കര്‍ഷകരുടെ മധ്യസ്ഥനാണ് വിശുദ്ധ ഇസിദോര്‍. കര്‍ഷകനായ വിശുദ്ധന്‍. എന്നാല്‍ സ്വന്തം കൃഷിയിടത്തിലായിരുന്നില്ല അദ്ദേഹം ജോലി ചെയ്തിരുന്നത്. പ്രദേശത്തെ സമ്പന്നനായ ഒരാളുടെ കൃഷിയിടത്തിലായിരുന്നു ഇസിദോറും ഭാര്യയും ജോലി ചെയ്തിരുന്നത്. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ചതിന് ശേഷം മാത്രമായിരുന്നു ഇസിദോര്‍ ജോലിക്കിറങ്ങിയിരുന്നത്. ജീവിതായോധനത്തിന് വേണ്ടിയാണെങ്കിലും ദൈവത്തിന് വേണ്ടിയെന്നോണമാണ് ഇസിദോര്‍ ജോലി ചെയ്തിരുന്നത്.
ഒരു ദിവസം ജോലിക്കെത്താന്‍ അദ്ദേഹം വൈകി. ഇത് ഇസിദോറിനെ വിഷമിപ്പിച്ചു. ജോലിയില്‍ ആത്മാര്‍ത്ഥതക്കുറവ് കാണിക്കുന്നതിന്റെ പേരില്‍ യജമാനന്‍ അദ്ദേഹത്തെ ശകാരിക്കുകയും ചെയ്തു. ദു:ഖിതനായ ഇസിദോര്‍ തന്റെ ജോലി പൂര്‍ത്തിയാക്കിത്തരണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. പിന്നീട് ഭൂവുടമ കണ്ടത് അസാധാരണമായ കാഴ്ചയായിരുന്നു. പറമ്പില്‍ പണിയെടുക്കുന്ന ഇസിദോറിന്റെ ഇരുവശങ്ങളിലായി രണ്ടുപേര്‍ കൂടിനില്ക്കുന്നു. അവര്‍ ഇസിദോറിനൊപ്പം പണിയെടുക്കുന്നു.
തൂവെള്ളവസ്ത്രം ധരിച്ച രണ്ടുപേരായിരുന്നു അത്. മാലാഖമാരായിരുന്നു അവര്‍. ദൈവത്തോട് പ്രാര്‍ത്ഥിച്ചപ്പോള്‍ വിശുദ്ധനെ സഹായിക്കാനായി സ്വര്‍ഗ്ഗത്തില്‍ നിന്ന് അയ്ക്കപ്പെട്ട മാലാഖമാര്‍.
വിശുദ്ധ ഇസിദോറിന്റെ ജീവിതത്തിലെ ദിവ്യകാരുണ്യഭക്തിക്കുള്ള തെളിവായിട്ടാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. അതോടൊപ്പം മാലാഖമാര്‍ നമ്മെ സഹായിക്കാനായി എപ്പോഴും കൂടെയുണ്ടെന്നും നമുക്ക് ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാം.