Wednesday, January 15, 2025
spot_img
More

    Day 30-മാതാവിന്റെ വണക്കമാസം

    മറിയത്തിനുള്ള പ്രതിഷ്ഠ

    പ.കന്യക ത്രിലോക രാജ്ഞിയാണ്. സ്വര്‍ഗ്ഗത്തില്‍ മിശിഹാ രാജാവാണെങ്കില്‍ അവിടുത്തെ മാതാവായ പ.കന്യക രാജ്ഞിയായിരിക്കണം. ഇന്ന് ഭൗമിക രാജാക്കന്‍മാരുടെയും രാജ്ഞിയുടെയും സ്ഥാനമാനങ്ങളും പ്രതാപങ്ങളും അസ്തപ്രഭമായികൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്രിസ്തുനാഥന്‍റെ രാജത്വം നിത്യമാണല്ലോ. അതിനാല്‍ അവിടുത്തെ മാതാവായ പ.കന്യകയും നിത്യം രാജ്ഞിയാണ്. ലോക ദര്‍ശിച്ചിട്ടുള്ളതിലേക്കും ഏറ്റവും വലിയ ജേതാവ് ക്രിസ്തുവാണല്ലോ. അവിടുന്നു ലോകത്തെയും പാപത്തെയും മരണത്തേയും സാത്താനെയും കീഴടക്കി. ആ വിജയത്തില്‍ പ.കന്യക ഈശോയോട് ഏറ്റവും കൂടുതല്‍ അടുത്തു സഹകരിച്ചിട്ടുണ്ട്. അതിനാല്‍ അവിടുത്തെ വിജയത്തിലും മറിയം പങ്കുചേരുന്നു. പ്രത്യേകിച്ചും നാരകീയ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കുന്നതില്‍ പ.കന്യക നിസ്തുലമായ പങ്കു വഹിച്ചു.

    ഭൗമിക ശക്തികള്‍ക്കെതിരായി ആദ്ധ്യാത്മിക ശക്തി വിജയം വരിച്ചിട്ടുള്ള സന്ദര്‍ഭങ്ങളിലെല്ലാം മറിയം ആദ്ധ്യാത്മിക ശക്തിക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. മനുഷ്യനായ ക്രിസ്തുവിനോടൊപ്പം പുതിയ നിയമത്തിലെ ഹവ്വയായ മേരിയേയും വ്യക്തിസാഫല്യത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്കു കാണുവാന്‍ സാധിക്കും. ലോകം ഏറ്റവും ആദര്‍ശ യോഗ്യമായ ഒരു മാതാവിനെ പ്രതീക്ഷിച്ചിരുന്നു. പ.കന്യകയില്‍ ആ സ്ത്രീത്വം ധന്യമായി. എന്നാല്‍ ഇതിനെല്ലാം ഉപരിയായി ദൈവമാതാവ് എന്നുള്ള സ്ഥാനം നിമിത്തം പ.കന്യക സര്‍വസൃഷ്ടങ്ങളുടെയും രാജ്ഞിയും നാഥയുമാണ്. ജപമാലയുടെ ലുത്തിനിയായില്‍ നാം കന്യകയെ അനേക വിധത്തില്‍ രാജ്ഞിയായി അഭിസംബോധന ചെയ്യുന്നുണ്ട്. മാലാഖമാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, വിശുദ്ധരുടെ രാജ്ഞി, കന്യകകളുടെ രാജ്ഞി എന്നെല്ലാം. പ.കന്യക സര്‍വലോകങ്ങളുടെയും രാജ്ഞിയാണ്. വി.യോഹന്നാന്‍റെ വെളിപാടില്‍ സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠമായും നക്ഷത്രങ്ങളെ കിരീടമായും അണിഞ്ഞിരിക്കുന്ന സ്ത്രീ (വെളിപാട് XII) പ.കന്യകയാണല്ലോ.

    പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണത്തിനുശേഷം അവിടുത്തെ ദിവ്യസുതന്‍ മാതാവിനെ ത്രിലോകരാജ്ഞിയായി മുടിധരിപ്പിച്ചു. അപ്രകാരം ദിവ്യജനനിയുടെ രാജ്ഞിപദം നിത്യകാലം നിലനില്‍ക്കുന്നു. അവിടുത്തെ ദിവ്യസുതന്‍റെ രാജകീയമായ അധികാരത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് മാതാവ് നമ്മെ രക്ഷിക്കുന്നു. പ.കന്യകയ്ക്കു മൂന്നു വിധത്തിലുള്ള സ്ഥാനങ്ങളുണ്ട്. സഹരക്ഷക, സാര്‍വത്രിക മാദ്ധ്യസ്ഥ, ആദ്ധ്യാത്മിക മാതാവ് എന്നുള്ള സ്ഥാനങ്ങളുമലങ്കരിക്കുന്നു.

    ദൈവമാതാവെന്നുള്ള നിലയില്‍ സര്‍വ സൃഷ്ടി ജാലങ്ങള്‍ക്കും അതീതയാണ്. മനുഷ്യകുലത്തിലെ അംഗമെന്ന നിലയില്‍ നമ്മോട് ഏറ്റവും ബന്ധപ്പെട്ട പരിപൂര്‍ണ്ണ വ്യക്തിയാണ് പരിശുദ്ധ അമ്മ. ത്രിലോകരാജ്ഞിയായ പ.കന്യകയുടെ സേവനത്തിനു നമ്മെത്തന്നെ പ്രതിഷ്ഠിക്കുക അഭിമാനകരവുമാണ്.

    മാതാവിലുള്ള പ്രതിഷ്ഠയുടെ ഒരു പ്രതീകമാണ് ഉത്തരീയം. പ.കന്യകയുടെ സ്നേഹത്തിന്‍റെയും പരിലാളനയുടെയും ഒരനശ്വരസ്മാരകമാണത്. ഉത്തരീയം ഭക്തിപൂര്‍വ്വം ധരിച്ച് മാതാവിന്‍റെ മക്കള്‍ എന്നു പ്രഖ്യാപിക്കുന്നത് പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും പ്രിയങ്കരമാണ്. മാതാവിന്‍റെ വിമല ഹൃദയത്തിനു നമ്മെത്തന്നെയും ലോകത്തെ മുഴുവന്‍ പ്രതിഷ്ഠിക്കണമെന്നു പ.കന്യക ആഗ്രഹിക്കുന്നു. അതിലൂടെ ആദ്ധ്യാത്മികവും ലൗകികവുമായ അനേകം അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. മറിയത്തെ ചേര്‍ത്ത് പിടിച്ച് ഈശോയ്ക്കുവേണ്ടി ലോകം മുഴുവനേയും കീഴടക്കുക എന്നതായിരിക്കട്ടെ നമ്മുടെ ആദര്‍ശം.

    സംഭവം

    അല്പോന്‍സന്‍സ് റാറ്റിസ്ബണ്‍ യഹൂദമതത്തിലാണ് ജനിച്ചത്. യാദൃച്ഛികമായി റോം സന്ദര്‍ശിച്ച അയാള്‍ തീക്ഷ്ണമതിയായ ബറ്റൂണ്‍ തെയോഡോര്‍ ദേബൂസിയറുമായി പരിചയപ്പെടുവാനിടയായി. തമ്മില്‍ പിരിയുമ്പോള്‍ ഹസ്തദാനം ചെയ്തുകൊണ്ട് പ.കന്യകയുടെ രൂപം ഉള്‍ക്കൊള്ളുന്ന ഒരു മെഡല്‍ അല്പോന്‍സന്‍സിന് കൊടുത്തു. അതു ധരിക്കുവാന്‍ അദ്ദേഹം റാറ്റിസ്ബനോടു ആവശ്യപ്പെടുകയുണ്ടായി.

    എന്നാല്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിക്കുകയാണുണ്ടായത്. അപ്പോള്‍ അദ്ദേഹത്തിന്‍റെ സ്നേഹിതന്‍ പറഞ്ഞു. വിശ്വാസമില്ലെങ്കില്‍ ധരിക്കുന്നതു കൊണ്ട് യാതൊരു ഉപദ്രവവും ഉണ്ടാവുകയില്ല. വിശ്വാസമില്ലാത്തതു കൊണ്ടു തന്നെയാണ് ധരിക്കുവാന്‍ ആവശ്യപ്പെടുന്നത്. കുറഞ്ഞപക്ഷം എന്നോടുള്ള സ്നേഹത്തെ പ്രതി മാത്രം ധരിക്കുക. വിസമ്മതം ഭീരുത്വമായി കരുതിയേക്കാമെന്ന് കരുതി അയാള്‍ ആ രൂപം ധരിച്ചു.

    അടുത്ത ദിവസം തെയോഡോറിന്‍റെ ആത്മസുഹൃത്തായ ലൈഫെറോണസ് മരിച്ചു. തെയഡോര്‍, റാറ്റിസ്ബന]നിനെ കൂടെ കൂട്ടി ഈശോ സഭക്കാരുടെ ദേവാലയത്തില്‍ പോയി. റാറ്റിസ്ബണ്‍ ദൈവാലയത്തില്‍ പ്രവേശിച്ച ഉടനെ അത്ഭുതകരമായ ഒരനുഭൂതിയാണുണ്ടായത്. ധരിച്ചിരുന്ന രൂപത്തിന്‍റെ ഛായയില്‍ പ.കന്യക അദ്ദേഹത്തിനു പ്രത്യക്ഷയായി. അദ്ദേഹം അധികം താമസിയാതെ കത്തോലിക്കാ സഭയെ സമാശ്ലേഷിച്ച് ഒരു ഈശോസഭാ വൈദികനായി. മരണാനന്തരം ശവകുടീരത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. “ഓ മറിയമേ, അങ്ങയുടെ മഹത്തരമായ സ്നേഹം എനിക്ക് കാണിച്ചു തന്നതുപോലെ മറ്റുള്ളവരെയും കാണിക്കണമേ.”

    പ്രാര്‍ത്ഥന

    സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായ അമലോത്ഭവകന്യകയെ, സകല സ്വര്‍ഗ്ഗവാസികളുടെയും സാന്നിധ്യത്തില്‍ നിന്നെ എന്‍റെ രാജ്ഞിയും മാതാവുമായി ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ പിശാചിനെയും അവന്‍റെ എല്ലാ പ്രവൃ‍ത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചു കൊള്ളാമെന്ന് വാഗാദാനം ചെയ്തുകൊണ്ട് എന്‍റെ ജ്ഞാനസ്നാന വ്രതങ്ങളെ നവീകരിക്കുന്നു. നിന്‍റെ അവകാശങ്ങള്‍ എന്‍റെമേല്‍ പ്രയോഗിച്ചു കൊള്ളുക.

    ഞാന്‍ എന്നെത്തന്നെ നിന്‍റെ സ്നേഹ ദൗത്യത്തിനു സമര്‍പ്പിക്കുന്നു. എന്‍റെ ആത്മാവിനെയും ശരീരത്തെയും അതിന്‍റെ എല്ലാ കഴിവുകളെയും എന്‍റെ ആദ്ധ്യാത്മികവും ഭൗമികവുമായ എല്ലാ നന്മകളെയും സകല സല്‍കൃത്യങ്ങളെയും അവയുടെ യോഗ്യതകളെയും നിനക്ക് ഞാന്‍ കാഴ്ച വയ്ക്കുന്നു. കാലത്തിലും നിത്യത്വത്തിലും ദൈവത്തിന്‍റെ ഉപരിമഹത്വത്തിനായി അങ്ങ് അവയെ വിനിയോഗിച്ചു കൊള്ളണമേ.

    എത്രയും ദയയുള്ള മാതാവേ

    ലുത്തീനിയ

    പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

    പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    സുകൃതജപം

    സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ, ഞങ്ങളെ സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരാക്കേണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!