മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മാസമാണല്ലോ നവംബര്‍. സ്വര്‍ഗ്ഗത്തിലെത്തിച്ചേര്‍ന്നവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യമില്ല. നരകത്തില്‍ കഴിയുന്നവരെ പ്രാര്‍ത്ഥനകൊണ്ട്് രക്ഷിക്കാനുമാവില്ല.
പിന്നെ നാം ആര്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ശുദ്ധീകരണസ്ഥലത്ത് കഴിയുന്നവര്‍ക്കുവേണ്ടി.. പരിഹാരക്കടം വീട്ടുന്നതിനാല്‍ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ സഹായിക്കാന്‍ ഭൂമിയിലുള്ള വിശ്വാസികള്‍ക്ക് കഴിയുമെന്ന് ദയാപരനായ ദൈവം നിശ്ചയിച്ചിട്ടുണ്ട്. ദൈവതിരുമുമ്പില്‍ വിലയുള്ള ഏതുപ്രാര്‍ത്ഥനയും ഉപയോഗിച്ച് നമുക്ക് അവരെ സഹായിക്കാം.വിശുദ്ധ കുര്‍ബാനയില്‍പങ്കെടുക്കുകയും വിശുദ്ധ കുര്‍ബാന മരിച്ചവര്‍ക്കുവേണ്ടി ചൊല്ലിക്കുകയും ചെയ്യുന്നത് നല്ലതാണ്; അതുപോലെ ഒപ്പീസ്, അന്നദാ എന്നിവയും.
തിരുസഭ നിശ്ചയിച്ചിട്ടുള്ളതും തിരുസഭയുടെ നാമത്തില്‍ വൈദികര്‍ ചൊല്ലുന്നതുമായ പ്രാര്‍ത്ഥനകള്‍ക്ക് വിശ്വാസികള്‍ അവരവരുടെ സ്വന്തനിലയില്‍ ചെയ്യുന്നതും ചൊല്ലുന്നതുമായ പ്രാര്‍ത്ഥനകളെക്കാള്‍ വിലയുണ്ടെന്നും മറന്നുപോകരുത്. അനേകം ദണ്ഡവിമോചനങ്ങള്‍ മരിച്ചവര്‍ക്കുവേണ്ടി തിരുസഭ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.