Saturday, December 21, 2024
spot_img
More

    കാനോനികമായ ശിക്ഷാനടപടികള്‍ ആരംഭിക്കുന്നതല്ലെന്ന് വ്യക്തമാക്കി സിനഡാനന്തര പ്രസ്താവന

    എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികരെ, സമര്‍പ്പിതരെ, അല്മായ സഹോദരി സഹോദരന്മാരെ,

    മുപ്പത്തിരണ്ടാമതു സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ പ്രത്യേക ഓണ്‍ലൈന്‍ സമ്മേളനം 2024 ജൂണ്‍ 14, 19 എന്നീ തീയതികളില്‍ പൂര്‍ത്തിയായി. സഭയുടെ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളംഅങ്കമാലി അതിരൂപതയില്‍ നിലനില്ക്കുന്ന പ്രതിസന്ധികള്‍ക്കു പരിഹാരമായി 2024 മെയ് മാസം 15ാം തീയതി റോമിലെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി നല്കിയ അന്തിമ തീരുമാനങ്ങള്‍ അറിയിക്കുന്നതിനും അവ നടപ്പിലാക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ സമ്മേളനം ചേര്‍ന്നത്. ഉന്നതാധികാരസമിതിയുടെ തീരുമാനങ്ങള്‍ 2024 ജൂണ്‍ 9നു സര്‍ക്കുലര്‍ (സര്‍ക്കുലര്‍ 4/2024) വഴി നിങ്ങളെ അറിയിച്ചിരുന്നല്ലോ.

    എറണാകുളംഅങ്കമാലി അതിരൂപതയില്‍നിന്നുള്ള അഭിവന്ദ്യപിതാക്കന്മാരും അവര്‍ വഴി നിരവധി വൈദികരും ചില അഭിപ്രായങ്ങളും പ്രായോഗികനിര്‍ദേശങ്ങളും സിനഡിനു സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത നിര്‍ദേശങ്ങളില്‍ പ്രധാനങ്ങളായതു താഴെപ്പറയുന്നവയാണ്: ഏകീകൃത കുര്‍ബാനയര്‍പ്പണം നടപ്പിലാക്കണം എന്ന പരിശുദ്ധ പിതാവിന്റെ ഉദ്‌ബോധനം അനുസരിക്കുന്നതിന്റെ ഭാഗമായി 2024 ജൂലൈ 3ാം തീയതി എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമര്‍പ്പിത ഭവനങ്ങളിലും വൈദിക സമര്‍പ്പിത പരിശീലനകേന്ദ്രങ്ങളിലും ഏകീകൃതരീതിയില്‍ കുര്‍ബാനയര്‍പ്പിക്കുക, അന്നുമുതല്‍ ഏകീകൃത കുര്‍ബാനയര്‍പ്പണരീതി പരിചയപ്പെടുന്നതിന്റെ ഭാഗമായി (catechetical purpose) എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വി. കുര്‍ബാനയെങ്കിലും ഏകീകൃതരീതിയില്‍ അതിരൂപതയിലെ എല്ലാ പള്ളികളിലും അര്‍പ്പിച്ചു തുടങ്ങുക, വചനവേദി (ബേമ്മ) ഉപയോഗിച്ച് എല്ലാ ദൈവാലയങ്ങളിലും വി. കുര്‍ബാനയര്‍പ്പിക്കുക, മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങള്‍ക്കായി ഇടവക സന്ദര്‍ശിക്കുമ്പോള്‍ ഏകീകൃതരീതിയില്‍ വി. കുര്‍ബാനയര്‍പ്പിക്കുക എന്നിവയാണ്.

    പ്രസ്തുത നിര്‍ദേശങ്ങളെ പൈതൃകമായ സ്‌നേഹത്തോടെ സിനഡുപിതാക്കന്മാര്‍ ചര്‍ച്ചചെയ്യുകയും വിലയിരുത്തുകയും ചെയ്തു. തത്ഫലമായി ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ എറണാകുളംഅങ്കമാലി അതിരൂപതാംഗങ്ങളെ അറിയിക്കുന്നു:

    1. റോമിലെ ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം 2024 ജൂണ്‍ 9 നു നല്കിയ സര്‍ക്കുലര്‍ സാധുവായി നിലനില്ക്കുന്നതാണ്. അതിനാല്‍ ജൂലൈ 3 മുതല്‍ സീറോമലബാര്‍ കുര്‍ബാനയര്‍പ്പിക്കുന്ന എല്ലാ വൈദികരും 2021 നവംബര്‍ 28 ാം തീയതി പ്രാബല്യത്തില്‍ വന്ന തക്‌സയില്‍ നിര്‍ദേശിച്ചിരിക്കുന്നതുപോലെ ഏകീകൃതരീതിയില്‍ മാത്രം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതാണ്.
    2. എന്നാല്‍ 2024 ജൂലൈ 3 മുതല്‍ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും സിനഡു നിര്‍ദേശിച്ച ഏകീകൃതരീതിയില്‍ അര്‍പ്പിച്ചുതുടങ്ങുന്ന വൈദികര്‍ക്കെതിരെ 2024 ജൂണ്‍ 9നു നല്കിയ സര്‍ക്കുലറില്‍ അറിയിച്ച പ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികള്‍ ആരംഭിക്കുന്നതല്ല. അജപാലനപരമായ ആവശ്യങ്ങള്‍ പരിഗണിച്ച് ഏകീകൃതകുര്‍ബാനയര്‍പ്പണരീതി പരിചയപ്പെടുന്നതിനും ബോധവല്ക്കരണത്തിനുമുള്ള സമയം (catechetical purpose) അനുവദിക്കാമെന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ 2022 മാര്‍ച്ച് 25 നു നമ്മുടെ അതിരൂപതയ്ക്കു നല്‍കിയ കത്തില്‍ അറിയിച്ചകാര്യം നിങ്ങള്‍ക്കറിയാമല്ലോ. ഈ കാലഘട്ടം പൂര്‍ത്തിയായി ഏകീകൃതരീതിയിലുള്ള വി. കുര്‍ബാനയര്‍പ്പണം മാത്രം അനുവദനീയമാകുന്ന സമയക്രമം തുടര്‍ന്നു വരുന്ന സിനഡില്‍ തീരുമാനിച്ചറിയിക്കുന്നതാണ്.
    3. 2024 ജൂലൈ 3 നു ശേഷം എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃതരീതിയില്‍ അര്‍പ്പിക്കപ്പെടാത്ത ഇടവകകളിലും സ്ഥാപനങ്ങളിലും അതിനു വിസമ്മതിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന വൈദികര്‍ക്കെതിരെ 2024 ജൂണ്‍ 9 ലെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചപ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണ്. സഭയെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ ഈ സാഹചര്യം ഒഴിവാക്കാന്‍ എല്ലാ വൈദികരോടും ദൈവനാമത്തില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു.
    4. ഏകീകൃതരീതിയില്‍ മാത്രം ഇപ്പോള്‍ വി. കുര്‍ബാനയര്‍പ്പിക്കുന്നവര്‍ക്കും 2024 ജൂണ്‍ 9 ലെ സര്‍ക്കുലര്‍ പ്രകാരം 2024 ജൂലൈ 3 മുതല്‍ ഏകീകൃതരീതിയില്‍ വി. കുര്‍ബാന അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന വൈദികര്‍ക്കും യാതൊരുവിധപ്രതിബന്ധമോ പ്രതിസന്ധിയോ സൃഷ്ടിക്കാതിരിക്കാന്‍ എല്ലാവരും ബോധപൂര്‍വം ശ്രദ്ധിക്കണം.
    5. സമര്‍പ്പിത ഭവനങ്ങളിലും വൈദിക സമര്‍പ്പിത പരിശീലനകേന്ദ്രങ്ങളിലും 2021 നവംബര്‍ 28 ാം തീയതി പ്രാബല്യത്തില്‍ വന്ന തക്‌സയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ ഏകീകൃതരീതിയില്‍ 2024 ജൂലൈ 3 മുതല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ടതാണ്.
    6. അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമര്‍പ്പിതഭവനങ്ങളിലും എല്ലാ വി. കുര്‍ബാനയര്‍പ്പണത്തിനും വചനവേദി (ബേമ്മ) ഉപയോഗിക്കേണ്ടതാണ്.
    7. സീറോമലബാര്‍സഭയിലെ മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങള്‍ക്കായി അതിരൂപതയിലെ പള്ളികളില്‍ വരുമ്പോള്‍ ഏകീകൃതരീതിയില്‍ വി. കുര്‍ബാന അര്‍പ്പിക്കാനുള്ള ക്രമീകരണം ചെയ്യേണ്ടതാണ്.
    8. സഭയുടെ കൂട്ടായ്മയ്ക്കു ഭംഗം വരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാ വൈദികരും സമര്‍പ്പിതരും അല്മായരും വിട്ടുനില്‌ക്കേണ്ടതാണ്. വിഭാഗീയതയുടെയും വിഭജനത്തിന്റെയും സ്വരം സഭയെ സ്‌നേഹിക്കുന്നവര്‍ക്കു ഭൂഷണമല്ല. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേ തക്കതായ നടപടികള്‍ സ്വീകരിക്കും. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തില്‍ അച്ചടക്കവും ജാഗ്രതയും പാലിക്കാന്‍ എല്ലാവരും ബോധപൂര്‍വം ശ്രദ്ധിക്കണം.

    എറണാകുളംഅങ്കമാലി അതിരൂപതയിലെ പ്രതിസന്ധികള്‍ പരിഹരിച്ചു കൂട്ടായ്മ വര്‍ധിപ്പിക്കുന്നതിനുള്ള എല്ലാ നിര്‍ദേശങ്ങളെയും സിനഡു ഭാവാത്മകമായി സ്വാഗതം ചെയ്യുന്നു. മേജര്‍ ആര്‍ച്ചുബിഷപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും എറണാകുളംഅങ്കമാലി അതിരൂപതയില്‍നിന്നുള്ള അഭിവന്ദ്യപിതാക്കന്മാര്‍ അനുരഞ്ജന പ്രക്രിയകള്‍ ത്വരിതപ്പെടുത്തുന്നതിനും സഭാഗാത്രത്തില്‍ വന്നുപോയ മുറിവുകള്‍ ഉണക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നു സിനഡുപിതാക്കന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

    വിവിധ ചേരികളായിതിരിഞ്ഞ് അതിരൂപതയുടെ മക്കള്‍ നടത്തുന്ന പ്രകടനങ്ങളും പ്രസ്താവനകളും നിയമവ്യവഹാരങ്ങളും നമ്മുടെ അമ്മയായ സീറോമലബാര്‍സഭയെയും പരിശുദ്ധ കത്തോലിക്കാസഭയെയും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെയും ഏറെ വേദനിപ്പിച്ചിട്ടുണ്ട് എന്നു തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികരിലും സമര്‍പ്പിതരിലും അല്മായരിലും ഉള്‍പ്പെട്ട ഒരാള്‍പോലും കത്തോലിക്കാ കൂട്ടായ്മയില്‍നിന്ന് വേര്‍പെട്ടുപോകരുത് എന്ന തീവ്രമായ ആഗ്രഹവും സ്‌നേഹപൂര്‍വമായ നിര്‍ബന്ധവുമാണു സിനഡുപിതാക്കന്മാരെ ഈ വിഷയം ആവര്‍ത്തിച്ചു ചര്‍ച്ചചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എറണാകുളംഅങ്കമാലി അതിരൂപതയുടെ നന്മയെ ലക്ഷ്യമാക്കി ഞങ്ങള്‍ നല്‍കുന്ന ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നിങ്ങളെല്ലാവരും ആത്മാര്‍ഥമായി പരിശ്രമിക്കണം.’പരിശുദ്ധ സഭയെ അമ്മയായി സ്വീകരിക്കാത്തവര്‍ക്കു ദൈവത്തെ പിതാവായി സ്വീകരിക്കാനാവില്ല'(വി. സിപ്രിയാന്‍) എന്ന സത്യം നമുക്കോര്‍ക്കാം. നിങ്ങളെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    ഈശോയില്‍ സ്‌നേഹപൂര്‍വം,

    • റാഫേല്‍ തട്ടില്‍

    സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്

    എറണാകുളംഅങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത.

    • ബോസ്‌കോ പുത്തൂര്‍

    എറണാകുളംഅങ്കമാലി അതിരൂപതയുടെ

    അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!