കാഞ്ഞിരപ്പള്ളി: സജീവമായ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിക്കേണ്ടത് അത്യാവശ്യമാണെന്നും അത് നല്ലതാണെന്നും ഏതെങ്കിലുമൊക്കെ രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗമായി നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. എന്നാല്‍ അതിനൊപ്പം കത്തോലിക്കാ കോണ്‍ഗ്രസിന്റെ കൂടി ഭാഗമായി പ്രവര്‍ത്തിക്കാനും അതിന്റെ ഭാഗമാണെന്ന് പറയാനും കഴിയണം. അദ്ദേഹം ആഹ്വാനം ചെയ്തു.
ഒരുകാലത്ത് കത്തോലിക്കാകോണ്‍ഗ്രസ് വന്‍ സ്വാധീനശക്തിയായിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസിനെ കേള്‍ക്കാനും ഒറ്റക്കെട്ടായി നില്ക്കാനും അന്ന് എല്ലാവരും തയ്യാറായിരുന്നു. സമുദായത്തിന്റെയും പൊതുസമൂഹത്തിന്‌റെയും നന്മയ്ക്കുവേണ്ടി ഇറങ്ങിത്തിരിക്കാനും ശബ്ദിക്കാനും അന്ന് കത്തോലിക്കാകോണ്‍ഗ്രസിന് സാധിച്ചിരുന്നു. വ്യക്തമായ നിലപാടുകളെടുക്കാന്‍ കരുത്തുളള സമുദായസംഘടനയായിരുന്നു അന്ന് കത്തോലിക്കാകോണ്‍ഗ്രസ്.
എന്നാല് എവിടെയൊക്കെയോ വച്ച് നമ്മുക്ക് ചിലകാര്യങ്ങള്‍ കൈമോശം വന്നുപോയി. അതുകൊണ്ട് ഇന്ന് നാം തിരിച്ചുവരവിന്റെ പാതയിലാണ്. കക്ഷിരാഷ്ട്രീയങ്ങളുടെ അതിപ്രസരമുള്ളചിന്താധാരകള്‍ ഇതിന് കാരണമായിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ ഉയിര്‍ത്തെണീല്ക്കുകയാണ്.
കക്ഷിരാഷ്ട്രീയങ്ങള്‍ ഉള്ളതിന് കുഴപ്പമൊന്നുമില്ല. പക്ഷേ രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുമ്പോഴും ഏതൊക്കെ രാഷ്ട്രീയപാര്‍ട്ടിയുടെ അംഗമാണ് നാം എന്ന് അഭിമാനത്തോടെ പറയുമ്പോഴും ഞാന്‍ കത്തോലിക്കാ സഭയുടെയും സമുദായത്തിന്റെയും ഭാഗമായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ കൂടി ഭാഗമാണെന്ന് പറയാന്‍ നമുക്കു കഴിയണം. അത് എല്ലാറ്റിനും മീതെ നില്ക്കുന്നില്ലെങ്കില്‍ നാം വിജയിക്കില്ല.
ഞാനൊരു സമുദായത്തിന്റെ സംരക്ഷകനാണ്, അതിന്റെ നാവാണ് എന്നൊരു ഉത്തമബോധ്യമില്ലെങ്കില്‍ യാതൊരു കാര്യവുമില്ല. പലപല പ്രതിസന്ധികളെ നാം നേരിട്ടുകൊണ്ടിരിക്കുന്നകാലമാണ് ഇത്. ഇവിടെ ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ നാം ഈ പ്രതിസന്ധികളില്‍ അകപ്പെട്ടുപോകും. കത്തോലിക്കാ കോണ്‍ഗ്രസ്‌കാഞ്ഞിരപ്പളളി രൂപതാ നേതൃസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.