കര്‍ത്താവില്‍ നമുക്ക് എന്തുമാത്രം ആശ്രയിക്കാന്‍ സാധിക്കുന്നുണ്ട്? അതനുസരിച്ചായിരിക്കും നമ്മുടെ ഭാഗ്യം നിശ്ചയിക്കപ്പെടുന്നതും. കര്‍ത്താവ് നല്ലവനാണെന്ന് മനസ്സിലാക്കുമ്പോഴാണ് നാം അവിടുത്തെ ആശ്രയിക്കുന്നത്. ഒരു സുഹൃത്ത് നല്ലവനാണെന്ന് മനസ്സിലാകുമ്പോഴാണല്ലോ അയാളോട് നാം സഹായം ചോദിക്കുന്നത്. സഹായിക്കുമെന്ന് പ്രതീക്ഷയുള്ളവരോടാണല്ലോ സഹായാഭ്യര്‍ത്ഥന നടത്തുന്നതും. അതുതന്നെയാണ് കര്‍ത്താവിന്റെ കാര്യത്തിലും ബാധകമായിരിക്കുന്നത്.
വചനം പറയുന്നത് ഇപ്രകാരമാണ്.
കര്‍ത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിന്‍. അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.(സങ്കീ 34: 8)
അതുപോലെ നമ്മുടെ ജീവിതത്തില്‍ കുറവുകളൊന്നും സംഭവിക്കാതിരിക്കണമെങ്കില്‍ നാം അവിടുത്തെ ഭയപ്പെടുകയും വേണം.
കര്‍ത്താവിന്റെ വിശുദ്ധരേ അവിടുത്തെ ഭയപ്പെടുവിന്‍. അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. ( സങ്ക 34:9)
ഇവ രണ്ടും ജീവിതത്തില്‍പ്രാവര്‍ത്തികമാക്കുമ്പോള്‍ നമുക്ക് സംഭവിക്കുന്നവയെക്കുറിച്ചും വചനം പറയുന്നുണ്ട്.
കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ചു അവരെ രക്ഷിക്കുന്നു. (സങ്കീ 34:7)
എല്ലാവിധ അപകടങ്ങളില്‍ നിന്നും അനുദിവസവും അനുനിമിഷവും ഞങ്ങളെ രക്ഷിക്കുന്ന നല്ലവനായ കര്‍ത്താവേ അങ്ങേ ഞങ്ങള്‍ ഭയപ്പെടുകയും അങ്ങയില്‍ ആശ്രയിക്കുകയും ചെയ്യുന്നു.