞ്ഞത് ഫാദർ ഡൊമിനിക് പറയുന്ന കാര്യങ്ങൾക്കൊന്നും സഭയുടെയോ സമുദായത്തിന്റെയോ അംഗീകാരം ഇല്ല എന്നാണത്രെ.
അതിനിടെ ഈ അച്ചൻ അയർലണ്ടിൽ പോയി. അവിടെ ഓട്ടിസം ഉണ്ടായിരുന്ന രണ്ടുപേരെ സുഖപ്പെടുത്തി എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ ഉണ്ടായിരുന്ന അസുഖമാണോ ഭേദപ്പെടുത്തിയത് എന്ന് ജയശങ്കറിന് ഉറപ്പില്ല.
ഇത്തരം അത്ഭുതപ്രവർത്തനങ്ങളുമായി ഈ അച്ചൻ ഓസ്‌ട്രേലിയ സന്ദർശിക്കാൻ ഒരുങ്ങുകയായിരുന്നു.അവിടുത്തെ ഏതൊക്കെയോ വൈദികർ ക്ഷണിച്ചിട്ടാണ് അതെന്നാണ് ജയശങ്കറിന് കിട്ടിയ വിവരം. എന്നാൽ അവിടുത്തെ സുറിയാനി കത്തോലിക്കർ തന്നെ അച്ചനെതിരെ പ്രതിഷേധിച്ചു.പ്രതിഷേധം പടർന്നുപിടിച്ചതിനാൽ അച്ചനുള്ള ക്ഷണം അവർ പിൻവലിച്ചു എന്നതാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള സദ്‌വാർത്ത എന്ന് ജയശങ്കർ ആശ്വസിക്കുന്നു..
ഇതുപോലുള്ള വൈദികർ വയറ്റിപ്പിഴപ്പുകാരാണ് എന്നാണ് ജയശങ്കറിന്റെ അഭിപ്രായം. ഈ വാക്ക് അദ്ദേഹം രണ്ടു തവണ ആവർത്തിക്കുന്നുണ്ട്. അവർ ഓരോ സമയത്തും ഓരോ വെളിപാടുകൾ ഉണ്ടാക്കി ഇല്ലാത്ത രോഗങ്ങൾ ചികിൽസിച്ചു മാറ്റുകയും ഉള്ള രോഗങ്ങൾ ചികിൽസിക്കാതെ മാറ്റുകയും ചെയ്യുന്ന പല വിദ്യകളും പയറ്റിക്കൊണ്ടിരിക്കുകയാണത്രേ.
യേശുക്രിസ്തു മരിച്ചവരെ ഉയിർപ്പിക്കുന്നതടക്കം പല അത്ഭുതങ്ങളും പ്രവർത്തിച്ചിട്ടുള്ളതായി ജയശങ്കറിന് അറിയാം. മുരിങ്ങൂരിലെ മുഖ്യ പ്രസംഗകനായ ഫാദർ നായ്ക്കംപറമ്പിലിനെക്കുറിച്ചും ജയശങ്കറിന് ചിലതൊക്കെ പറയാനുണ്ട്. മുരിങ്ങൂരിൽ ഒരുപാട് അത്ഭുതരോഗസൗഖ്യങ്ങൾ നടക്കുന്നുണ്ടെന്ന് പറയുമ്പോഴും ഫാദർ നായ്ക്കംപറമ്പിലിന് വയറുകടി വന്നപ്പോൾ ലിസി ആശുപത്രിയിൽ പോയി ചികിൽസിച്ചുമാറ്റേണ്ടി വന്നു.
കാരണം പ്രാർത്ഥന കൊണ്ട് വയറുകടി മാറില്ല. അതിന് മരുന്ന് തന്നെ വേണം . ഇദ്ദേഹവും ജയശങ്കറിന്റെ അഭിപ്രായത്തിൽ ഒരു വയറ്റിപ്പിഴപ്പുകാരനാണ്. ഇത്ര നല്ല കത്തോലിക്കാസഭയിൽ ഇത്തരം വിഷജീവികൾ ഉണ്ടല്ലോ എന്നോർത്തു ജയശങ്കർ ദുഖിക്കുന്നു. അതോടൊപ്പം ഫാദർ വാളന്മനാലിന്റെ ഓസ്‌ട്രേലിയ യാത്ര കാൻസൽ ചെയ്യിച്ച അവിടുത്തെ സുറിയാനി കത്തോലിക്കരെ അഭിനന്ദിക്കുക കൂടി ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ പ്രസംഗം സമാപിക്കുന്നു.
ഒരു സാധാരണ മനുഷ്യനാണ് ഇത് പറഞ്ഞതെങ്കിൽ ഞാൻ അതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമായിരുന്നു. എന്നാൽ അഡ്വക്കേറ്റ് ആയ ഒരാൾ, അതും ഏതാണ്ട് പത്തറുപത് വയസെങ്കിലും തോന്നിക്കുന്ന ഒരാൾ ഇങ്ങനെ പറഞ്ഞപ്പോൾ അതിന്റെ സത്യം എന്തെന്ന് അറിയണം എന്ന് ആഗ്രഹം തോന്നി.
അങ്ങനെ കുഞ്ഞുങ്ങൾക്ക് ചില പ്രത്യേകരോഗങ്ങൾ വരാനുള്ള കാരണങ്ങളെക്കുറിച്ച് സാധിക്കുന്നിടത്തെല്ലാം നിന്ന് വിവരങ്ങൾ ശേഖരിച്ച് പഠിക്കാൻ ആരംഭിച്ചു. ഈ കേസിലെ മുഖ്യപ്രതി ഫാദർ ഡൊമിനിക് ആയതിനാൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പലതും യൂട്യൂബിൽ കേട്ടു.
കൂടാതെ ഫാദർ ഡൊമിനിക് വാളന്മനാലിന്റെ ധ്യാനകേന്ദ്രം സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലയിലെ അണക്കരയിൽ പോയി അവിടുത്തെ കാര്യങ്ങൾ നേരിട്ട് മനസിലാക്കുകയും അത്ഭുതരോഗസൗഖ്യം ലഭിച്ചു എന്ന് അവകാശപ്പെടുന്ന നിരവധി വ്യക്തികൾ പേരും മേൽവിലാസവും വച്ച് അയച്ച സാക്ഷ്യപത്രങ്ങൾ വായിക്കുകയും അവരിൽ പലരോടും നേരിട്ടോ ഫോണിൽ കൂടിയോ സംസാരിക്കുകയും ചെയ്തു. അതിന്റെ വെളിച്ചത്തിൽ എനിക്ക് ബോധ്യമായ വസ്തുതകൾ താഴെക്കൊടുക്കുന്നു.
1. അഡ്വ. ജയശങ്കർ പരാമർശിക്കുന്ന വീഡിയോ പൂർണ്ണമല്ല എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. ഫാദർ ഡൊമിനിക്കിന്റെ പ്രസംഗങ്ങളിൽ ചില ഭാഗങ്ങൾ മുറിച്ചെടുത്ത് എഡിറ്റ് ചെയ്ത് തങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ മാത്രം പലരും പ്രചരിപ്പിക്കുന്നുണ്ട്. അത്തരം ഒരു വീഡിയോ ആണ് ജയശങ്കർ കണ്ടത് എന്നാണ് എനിക്ക് മനസിലായത്. കാരണം ഫാദർ ഡൊമിനിക്കിന്റെ പ്രസംഗത്തിൽ പറയുന്നതുതന്നെ മാതാപിതാക്കളുടെ മോശമായ ജീവിതരീതികൾ കാരണം കുഞ്ഞുങ്ങൾക്ക് ഇത്തരം രോഗങ്ങൾ വരാൻ സാധ്യതയുണ്ട് എന്നാണ്. വരാൻ സാധ്യതയുണ്ട് എന്നതിന് തീർച്ചയായും വരും എന്നൊരർത്ഥം ഇല്ല എന്ന് ഒരു വക്കീലിനോട് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. ഈ വാക്യത്തിന്റെ തന്നെ മുൻപും പിൻപും ഉള്ള ഭാഗങ്ങൾ ശ്രദ്ധിച്ചാൽ ഫാദർ ഡൊമിനിക് എന്താണ് ഉദ്ദേശിച്ചത് എന്ന് കൃത്യമായി മനസിലാകും. എന്നാൽ വീഡിയോ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം സത്യം അറിയിക്കുക എന്നതല്ലല്ലോ.
2. ഇനി അച്ചൻ പറയുന്ന കാര്യങ്ങൾക്ക് ശാസ്ത്രീയ തെളിവുകൾ ഇല്ല എന്ന് ജയശങ്കർ പറയുന്നു. സത്യത്തിൽ ആദ്യം ഞാനും അങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാൽ പിന്നീട് എനിക്ക് എന്റെ അഭിപ്രായം മാറ്റേണ്ടിവന്നു. അതിന്റെ കാരണം അമേരിക്കയിൽ നടന്ന ചില ശാസ്ത്രീയ പഠനങ്ങളുടെ റിപ്പോർട്ട് ആണ്. അതിന്റെ പ്രസക്തഭാഗങ്ങൾ ഒരു ലേഖനത്തിൽ വന്നത് ഏറ്റവും താഴെക്കൊടുക്കുന്നു. ആർക്കും നേരിട്ട് പരിശോധിച്ച് ഈ വസ്തുതകളുടെ ആധികാരികത ബോധ്യപ്പെടാവുന്നതേയുള്ളൂ. എങ്കിലും അച്ചന് ഇത് വെളിപാടിലൂടെ കിട്ടിയതാണ് എന്ന് ജയശങ്കർ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. വെളിപാടുകളിലും യേശുക്രിസ്തുവിന്റെ ദൈവികശക്തിയിലും വിശ്വാസവുമില്ലാത്തവർക്ക് ശാസ്ത്രീയപഠനങ്ങളുടെ റിപ്പോർട്ട് വായിച്ചിട്ട് എന്തുതോന്നുന്നു? അമ്മയുടെ മദ്യപാനവും പുകവലിയും (passive smoking അടക്കം) ഗർഭസ്ഥശിശുവിന്റെ ശാരീരിക-മാനസിക വളർച്ചയെ ബാധിക്കുകയും വൈകല്യങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് തെളിയിക്കാൻ ഇത്രയുമൊക്കെ പോരെ വക്കീലേ?
3. ഇനി ഫാദർ ഡൊമിനിക്കിനെ കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാര്യം. അത് അച്ചന്റെ മരണശേഷം കത്തോലിക്കാ സഭ തീരുമാനിച്ചുകൊള്ളും. കത്തോലിക്കാ സഭ ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത് ആരുടെയെങ്കിലും യൂട്യൂബ് പ്രസംഗം കേട്ടിട്ടല്ല. ആ വ്യക്തിയുടെ മാധ്യസ്ഥം വഴിയായി നടന്ന അത്ഭുതങ്ങൾ ശാസ്ത്രീയപഠനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെടുകയും ആ വ്യക്തി യഥാർത്ഥ കത്തോലിക്കാവിശ്വാസത്തിലാണ് മരിച്ചത് എന്നും വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഒരു കാര്യങ്ങളും അദ്ദേഹം ജീവിതകാലത്ത് ചെയ്തിട്ടില്ല എന്നും ബോധ്യമായതിനുശേഷമാണ്. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ തീർച്ചയായും അഡ്വ. ജയശങ്കറിന് തന്റെ വാദങ്ങൾ തെളിവുസഹിതം ഉന്നയിക്കാൻ അവസരം ലഭിക്കുന്നതാണ്. മാന്നാനവും ഭരണങ്ങാനവുമൊന്നും ഏറെ ദൂരെയല്ലല്ലോ. അൽഫോൻസാമ്മയെയും ചാവറയച്ചനെയും ഒക്കെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് മുൻപ് വർഷങ്ങൾ നീണ്ട ഒരു പ്രക്രിയ ഉണ്ടായിരുന്നു എന്നും അത് അങ്ങേയറ്റം സുതാര്യമായിരുന്നു എന്നുമുള്ള കാര്യം മറന്നുപോകാൻ സമയമായില്ലല്ലോ സർ.
4. ഇനി ജയശങ്കറിന്റെ സുഹൃത്തുക്കളായ ചില വൈദികരുടെയും കന്യാസ്ത്രീകളുടെയും അഭിപ്രായം. തീർച്ചയായും അവർ അങ്ങനെയേ പറയൂ. കാരണം അവർ ജയശങ്കറിന്റെ സുഹൃത്തുക്കളാണല്ലോ. Birds of the same feather flock together എന്നോ മറ്റോ ഒരു പ്രയോഗം പഠനകാലത്തെവിടെയോ കേട്ടതായി ഓർക്കുന്നു. ഡൊമിനിക്കച്ചൻ അങ്ങനെ പറഞ്ഞതിൽ ദുഃഖം രേഖപ്പെടുത്തിയ ജയശങ്കറിന്റെ എല്ലാ സുഹൃത്തുക്കളെയും എന്റെ അനുശോചനം അറിയിക്കുന്നു. എന്റെ സുഹൃത്തുക്കളായ അനേകം അച്ചന്മാരും കന്യാസ്ത്രീകളും ഡൊമിനിക്കച്ചൻ പറഞ്ഞ കാര്യങ്ങളെ അഭിനന്ദിച്ചു എന്ന് പറയാൻ കൂടി ഞാൻ ഈ അവസരം വിനിയോഗിക്കുകയാണ്.
5. അടുത്തത് വളരെ ഗൗരവമേറിയ വിഷയമാണ്. ജയശങ്കറിന്റെ സുഹൃത്തുക്കളായ വൈദികരും കന്യാസ്ത്രീകളും പറഞ്ഞത് ഡൊമിനിക്കച്ചൻ പറഞ്ഞതെല്ലാം സഭയുടെയോ സമുദായത്തിന്റെയോ അംഗീകാരം ഇല്ലാത്ത കാര്യം ആണെന്നാണ്. എന്റെ അന്വേഷണത്തിൽ മനസിലായത് ഫാദർ ഡൊമിനിക്കിന്റെ മരിയൻ ധ്യാനകേന്ദ്രം കത്തോലിക്കാസഭയിലെ സീറോ മലബാർ റീത്തിലെ കാഞ്ഞിരപ്പള്ളി രൂപതയുടെ ഔദ്യോഗിക ധ്യാനകേന്ദ്രം ആണ് എന്നാണ്. സഭയുടെ അംഗീകാരമില്ലാത്ത കാര്യങ്ങൾ ആണ് അവിടെ നടക്കുന്നത് എന്നത് പച്ചക്കള്ളം. ജയശങ്കറിനോട് ഈ അഭിപ്രായം പറഞ്ഞവർ ശരിക്കും അച്ചന്മാരും കന്യാസ്ത്രീകളും തന്നെയാണോ എന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ്. ഈ വേഷങ്ങളിൽ ഒക്കെ പല കള്ളനാണയങ്ങളും നമുക്കും ചുറ്റും പ്രചരിക്കുന്നുണ്ട്. അതിബുദ്ധിമാന്മാരെന്ന് സ്വയം കരുതുന്ന പല നിയമവിശാരദരും അവരുടെ കെണിയിൽ പെട്ടിട്ടുണ്ടെന്നു ഞാൻ പറഞ്ഞാൽ ജയശങ്കർ തർക്കിക്കാൻ വരുമോ ആവോ?
ഇക്കാര്യങ്ങളിലുള്ള സഭയുടെ നിലപാട് അറിയണമെങ്കിൽ കോട്ടയത്തുനിന്ന് കുമളിക്കുപോകുന്ന ഏതെങ്കിലും ബസിൽ കയറി ഒരു മണിക്കൂർ യാത്ര ചെയ്‌താൽ കാഞ്ഞിരപ്പള്ളിയിലെത്താം. ആരോടു ചോദിച്ചാലും ബിഷപ്‌സ് ഹൌസ് കാണിച്ചുതരും. ജയശങ്കറിന് അവിടെ പോയി നേരിട്ട് ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ. വിശ്വാസസംബന്ധിയായ കാര്യങ്ങളെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാൻ കത്തോലിക്കാസഭ ചുമതലപ്പെടുത്തിയിരിക്കുന്നത് ആ രൂപതയിലെ മെത്രാനെയാണ്.
6 . ഇനി ജയശങ്കറിന്റെ മറ്റൊരു സംശയം ഫാദർ ഡൊമിനിക് സുഖപ്പെടുത്തി എന്ന് പറയുന്നവർ ശരിക്കും രോഗികൾ ആയിരുന്നോ എന്നാണ്. സംശയിക്കേണ്ട വക്കീലേ. അവർ ശരിക്കും രോഗികൾ തന്നെയാണ്. സംശയമുണ്ടെങ്കിൽ എന്റെ ഫോൺ നമ്പർ താഴെക്കൊടുക്കുന്നുണ്ട്. കൃത്യമായ തെളിവ് ഞാൻ തരാം. വ്യത്യസ്തമായ രോഗങ്ങളുള്ള നൂറുകണക്കിന് രോഗികൾ പ്രാർത്ഥനയിലൂടെ സൗഖ്യം നേടിയിട്ടുണ്ട് എന്നത് ഞാൻ നേരിട്ട് പരിശോധിച്ചറിഞ്ഞ വസ്തുതയാണ്.
7. ഇനി, ഫാദർ ഡൊമിനിക് വയറ്റിപ്പിഴപ്പുകാരനാണ് എന്ന പരിഹാസം. ഞാൻ ജയശങ്കറിനോട് സഹതപിക്കുന്നു. 1980കളിൽ കാശുമുടക്കാതെ തന്നെ ജർമ്മനിയിൽ പഠിച്ച് ഉന്നതബിരുദങ്ങൾ സമ്പാദിക്കാനുള്ള അവസരം വേണ്ടെന്നുവച്ചിട്ടാണ് അദ്ദേഹം പൗരോഹിത്യവൃത്തിയിലേക്ക് തിരിഞ്ഞതെന്ന കാര്യം അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളിലും ഞാൻ കേട്ടിട്ടുണ്ട്. പിന്നെ ജയശങ്കറിന് അറിയില്ലാത്ത ഒരു കാര്യം ഞാൻ പറഞ്ഞുതരാം. രഹസ്യമാണ് കേട്ടോ. കത്തോലിക്കാസഭയിലെ ഒരു വൈദികനും വയറ്റിപ്പിഴപ്പിനുവേണ്ടി കള്ളം പറയേണ്ട കാര്യമില്ല. കാരണം മരിക്കുന്നതുവരെ അവരുടെ ഭക്ഷണവും പാർപ്പിടവും ചികിത്സയും സഭയുടെ ഉത്തരവാദിത്വമാണ്. അങ്ങനെ ഒരു ഗ്യാരണ്ടി ഉള്ളതുകൊണ്ടാണ് അവർക്ക് എവിടെയും സത്യം വിളിച്ചുപറയാൻ കഴിയുന്നത്. അങ്ങനെയൊരു ഗ്യാരണ്ടി ഇല്ലാത്തതുകൊണ്ടല്ലേ വക്കീലേ, നമ്മളെപ്പോലുള്ളവരൊക്കെ അരച്ചാൺ വയറിനുവേണ്ടി എന്ത് വൃത്തികേടും ചെയ്യുന്നത്!
8. ഇനി ഫാദർ നായ്ക്കംപറമ്പിലിന്റെ കാര്യം. അദ്ദേഹത്തിന്റെ പ്രാർത്ഥന വഴിയായി ആയിരങ്ങൾക്ക് രോഗസൗഖ്യം കിട്ടിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന് രോഗം വന്നപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടേണ്ടിവന്നു. അതിനുകാരണം വക്കീലിന്റെ ചെറിയ ബുദ്ധിയിൽ തോന്നിയതുപോലെ വയറുകടി പ്രാർത്ഥനകൊണ്ട് ഭേദമാകില്ല എന്നതല്ല. മറിച്ച് ആത്മീയദാനങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്നതുകൊണ്ടാണ്. അത് വലിയൊരു ആത്മീയരഹസ്യമാണ്. അത് മനസിലാക്കാനുള്ള പ്രാപ്തി ജയശങ്കറിന് ഇപ്പോഴില്ല. ഉണ്ടെങ്കിൽ ഇങ്ങനെയൊരു വിലകുറഞ്ഞ അഭിപ്രായം പറയില്ലായിരുന്നു. താങ്കളുടെ അറിവിലേക്കായി പറയാം. അനേകർക്ക് പ്രാർത്ഥനയിലൂടെ രോഗസൗഖ്യം കൊടുക്കുന്ന സുവിശേഷപ്രഘോഷകരെല്ലാവരും തങ്ങളുടെ രോഗങ്ങൾക്ക് ചികിത്സ തേടുകതന്നെയാണ് ചെയ്യുന്നത്. വീണ്ടും പറയട്ടെ. അതൊരു വലിയ ആത്മീയരഹസ്യമാണ്. എന്നെങ്കിലുമൊരിക്കൽ താങ്കൾക്ക് അത് ഗ്രഹിക്കാനുള്ള ജ്ഞാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
9. ഫാദർ വാളന്മനാലും ഫാദർ നായ്ക്കംപറമ്പിലും കത്തോലിക്കാസഭയിലെ വിഷജീവികളാണ് എന്ന കണ്ടുപിടിത്തത്തിന് നന്ദി. ഇനി അഭിഭാഷകസമൂഹത്തിലെ വിഷജീവികളെക്കുറിച്ച് കൂടി പറഞ്ഞാൽ നന്നായിരുന്നു.
10. ഇനി ഇതുമായി ബന്ധപ്പെടാത്ത ഒരു കാര്യം കൂടി എഴുതാം. ഫാദർ ജെയിംസ് മഞ്ഞാക്കൽ എന്ന കത്തോലിക്കാ വൈദികനെക്കുറിച്ച് ജയശങ്കർ കേട്ടിട്ടുണ്ടോ? മലയാളിയാണ്. 2012 ഡിസംബർ 21 മുതൽ ഗല്ലൻബാരി സിൻഡ്രോം എന്ന രോഗം പിടിപെട്ടു ശരീരം തളർന്നുപോയ അദ്ദേഹം ഇത്രയും കാലം വീൽചെയറിലായിരുന്നു. 07 08 2019 ന് അദ്ദേഹം അത്ഭുതകരമായി സൗഖ്യംപ്രാപിച്ചു എന്ന് മാത്രമല്ല നടക്കുകയും ചെയ്തു. വിവരങ്ങൾ ഇത്ര വിശദമായി പറയുന്നതിന്റെ കാരണം, വക്കീലല്ലേ, തെളിവില്ലാത്തതുകൊണ്ട് ഈ കേസും തള്ളിക്കളയരുതെന്നോർത്താണ്. പ്രാർത്ഥന കൊണ്ട് രോഗസൗഖ്യം കിട്ടും എന്ന് ജയശങ്കറിന് ഇനിയും വിശ്വാസമില്ലെങ്കിൽ അച്ചനെ നേരിട്ട് ബന്ധപ്പെട്ട് സംശയനിവൃത്തി വരുത്താവുന്നതാണ്. അച്ചൻ ഇപ്പോൾ ജർമനിയിലാണ്. കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ അച്ചൻ വീൽചെയറിലിരുന്നുതന്നെ യൂറോപ്പിലെ വിവിധരാജ്യങ്ങളിൽ സുവിശേഷം പറയുന്നതിന്റെ വീഡിയോകൾ ഇപ്പോഴും ലഭ്യമാണ്. സൗഖ്യം ലഭിച്ചതിനുശേഷം അച്ചൻ നടക്കുന്ന വീഡിയോയും കാണണേ.
11. ഫാദർ ഡൊമിനിക് ഒരു ധ്യാനഗുരു ആണെന്നാണ് പറയുന്നത് എന്ന് ജയശങ്കർ പറയുന്നു. ജയശങ്കർ ഒരു വക്കീൽ ആണെന്നാണ് പറയുന്നത് എന്ന് ഞാൻ ഈ ലേഖനത്തിൽ എഴുതിയാൽ എങ്ങനെയിരിക്കും? സംശയിക്കേണ്ട വക്കീലേ, അദ്ദേഹം ഒരു ധ്യാനഗുരു തന്നെയാണ്.
12. അദ്ദേഹത്തിന്റെ സുവിശേഷപ്രസംഗങ്ങളിൽ ചിലതെല്ലാം കേൾക്കാനുള്ള ഭാഗ്യമോ നിർഭാഗ്യമോ അതുമല്ലെങ്കിൽ യോഗമോ തനിക്കുണ്ടായിട്ടുണ്ടെന്ന് ജയശങ്കർ പറയുന്നു. എനിക്ക് തോന്നുന്നത് ഫാദർ ഡൊമിനിക്കിന്റെ ഒരു പ്രസംഗം പോലും ഇദ്ദേഹം പൂർണ്ണമായി കേട്ടിട്ടില്ല എന്നാണ്. ആകെ കേട്ടിട്ടുണ്ടാകുക ചില പ്രസംഗങ്ങളുടെ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന ഭാഗങ്ങൾ മാത്രം. അഥവാ അച്ചന്റെ ചില പ്രസംഗങ്ങൾ എങ്കിലും ജയശങ്കർ കേട്ടിട്ടുണ്ടെങ്കിൽ സംശയിക്കേണ്ട, അത് ഭാഗ്യമല്ല, മഹാഭാഗ്യമാണ്. അച്ചന്റെ ഓരോ ധ്യാനത്തിനും സീറ്റ് കിട്ടാൻ മുപ്പതിനായിരത്തിനടുത്ത് ആളുകൾ വിളിക്കുന്നുണ്ട്. ഇത് വെറുതെ പറയുന്നതല്ല. വിളിച്ച എല്ലാ നമ്പറുകളുടെയും ലിസ്റ്റ് അവരുടെ കമ്പ്യൂട്ടറിൽ ഇപ്പോഴും ഉണ്ട്. അതിൽ നിന്ന് അറുനൂറോളം പേർക്ക് മാത്രമാണ് ധ്യാനത്തിൽ പങ്കെടുക്കാൻ കഴിയുക. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള അവിടെ എല്ലാ മാസത്തേയും ആദ്യശനിയാഴ്ചത്തെ കൺവെൻഷന് വരുന്നത് ഇരുപതിനായിരത്തിൽ അധികം ആളുകളാണ്. അങ്ങനെയൊരാളുടെ സുവിശേഷപ്രസംഗം കേൾക്കാൻ അവസരം ലഭിച്ച താങ്കൾ തീർച്ചയായും ഭാഗ്യവാനാണ്. കേട്ട വചനങ്ങൾ എന്നെങ്കിലും താങ്കളിൽ ഫലം പുറപ്പെടുവിക്കും എന്നുതന്നെ ഞാൻ വിശ്വസിക്കുകയും താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പിന്നെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു പ്രസംഗത്തെകുറിച്ചാണ് താങ്കൾ പരാമർശിക്കുന്നത് എന്ന് സൂചിപ്പിച്ചല്ലോ. ഫാദർ ഡൊമിനിക്കിന്റെ പ്രസിദ്ധമായ പ്രസംഗങ്ങൾ ഇതൊന്നുമല്ല സുഹൃത്തേ. സമയം കിട്ടുമ്പോൾ ഒന്ന് യൂട്യൂബിൽ പരിശോധിച്ചുനോക്കുക.
13. ഇനി ഓസ്‌ട്രേലിയയിലെ കാര്യം. ഓസ്‌ട്രേലിയയിൽ മാത്രമല്ല, അയർലണ്ടിലും അമേരിക്കയിലും കാനഡയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഫാദർ ഡൊമിനിക്കിനെതിരെ പ്രചരണം നടക്കുന്നുണ്ട്. അതിന് കാരണം ജയശങ്കർ പറയുന്നതല്ല. ഭ്രൂണഹത്യ, വ്യഭിചാരം, സ്വവർഗലൈംഗികബന്ധങ്ങൾ, മദ്യപാനം,വിവാഹമോചനം, ധനാസക്തി തുടങ്ങിയ കാര്യങ്ങൾ തെറ്റാണ് എന്നും ക്രിസ്തീയവിശ്വാസമനുസരിച്ച് അവയെല്ലാം വലിയ പാപങ്ങളാണെന്നും ഫാദർ ഡൊമിനിക് തന്റെ സുവിശേഷപ്രസംഗങ്ങളിൽ വെട്ടിത്തുറന്ന് പറയാറുണ്ട്. ഇത്തരം തിന്മകളിൽ അഭിരമിക്കുന്ന വ്യക്തികളും സമൂഹങ്ങളും അവയ്ക്ക് നിയമസാധുത കൊടുക്കുന്ന രാജ്യങ്ങളും ഫാദർ ഡൊമിനിക്കിനെതിരെ മാത്രമല്ല സത്യം തുറന്നുപറയുന്ന എല്ലാ വൈദികർക്കുമെതിരെ അണിനിരന്നു തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. ജയശങ്കർ അത് അറിയാൻ അല്പം താമസിച്ചുപോയി എന്ന് മാത്രം.
14. ഓസ്‌ട്രേലിയയിലെ സുറിയാനി കത്തോലിക്കർ സംഘടിച്ച് പ്രതിഷേധിച്ചതുകൊണ്ടല്ല ഡൊമിനിക്കച്ചന്റെ യാത്ര മുടങ്ങിയത്. വിദേശങ്ങളിലുള്ള അച്ചന്റെ സുവിശേഷപ്രസംഗങ്ങൾ കുറയ്ക്കാൻ ദൈവം തന്നെ ഒരു വഴി തുറന്നുകൊടുത്തതാണ് അത്. ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ അച്ചന്റെ 2016 മുതലുള്ള പ്രസംഗത്തിന്റെ വീഡിയോകൾ എടുത്തുനോക്കുക. അതിൽ പലതിലും അച്ചൻ ആവർത്തിക്കുന്ന ഒരു കാര്യമുണ്ട്.’ എനിക്ക് വിദേശങ്ങളിൽ എവിടെയും പോകാൻ ഇഷ്ടമില്ല. അണക്കരയിൽ തന്നെ ഇരുന്നു ശുശ്രൂഷ ചെയ്യാനാണ് താല്പര്യം. അവിടുത്തെ ബിഷപ്പുമാരുടെയും വൈദികരുടെയും ഒക്കെ നിർബന്ധം കൊണ്ടാണ് അവിടെ പോകേണ്ടിവരുന്നത്.’
ഞാനിത് പറയുമ്പോൾ ജയശങ്കറിന്റെ വക്കീൽ ബുദ്ധിയിൽ തോന്നുക ഓസ്‌ട്രേലിയൻ സന്ദർശനം കാൻസൽ ചെയ്യതിന്റെ വിഷമം തീർക്കാൻ മുൻകൂർ ജാമ്യം എടുക്കുകയാണ് എന്നായിരിക്കും. അതുകൊണ്ടുതന്നെ അച്ചൻ ഇതേ കാര്യം പറഞ്ഞിട്ടുള്ള ഒരു പ്രസംഗത്തിന്റെ വിശദവിവരങ്ങൾ തരാം. 2016 ജൂലൈ 13 ന് അണക്കരയിൽ അച്ചൻ ചെയ്ത പ്രസംഗത്തിന്റെ അവസാനഭാഗം ഒന്നു ശ്രദ്ധിച്ചുകേൾക്കുക. അത് യൂട്യൂബിൽ ഇപ്പോഴും ലഭ്യമാണ്. ആ പ്രസംഗത്തിൽ അതിപ്രധാനമായ ഒട്ടനേകം വെളിപ്പെടുത്തലുകൾ ഉള്ളതുകൊണ്ട് അതിന്റെ ആയിരക്കണക്കിന് കോപ്പികൾ ബുക്ക് ലെറ്റ് രൂപത്തിൽ ചില വ്യക്തികൾ പ്രചരിപ്പിച്ചിട്ടുമുണ്ട്.
15. പിന്നെ അച്ചൻ ഓസ്‌ട്രേലിയ സന്ദർശനത്തിനായി പോകാൻ ഒരുങ്ങുകയായിരുന്നു എന്ന ജയശങ്കറിന്റെ നിഗമനം തെറ്റ്. അച്ചൻ ഇതുവരെ 98 വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ട്. അവിടെ പോയതെല്ലാം സുവിശേഷം പറയാൻ വേണ്ടി മാത്രമാണ്. ഓസ്‌ട്രേലിയയിലെ സുറിയാനി കത്തോലിക്കരായ ജയശങ്കറിന്റെ സുഹൃത്തുക്കളോട് ഒന്ന് ചോദിക്കുക. ഇതിനു മുൻപ് അവിടെ ചെന്നപ്പോഴൊക്കെ സുവിശേഷം പ്രസംഗിക്കുക, അടുത്ത ഫ്‌ളൈറ്റിന് തിരിച്ചു പോരിക എന്നതല്ലാതെ അച്ചൻ വേറെ എന്തെങ്കിലും കാര്യം ചെയ്യുകയോ വേറെ എവിടെയെങ്കിലും പോവുകയോ ചെയ്തിട്ടുണ്ടോ എന്ന്.
16. അഡ്വ. ജയശങ്കറിനെ ഒരു കാര്യത്തിൽ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. യേശുക്രിസ്തു മരിച്ചവരെ ഉയിർപ്പിക്കുന്നതടക്കം നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുള്ളതായി അദ്ദേഹം സമ്മതിക്കുന്നുണ്ട്. പ്രധാനപ്പെട്ട കാര്യം അതുതന്നെയാണ്. ഫാദർ ഡൊമിനിക്കോ ഫാദർ നായ്ക്കംപറമ്പിലോ ഒന്നുമല്ല. യേശുക്രിസ്തു തന്റെ കുരിശുമരണത്തിന്റെ തലേ രാത്രിയിൽ ശിഷ്യന്മാരോട് പറഞ്ഞ ഒരു വചനം ഉദ്ധരിക്കട്ടെ; ‘ സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്ക് പോകുന്നതുകൊണ്ട് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും. നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ പ്രവർത്തിക്കും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനത് ചെയ്തുതരും ( യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായം 12 മുതൽ 14 വരെയുള്ള വചനങ്ങൾ). ഇങ്ങനെ വാഗ്ദാനം ചെയ്ത യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന് ജയശങ്കർ വിശ്വസിക്കുന്നുവെങ്കിൽ യേശുവിൽ വിശ്വസിക്കുന്നവർക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും എന്ന് സമ്മതിക്കാൻ എന്തിനു മടിക്കണം?
ഇന്നും ജീവിച്ചിരിക്കുന്നവനായ യേശുക്രിസ്തു ഫാദർ ഡൊമിനിക്കിനെപ്പോലുള്ള സുവിശേഷപ്രഘോഷകരിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്ന കാര്യത്തിൽ ഇനിയും സംശയമുണ്ടെങ്കിൽ ശ്രീമതി പ്രതിഭാപാട്ടീലിനോട് ചോദിക്കുക. അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ. അവർ രാഷ്‌ട്രപതി ആയിരുന്നപ്പോൾ അവരുടെ പേരക്കുട്ടി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം കൈയൊഴിഞ്ഞിട്ടും എങ്ങനെയാണ് മരണത്തിൽ നിന്ന് തിരിച്ചുവന്നത് എന്ന് അന്വേഷിച്ചറിയുക.
പക്ഷെ അതിനേക്കാളൊക്കെ എളുപ്പം ഒന്ന് അണക്കര വരെ പോയി കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുന്നതല്ലേ? എറണാകുളത്തുനിന്ന് ബസ് കയറിയാൽ അഞ്ചര മണിക്കൂർ കൊണ്ട് എത്താവുന്നതേയുള്ളൂ. പോകുന്നതിനുമുമ്പ് ബൈബിൾ തുറന്ന് വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തിന്റെ രണ്ടാം അധ്യായം പതിനാലാം വചനം ഒരാവർത്തി വായിക്കുന്നത് നല്ലതാണ്.
“ലൗകിക മനുഷ്യന് ദൈവാത്മാവിന്റെ ദാനങ്ങൾ ഭോഷത്തമാകയാൽ അവൻ അത് സ്വീകരിക്കുന്നില്ല. ഈ ദാനങ്ങൾ ആത്മീയമായി വിവേചിക്കപ്പെടേണ്ടവയാകയാൽ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല”.
ലോകമെങ്ങുമുള്ള തിന്മയുടെ അതിപ്രസരവും ക്രിസ്തുവിന്റെ സുവിശേഷം വെള്ളം ചേർക്കാതെ പ്രസംഗിക്കുന്ന സുവിശേഷപ്രഘോഷകരോടുള്ള വെറുപ്പും പ്രകൃതിയിലും അന്തരീക്ഷത്തിലും കാലാവസ്ഥയിലും ദൃശ്യമാകുന്ന വിചിത്രപ്രതിഭാസങ്ങളും ഒക്കെ മനുഷ്യരാശിയുടെ ഏകരക്ഷകനായ യേശുക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ രണ്ടാം വരവിന്റെ മുന്നോടിയായി സംഭവിക്കുന്നവയാണ് എന്നതിനാൽ സത്യം അറിയാനും അതുവഴി രക്ഷ പ്രാപിക്കാനും യേശു താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് നിർത്തുന്നു.
സ്നേഹപൂർവ്വം
ജോർജ് കുരിശിങ്കൽ
ഫോൺ 9567264737