Wednesday, January 15, 2025
spot_img
More

    ഒക്ടോബർ 02: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധർ -കാവൽ മാലാഖമാർ

    ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധരാണ് – കാവൽ മാലാഖമാർ : ആ വിശുദ്ധരെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക

    ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതൽ ഈ മാലാഖ തന്റെ ദൗത്യം ആരംഭിക്കുന്നു; ജനനത്തിന് തൊട്ടുമുമ്പ് വരെ, അമ്മയുടെ കാവൽമാലാഖയുടെ സംരക്ഷണത്തിലായിരിക്കും. ഈ സംരംക്ഷണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നു; ഈ ലോകത്തിലെ പരിശീലനകാലം, അതായത് മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനിൽക്കുകയുള്ളു. ശേഷം, ‘ശുദ്ധീകരണസ്ഥലം’ അല്ലെങ്കിൽ ‘പറുദീസാ’ വരെ അത് നമ്മുടെ ആത്മാവിനോടൊത്ത് സഞ്ചരിക്കുന്നു; അങ്ങനെ സ്വർഗ്ഗരാജ്യത്തിൽ നമ്മുടെ കൂട്ടവകാശിയായിത്തീരുന്നു.

    ദൈവം അയക്കുന്ന വേലക്കാരും ദൂതന്മാരുമാണ് മാലാഖമാർ. ‘മാലാഖ’ എന്നാൽ ഗ്രീക്ക് ഭാഷയിൽ ‘ദൂത് വാഹകൻ’ എന്നാണർത്ഥം. കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കുകയില്ലങ്കിലും, നമ്മുടെ ഇഹലോകയാത്രയിൽ അവർ നമ്മെ സഹായിക്കുന്നുണ്ട്. നമ്മുടെ ജോലിയിലും പഠനത്തിലും സഹായിച്ചും അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും, പരീക്ഷണങ്ങളിൽ അകപ്പെടുമ്പോൾ തുണച്ചും, ശാരീരിക അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും അവര്‍ നമ്മുക്ക് ഒപ്പമുണ്ട്. ഓരോ ആത്മാവിനും ഓരോ വ്യക്തിപരമായ കാവൽമാലാഖയെ ഏർപ്പെടുത്തിയിട്ടുണ്ടന്ന ധാരണ സഭ പണ്ടു മുതലേ അംഗീകരിച്ചിട്ടുള്ള ഒരു വിശ്വാസസത്യമാണ്.

    “ഈ ചെറിയവരിൽ ആരേയും നിന്ദിക്കാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ നിന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചു കൊണ്ടിരിക്കുകയാണന്ന് ഞാൻ നിങ്ങളോട് പറയുന്നു” (മത്തായി 18:10) എന്ന ഭാഗം ധ്യാനിക്കാം. ”വിശുദ്ധഗ്രന്ഥത്തിൽ സർവ്വസാധാരണമായി പറയുന്ന ‘മാലാഖമാര്‍’ ശരീരമില്ലാത്ത ആത്മീയ ജീവികളുടെ സാന്നിദ്ധ്യം ഒരു വിശ്വാസ സത്യമായിട്ട്‘ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.

    “ജനനം മുതൽ മരണം വരെ, മാലാഖമാരുടെ, പ്രത്യേകിച്ചും, കാവൽ മാലാഖയുടെ സംരക്ഷണത്തിന്റേയും മദ്ധ്യസ്ഥാപേക്ഷയുടേയും വലയത്തിനുള്ളിലാണ് മനുഷ്യർ ജീവിക്കുന്നത്” (328). “ജീവനിലേക്ക് നയിക്കുവാൻ, ഓരോ വിശ്വാസിയുടേയും സമീപത്ത്, ഇടയനായും രക്ഷകനായും ഒരു മാലാഖ നിലയുറപ്പിച്ചിട്ടുണ്ട്” (336). സഹായകരായ മാലാഖമാരെ നമുക്കായി അയച്ചതിന് സഭ ദൈവത്തിന് ഉപകാര സ്തോത്രം ചെയ്യുന്നു; പ്രത്യേകിച്ച് പ്രധാന ദൂതന്മാരായ വിശുദ്ധ മിഖായേലിന്റേയും വിശുദ്ധ ഗബ്രിയേലിന്റേയും, വിശുദ്ധ റാഫേലിന്റേയും തിരുന്നാളായ സെപ്റ്റംബർ 29-നും കാവല്‍ മാലാഖമാരുടെ തിരുന്നാളായ ഇന്നും. ഇന്നത്തെ ഈ തിരുന്നാൾ ആദ്യമായി ആഘോഷിച്ചത്, പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിൽ മാത്രമായിരുന്നു. 1670-ലാണ് ഇത് ആഗോളസഭയിലേക്ക് വ്യാപിപ്പിച്ചത്.

    വിശുദ്ധ ബെർണാർഡ് ഇപ്രകാരമാണ് പറയുന്നത്, “നിന്റെ എല്ലാ വഴികളിലും മാലാഖമാർ നിനക്ക് അകമ്പടി സേവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി, ഓരോ പ്രവർത്തിയും ചെയ്യേണ്ടതു പോലെ ചെയ്യാൻ നീ ജാഗരൂകനായിരിക്കുക; എന്തെന്നാൽ ആ ദൗത്യത്തിൽ അവർ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. എവിടെ വസിച്ചാലും, ഏത് മുക്കിലും മൂലയിലും നീ അകപ്പെട്ടാലും, നിന്റെ കാവൽ മാലാഖയെ ആദരവോടെ ഓർക്കുക. അവൻ ഉണ്ടോ എന്ന് നീ സംശയിക്കുന്നുണ്ടോ? കാരണം നിനക്ക് അവനെ കാണാൻ പറ്റുന്നില്ലല്ലോ? കേവലം കാഴ്ചക്കും അപ്പുറത്ത് നിലനിൽപ്പ് ഉണ്ടെന്ന യാഥാർത്ഥ്യം ഓർക്കുക”.

    സഹോദരരെ, ഏറ്റവും ലാളനാപൂർണ്ണമായ സ്നേഹത്തോടെ നാം ദൈവത്തിന്റെ മാലാഖമാരെ സ്നേഹിക്കണം; കാരണം ഒരുനാൾ അവർ നമ്മുടെ സ്വർഗ്ഗീയ കൂട്ടവകാശികൾ ആകുന്നവരാണ്. പിതാവ് ഇപ്പോൾ അയച്ചിരിക്കുന്ന ഈ ആത്മാക്കൾ, വരും കാലം നമ്മുടെ സംരക്ഷകരും വഴികാട്ടികളും ആകാൻ പോകുന്നവരാണ്. ഇപ്രകാരമുള്ള അംഗരക്ഷകർ ഉള്ളപ്പോൾ, നാം എന്തിനെ ഭയക്കണം? അവരെ ആർക്കും തോൽപ്പിക്കാനോ, വഞ്ചിക്കാനോ സാദ്ധ്യമല്ല; എല്ലാ വഴികളിലും നമ്മെ കാത്തു രക്ഷിക്കുന്ന അവർക്ക് ഒരു വിധത്തിലും വഴിതെറ്റി പോകുകയുമില്ല. അവർ വിശ്വസ്തരാണ്, അവർ ബുദ്ധിശാലികളാണ്, അവർ ശക്തരാണ്. അപ്പോൾ, പിന്നെ നാം എന്തിന് പേടിച്ച് വിറക്കണം?

    നാം അവരുടെ പിന്നാലെ നടന്നാൽ മാത്രം മതി, അവരോട് ചേർന്ന് നിന്നാൽ മാത്രം മതി, അപ്പോൾ നാം അത്യുന്നതന്റെ ആലയത്തിൽ സുഖമായി വസിക്കും. ആകയാൽ, അടിക്കടിയുള്ള അഗ്നിപരീക്ഷ നിന്നെ തൊടാൻ തുടങ്ങുംമ്പോഴും, ഹൃദയഭേദകമായ ദു:ഖം നിന്റെ മേൽ വീഴാൻ തുടങ്ങുമ്പോഴും, സഹായകനായ അവനെ പ്രാർത്ഥിച്ചുണർത്തുക! ഉച്ചത്തിൽ വിളിച്ച് കേണപേക്ഷിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!