Tuesday, February 18, 2025
spot_img
More

    സമാധാനം ആഗ്രഹിക്കുന്നുണ്ടോ, മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കൂ

    സമാധാനപൂര്‍വ്വവും സന്തോഷപ്രദവുമായ ജീവിതമാണ് എല്ലാവരുടെയും സ്വപ്‌നം.എന്നിട്ടും നമ്മില്‍ എത്രപേരുടെ ജീവിതങ്ങളില്‍ സമാധാനം നിറയുന്നുണ്ട്?

    മിക്കവാറും ദിവസങ്ങളില്‍ ഓരോരോ പ്രശ്‌നങ്ങള്‍. വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍, മക്കളും മാതാപിതാക്കളും തമ്മില്‍ , അമ്മായിയമ്മയും മരുമകളും തമ്മില്‍. ഇനി ഓഫീസില്‍ ചെന്നാലോ അവിടെയും പലവിധ പ്രശ്‌നങ്ങള്‍. യാത്രയ്ക്കിടയിലും തഥൈവ. കാരണം എന്തുമാകട്ടെ സമാധാനം തകര്‍ക്കുന്ന പല പ്രശ്‌നങ്ങളെയും നേരിട്ടുകൊണ്ടാണ് നാം ഓരോ ദിവസവും മുന്നോട്ടുകൊണ്ടുപോകുന്നത്.

    ഇത്തരം വിഷമസന്ധികളില്‍ നമുക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ മാധ്യസ്ഥയാണ് പരിശുദ്ധ മറിയം. മറിയത്തിന്റെ വിമലഹൃദയത്തില്‍ നാം ആശ്വാസം കണ്ടെത്തുകയും മാതാവിന്റെ വിമലഹൃദയത്തിന് നാം സ്വയം സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ സമാധാനം നിറയും. കാരണം മറിയത്തെ നാം വിശേഷിപ്പിക്കുന്നത് സമാധാനരാജ്ഞികൂടിയായിട്ടാണല്ലോ.

    കുടുംബങ്ങളില്‍ മാത്രമല്ല ലോകത്തില്‍തന്നെയും സമാധാനം സൃഷ്ടിക്കാന്‍ മറിയത്തിന് സാധിക്കുന്നു എന്നതിന് സഭയുടെ ചരിത്രത്തില്‍ തന്നെ തെളിവുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോപ്പ് പിയൂസ് പന്ത്രണ്ടാമന്‍ ലോകം മുഴുവനെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുപ്രാര്‍ത്ഥിച്ചിട്ടുണ്ട്. 1942 ഒക്ടോബര്‍ 31 ന് ആയിരുന്നു പിയൂസ് പന്ത്രണ്ടാമന്‍ ലോകത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്.

    ലോകത്തിലും കുടുംബത്തിലും സമാധാനം പുലര്‍ന്നാല്‍ മാത്രമേ നമ്മുടെ ജീവിതങ്ങളിലും സമാധാനവും സന്തോഷവും നിറയുകയുള്ളൂ. അതുകൊണ്ട് മാതാവിന്റെ വിമലഹൃദയത്തിന് സ്വയം സമര്‍പ്പിതരായി നമുക്ക് നമ്മുടെ ജീവിതങ്ങളെ മാതാവിന്റെ കരങ്ങളിലേക്ക് വച്ചുകൊടുക്കാം. വിമലഹൃദയ സമര്‍പ്പണത്തിന്റെയും വിമലഹൃദയ ജപമാലയുടെയും പ്രചാരകരുമാകാം.

    ഓ കാരുണ്യത്തിന്റെ അമ്മേ, ദൈവത്തില്‍ നിന്ന് ഞങ്ങള്‍ക്ക് സമാധാനം വാങ്ങിത്തരണമേ. മനുഷ്യഹൃദയങ്ങളെ മാനസാന്തരപ്പെടുത്താനുള്ള പ്രത്യേക കൃപ നല്കിയാലും. ലോകത്ത് സമാധാനം നിലനിര്‍ത്തണമേ. സമാധാനരാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!