കോലഞ്ചേരി: രണ്ടു ദശാബ്ദങ്ങളായി നിലനിന്നുപോരുന്ന സെമിത്തേരി തര്‍ക്കത്തിനൊടുവില്‍ ഗത്യന്തരമില്ലാതെ മൃതദേഹം മെഡിക്കല്‍ കോളജിന് നല്കാന്‍ ബന്ധുക്കളുടെ തീരുമാനം. സാറാ വര്‍ക്കി കാരക്കാട്ടില്‍ എന്ന 86 കാരിയുടെ മൃതദേഹമാണ് മെഡിക്കല്‍ കോളജിന് പഠനത്തിനായി വിട്ടുനല്കാന്‍ മക്കള്‍ തീരുമാനിച്ചത്. യാക്കോബായക്കാരിയായ പരേതയുടെ ശവസംസ്‌കാരശുശ്രൂഷകള്‍ ഓര്‍ത്തഡോക്‌സ് സെമിത്തേരിയില്‍ നടത്താന്‍ അനുവാദമില്ലാത്ത സാഹചര്യത്തിലാണ് മൃതദേഹം സംസ്‌കരിക്കുന്നതിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആഗ്രഹിക്കാതെ മെഡിക്കല്‍ കോളജിന് നല്കിയതെന്ന് മകന്‍ കെജി പൗലോസ് മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണെങ്കില്‍ ഞങ്ങളുടെ അമ്മ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലായിരിക്കും. അമ്മ സ്വര്‍ഗ്ഗത്തിലെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹവും. പക്ഷേ അതിന് വേണ്ടി സെമിത്തേരിയുടെ അതിരുകള്‍ തകര്‍ക്കാനോ പ്രശ്‌നം സൃഷ്ടിക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ശവസംസ്‌കാരശുശ്രൂഷകള്‍ക്ക് ഇവിടെ തടസം പറഞ്ഞിട്ടില്ലെന്നും സോഷ്യല്‍ മീഡിയായിലൂടെയാണ് താന്‍ വിവരം അറിഞ്ഞതെന്നും മലങ്കര ഓര്‍ത്തഡോക്‌സ് പിആര്‍ ഒ ഫാ. ജോണ്‍സ് അബ്രഹാം വ്യക്തമാക്കി.