കൃപാസനം മാതാവിനെക്കുറിച്ചുള്ള അപദാനങ്ങള്‍ക്ക് കുറവില്ല. കൃപാസനത്തിലേക്ക് എത്തിച്ചേരുന്ന മരിയഭക്തരുടെ എണ്ണത്തിലും കുറവില്ല. എന്നാല്‍ അതിനൊപ്പം വിവാദങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ ആ വിവാദങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ കൃപാസനവും ഉടമ്പടി മാതാവും എന്താണെന്ന് ലോകത്തോട് വിളിച്ചുപറയുന്ന ഒരു ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
സ്തുതിച്ചുപാട് പോലെയുള്ള നിരവധി ഭക്തിഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ച ലിസി സന്തോഷാണ് എന്റെ അമ്മേ മാതാവേ എന്ന് പാടിക്കൊണ്ട് കൃപാസനം മാതാവിനെക്കുറിച്ചുള്ള മനോഹരമായ ഗാനം രചിച്ചിരിക്കുന്നത്. ഇതുപോലൊരു ഗാനം മലയാളത്തില്‍ ആദ്യമായിരിക്കും.
ഉടമ്പടി ജീവിതം ആരംഭിച്ചപ്പോള്‍ സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ അനുഗ്രഹങ്ങള്‍ക്കുള്ള വാഴ്ത്തും സ്തുതിപ്പുമായി മാറിയിരിക്കുകയാണ് ഈ ഗാനം. ഏതൊരാള്‍ക്കും എളുപ്പം പാടാവുന്ന വിധത്തിലുള്ള ഈണവും വരികളുമാണ് ലിസി സന്തോഷിന്റെ ഗാനങ്ങളുടെ പ്രത്യേകത. എന്നാല്‍ ആ വരികളില്‍ ദൈവാത്മാവിന്റെ അഭിഷേകവും സ്പര്‍ശവുമുണ്ട്. അതുകൊണ്ടാണ് ആ ഗാനങ്ങള്‍ പാടി അനേകര്‍ക്ക് സൗഖ്യവും ആത്മീയാനുഭവവും ലഭിച്ചിരിക്കുന്നത്. ലോകപ്രശസ്ത സുവിശേഷപ്രഘോഷണ മാധ്യമമായ ശാലോം ടിവിയിലെ നൈറ്റ് വിജില്‍ ശുശ്രൂഷ ഉള്‍പ്പടെ നിരവധി പ്രോഗ്രാമുകളില്‍ ലിസിയുടെ ഗാനങ്ങള്‍ ആലപിക്കപ്പെട്ടിട്ടുണ്ട്. ബിജോയി പി ജേക്കബാണ് കൃപാസനം മാതാവിനെക്കുറിച്ചുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്, പ്രിന്‍സ് ജോസഫിന്റേതാണ് ഓര്‍ക്കസ്‌ട്രേഷന്‍. സുവിശേഷപ്രഘോഷണത്തിന് സംഗീതമേഖല തിരഞ്ഞെടുത്തിരിക്കുന്ന ഗോഡ്്‌സ് മ്യൂസിക്കാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗാനം ആസ്വദിക്കാനും അനേകരിലേക്ക് ഷെയര്‍ ചെയ്യാനുമായി ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.