ഗ്വാളിയര്‍: ഗ്വാളിയര്‍ ബിഷപ് തോമസ് തേന്നാട്ടിന്റെ മരണത്തെക്കുറിച്ച് പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. 2018 ഡിസംബര്‍ 14 ന് റോഡപകടത്തിലാണ് ഇദ്ദേഹം മരണമടഞ്ഞത്. അപകടമരണം ആസൂത്രിതമാണെന്ന ആരോപണം ആദ്യംമുതല്‍ തന്നെ നിലവിലുണ്ടായിരുന്നു. തിടുക്കത്തിലുള്ള പോസ്റ്റ്‌മോര്‍ട്ടമാണ് ഇതിലേക്കുള്ള സംശയം ഉണര്‍ത്തിയത്.65 വയസായിരുന്നു ഇദ്ദേഹം മരിക്കുമ്പോള്‍.
ജൂലൈ 19 നാണ് ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിട്ടത്. ശരിയായ അന്വേഷണത്തിന് ഇരയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നതായി പരാതിക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
പള്ളോട്ടൈന്‍ സഭയില്‍ നിന്ന് ഇന്ത്യയില്‍ നിന്നുള്ള ആദ്യബിഷപ്പായിരുന്നു തോമസ് തേന്നാട്ട്. ഗ്വാളിയാര്‍ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ നിയമിച്ചത് 2016 ഒക്ടോബര്‍ 18 നായിരുന്നു.