Sunday, October 13, 2024
spot_img
More

    വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- നാലാം ദിവസം

    പ്രാരംഭ ഗാനം

    ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്‌
    ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂ
    നിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ
    സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.
    ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനം

    സുരവരമാരിപൊഴിക്കും സുകൃതിനി, അല്‍ഫോന്‍സായുടെ നാമം
    അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.

    കുരിശിന്‍ പാത പുണര്‍ന്നു, പരിചൊടു ധന്യത പുല്‍കി
    ക്ലാരസഭയ്‌ക്കൊരു പുളകം നീ, കുടമാളൂരിനു തിലകം നീ,
    അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.

    പ്രാരംഭ പ്രാര്‍ത്ഥന

    സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസിയായ അല്‍ഫോന്‍സാമ്മക്ക് അങ്ങ് നല്‍കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെകുറിച്ചും ആ കന്യകയോട്‌ ചേര്‍ന്നു കൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് സ്ത്രോത്രം ചെയ്യുന്നു.

    അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രുഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അല്‍ഫോന്‍സാമ്മവഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.

    നാലാം ദിവസം: ഹൃദയവിശുദ്ധി

    “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവത്തെകാണും” എന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. ഹൃദയശുദ്ധിയോടെ ജീവിതകാലം മുഴുവനും എല്ലാ രംഗങ്ങളിലും വ്യാപരിക്കുവാന്‍ അല്‍ഫോന്‍സാമ്മയെ അങ്ങേ അനുവദിച്ചതിനേയോര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അല്‍ഫോന്‍സാമ്മയെപ്പോലെ ജീവിതാന്ത്യം വരെ ഹൃദയശുദ്ധിയോടെ വ്യാപരിക്കുവാനുള്ള വരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (……) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍

    1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

    പ്രാര്‍ത്ഥിക്കാം

    അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക്‌ സമാശ്വാസവും ലഭിക്കുമാറാകട്ടെ. അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങേ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രുഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങേ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

    സമാപന പ്രാര്‍ത്ഥന

    “ഇതുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും ” (യോഹ. 16:23-24) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ.

    ഈശോമറിയം യൗസെപ്പേ, നിങ്ങളുടെ പ്രത്യേക ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (……..) അങ്ങേ വിശ്വസ്തദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

    സമാപന ഗാനം

    മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ
    നിസ്തുല നിര്‍മ്മലശോഭയില്‍ മിന്നുന്ന സ്വര്‍ഗീയമാണിക്യ മുത്തേ…

    (മാലാഖമാരൊത്തു..)

    സുരലോക ഗോളമേ വരജാലഭാണ്ഡമേ
    ക്ലാരസഭാരമ മലരേ,

    മാനത്തെ വീട്ടില്‍നിന്നവിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ
    അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ

    (മാലാഖമാരൊത്തു..)

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!