കാക്കനാട്: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. മാര്‍പാപ്പ അനുമതി നല്കിയതോടെയാണ് ഔദ്യോഗികപ്രഖ്യാപനം നടന്നത്.
സീറോ മലബാര്‍സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ റാഫേല്‍ തട്ടില്‍. തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായിരുന്ന ഇദ്ദേഹം നിലവില്‍ ഷംഷബാദ് രൂപതയുടെ ഇടയനായിരുന്നു. 65 മെത്രാന്മാര്‍ സിനഡില്‍ അംഗമായിരുന്നു. ഇതില്‍ 80 വയസിന് താഴെയുള്ളവര്‍ക്കായിരുന്നു വോട്ടവകാശം. 53 പേരായിരുന്നു ഇതിലുണ്ടായിരുന്നത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷമുള്ളവരെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കുന്നത്.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെയും ഉജ്ജയ്ന്‍ ബിഷപ് മാര്‍ സെബാസ്‌ററ്യന്‍ വടക്കേലിന്റെയും പേരായിരുന്നു തുടക്കത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സാധ്യതാപട്ടികയിലുണ്ടായിരുന്നത്.
1956 ഏപ്രില്‍ 21 ന് ജനനം. 1980 ഡിസംബര്‍ 21 ന് വൈദികനായി. 2010 തൃശൂര്‍ അതിരൂപതാ സഹായമെത്രാനായി.. 2018 ജനുവരി ഏഴിന് ഷംഷാബാദ് രൂപതയുടെപ്രഥമ മെത്രാനായി.