Tuesday, October 15, 2024
spot_img
More

    “മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപം പൂണ്ടു!”|ഫാ. ജോഷി മയ്യാറ്റിൽ

    രണ്ടാഴ്ച മുമ്പ് എൻ്റെ പ്രിയ ശിഷ്യൻ ഡീക്കൻ ജൂഡ് IVD എന്നോടു ചോദിച്ചു: “അച്ചൻ ദിവ്യകാരുണ്യ അദ്ഭുതം കണ്ടിട്ടുണ്ടോ?” “അനുദിനം” എന്നായിരുന്നു എൻ്റെ മറുപടി. “അതല്ലച്ചാ. തിരുവോസ്തി ശരിക്കും രൂപം മാറി മാംസം ആകുന്നതു കണ്ടിട്ടുണ്ടോ?” എൻ്റെ മറുപടി പെട്ടെന്നായിരുന്നു: “ഇല്ല; ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നുമില്ല”. “എങ്കിൽ, ഇന്നലെ ഞാൻ കണ്ടു, അച്ചാ. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപം പൂണ്ടു!” എല്ലാ ഞായറാഴ്ചയും മാടവന സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ ഡീക്കൻ ശുശ്രൂഷ ചെയ്യുന്നയാളാണ് ഡീക്കൻ ജൂഡ്.

    വികാരി ബഹു. സെബാസ്റ്റ്യൻ വട്ടപ്പറമ്പിലച്ചൻ എൻ്റെ പ്രിയ സുഹൃത്താണ്. പക്ഷേ, ഞാൻ അദ്ദേഹത്തെ വിളിച്ചില്ല. വലിയ സംഭവമാക്കേണ്ട എന്ന് ബോധപൂർവം കരുതി വിളിക്കാതിരുന്നതാണ്. അദ്ദേഹം അർപ്പിച്ച ദിവ്യബലിയിലാണ് അതുണ്ടായത്. അസ്വാഭാവികമായ ആ സംഭവം കണ്ട് അദ്ദേഹം ആകെ തളർന്നു പോയി എന്നാണ് ഡീക്കൻ ജൂഡ് എന്നോടു പറഞ്ഞത്. എങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് അദ്ദേഹം അത് പാറ്റനിലേക്ക് എടുത്തുവച്ചു. പിന്നീട് വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വിവരമറിയിച്ചു. പിതാവ് ആളയച്ച് ദിവ്യകാരുണ്യം അരമനയിലേക്കു കൊണ്ടുപോയി.

    തുടർന്നുള്ള ദിനങ്ങൾ വികാരിയച്ചൻ വൈദികരുടെ വാർഷിക ധ്യാനത്തിൽ സംബന്ധിച്ചു. കഴിഞ്ഞ ഞായറാഴ്ച ദിവ്യബലി മധ്യേ വീണ്ടും അതു തന്നെ സംഭവിച്ചു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ആഗ്ന എന്ന അതേ പെൺകുട്ടി ദിവ്യകാരുണ്യഈശോയെ നാവിൽ സ്വീകരിച്ചപ്പോൾ മാംസരൂപം കാണപ്പെട്ടു. സെബാസ്റ്റ്യനച്ചൻ അതും സൂക്ഷിച്ചു വച്ചു. പിറ്റേന്ന് അരമനയിൽ നിന്ന് വൈസ് ചാൻസലറച്ചൻ വന്ന് ദിവ്യകാരുണ്യം കൊണ്ടുപോയി.

    ഇന്നും അതേ സംഭവമുണ്ടായി. നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത് മൂന്നാമതു അസ്വാഭാവിക രൂപമാറ്റം സംഭവിച്ച ദിവ്യകാരുണ്യമാണ്. 

    ദിവ്യബലിക്കു ശേഷം വികാരിയച്ചൻ സക്രാരിയിൽ സൂക്ഷിച്ച ദിവ്യകാരുണ്യം കൈക്കാരന്മാരെയും പാസ്റ്ററൽ സമതിയംഗങ്ങളെയും വിളിച്ചു കാണിച്ചു. അവർ ദിവ്യകാരുണ്യ ആരാധന നടത്തി. ശേഷം തിരുബലിയിൽ പങ്കെടുത്ത മുന്നൂറ്റമ്പതോളം ആളുകൾ നിരയായി വന്ന് ആരാധിച്ചു. കേട്ടറിഞ്ഞ് ജനം ഒഴുകിയെത്താൻ തുടങ്ങി. വൈകീട്ട് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് വരുന്നതുവരെ ജനം ദിവ്യകാരുണ്യ ആരാധന നടത്തി. ആർച്ചുബിഷപ്പും ആരാധനയിൽ പങ്കുകൊണ്ടു. അദ്ദേഹം ജനത്തോട് പരിശുദ്ധ ദിവ്യകാരുണ്യ ഭക്തിയിൽ വളരാൻ ആഹ്വാനം ചെയ്തു കൊണ്ട് അസാധാരണമായ ദിവ്യകാരുണ്യം മെത്രാസന മന്ദിരത്തിലേക്കു കൊണ്ടുപോയി.

    *ഇനിയെന്ത്?*

    സഭയിൽ സമാനമായ ദിവ്യകാരുണ്യ അദ്ഭുതങ്ങൾ പലത് നടന്നിട്ടുണ്ട്. അതിനാൽ, കൃത്യമായ നടപടിക്രമങ്ങൾ ഇക്കാര്യത്തിലുണ്ട്. വത്തിക്കാൻ്റെ അറിവോടെ, ഇതെക്കുറിച്ച് പഠിക്കാൻ ദൈവശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു കമ്മീഷനെ ആർച്ചുബിഷപ്പ് നിയോഗിക്കും. ദിവ്യകാരുണ്യം ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കും. അതിൽ കുട്ടിയുടെ രക്തത്തിൻ്റെ സാന്നിധ്യം കാണപ്പെട്ടാൽ അത് അദ്ഭുതം എന്നു പ്രഖ്യാപിക്കപ്പെടാൻ സാധ്യതയില്ല. അതിനാൽ, സഭ കൃത്യമായി ഒരു പ്രഖ്യാപനം നടത്തുന്നതു വരെ ഇത് അദ്ഭുതം എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല.

    *വികാരിയച്ചൻ പറഞ്ഞത്*

    ഇന്ന് ഞാൻ സെബാസ്റ്റ്യനച്ചനെ വിളിച്ച് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. വളരെ മിതത്വത്തോടും മനസ്സാന്നിധ്യത്തോടും കൂടെ കാര്യങ്ങൾ കൈകാര്യം ചെയ്തതിന് അഭിനന്ദിക്കുകയായിരുന്നു എൻ്റെ ലക്ഷ്യം. അദ്ദേഹം ഒടുവിൽ പറഞ്ഞത് ഇതാണ്: “അയോഗ്യരായ നമുക്ക് ഈശോ ഇതൊക്കെ അനുവദിക്കുന്നല്ലോ!”

    ഫാ. ജോഷി മയ്യാറ്റിൽ

    (കെസിബിസി ബൈബിൾ കമ്മിഷന്റ്റെയും ,കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റിയുടെയും മുൻ സെക്രട്ടറിയാണ് കൊച്ചി രൂപതയിലെ അംഗമായ റെവ .ഡോ .ജോഷി മയ്യാറ്റിൽ .)

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.. !

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!