കോട്ടയം: വിജയപുരം രൂപതയുടെ സഹായമെത്രാനായി
റവ. ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തിപ്പറമ്പില്‍ ഉള്‍പ്പടെ ആറു പുതിയ മെത്രാന്മാരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
തമിഴ്‌നാട്ടിലെ കുഴിതുരൈ,കുംഭകോണം,കര്‍ണ്ണാടകയിലെ കര്‍വാര്‍, മധ്യപ്രദേശിലെ ജബല്‍പ്പൂര്‍, ഉത്തര്‍പ്രദേശിലെ മീററ്റ് എന്നിവയ്ക്കാണ് പുതിയ മെത്രാന്മാരെ ലഭിച്ചത്.കുഴിതുരൈ രൂപതയുടെ മെത്രാനായി ഫാ.ആല്‍ബല്‍ട്ട് ജോര്‍ജ് അലക്‌സാണ്ടര്‍ അനസ്താസ്,കുംഭകോണം രൂപതയുടെ മെത്രാനായി ഫാ.ജീവാനന്ദം അമലനാഥന്‍, ജബല്‍പ്പൂര്‍ രൂപതയ്ക്ക് ഫാ. വലന്‍ അരസു, മീററ്റ് രൂപതയ്ക്ക് ഭാസ്‌ക്കര്‍ ജെസുരാജ്,കര്‍വാര്‍ രൂപതയ്ക്ക് ഡുമിങ് ഡയസ് എന്നിവരാണ് നിയമിതരായിരിക്കുന്നത്.
അഞ്ചുവര്‍ഷമായി വിജയപുരം രൂപതാ വികാരി ജനറലായി സേവനം ചെയ്തുവരികയായിരുന്നു റവ.ഡോ ജസ്റ്റിന്‍ അലക്‌സാണ്ടര്‍. 1972 ഏപ്രില്‍ ആറിനാണ് നിയുക്തമെത്രാന്‍ ജനിച്ചത്. പരേതയായ തെരേസ- അലക്‌സാണ്ടര്‍ ദമ്പതികളുടെ ഏകമകനാണ്.
1996 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ചു. മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ഇടവകയില്‍ സഹവികാരിയായി ആയിട്ടായിരുന്നു ആദ്യ നിയമനം. ഗൂഡല്ലൂര്‍ സെന്റ് ജോസഫ് ഇടവക, ഇടുക്കി ഹോളി ഫാമിലി ഇടവക എന്നിവിടങ്ങളില്‍ വികാരിയായും ഇടുക്കി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഡയറക്ടറായും സേവനം ചെയ്തതിനുശേഷം ഇറ്റലിയിലെ പ്രാത്തോ രൂപതയില്‍ 2006 മുതല്‍ 2017 വരെ സേവനം ചെയ്തു.
റോമിലെ സെന്റ് ആന്‍സലേം പൊന്തിഫിക്കല്‍ അത്തെനേവുമില്‍ നിന്ന് ലിറ്റര്‍ജിയില്‍ ലൈസന്‍ഷ്യേറ്റും ഉര്‍ബാനിയാന സര്‍വകലാശാലയില്‍ നിന്ന് ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
കോട്ടയം, ഇടുക്കി ജില്ലകള്‍ മുഴുവനായും, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് വിജയപുരം രൂപത.
പാമ്പനാര്‍ തിരുഹൃദയ ഇടവകയില്‍ ഇപ്പോഴും കപ്യാരായിസേവനം ചെയ്യുകയാണ് നിയുക്ത മെത്രാന്റെ പിതാവ് അലക്‌സാണ്ടര്‍.