Thursday, November 21, 2024
spot_img
More

    Day 23-മാതാവിന്റെ വണക്കമാസം

    പരിശുദ്ധ അമ്മ- നമ്മുടെ ആദ്ധ്യാത്മിക മാതാവ്

    എല്ലാ ക്രിസ്ത്യാനികളും നൈസര്‍ഗികമായിത്തന്നെ പ.കന്യകയെ മാതാവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. കന്യകാമറിയം യഥാര്‍ത്ഥത്തില്‍ നമ്മുടെ മാതാവാണെങ്കില്‍ അവള്‍ ഒരര്‍ത്ഥത്തില്‍ നമ്മെ ഉദരത്തില്‍ സംവഹിക്കുകയും പ്രസവിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം. ദിവ്യജനനി എപ്പോഴും നമുക്ക് മാതൃസഹജമായ വാത്സല്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിന് ആദ്ധ്യാത്മികമായ ഒരു നവജനനം ആവശ്യമാണല്ലോ.

    “സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു. ഒരു മനുഷ്യന്‍ ജലത്താലും പരിശുദ്ധാത്മാവിനാലും നവമായി ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ അവനു കഴിയുകയില്ല” (യോഹ. 3:3-7: 2, കോറി.5:17-18). ആദ്ധ്യാത്മികമായ ഈ പുതിയ ജനനത്തില്‍ പ.കന്യകയ്ക്കുള്ള സ്ഥാനമെന്തെന്നുള്ളത് നാം പരിചിന്തനത്തിന് വിധേയമാക്കേണ്ടത്. ദിവ്യജനനിയുടെ ആദ്ധ്യാത്മികമാതൃത്വം വരപ്രസാദ മദ്ധ്യത്തിലാണ് അടങ്ങിയിരിക്കുന്നത്.

    മിശിഹാ കാല്‍വരിയിലെ കുരിശാകുന്ന ബലിവേദിയില്‍ കിടന്നുകൊണ്ട് അവളുടെ ആദ്ധ്യാത്മിക മാതൃത്വം പ്രഖ്യാപിച്ചു. “ഈശോ തന്‍റെ അമ്മയും താന്‍ സ്നേഹിച്ചിരുന്ന ശിഷ്യനും നില്‍ക്കുന്നതു കണ്ടിട്ട് തന്‍റെ അമ്മയോട് സ്ത്രീ, ഇതാ നിന്‍റെ മകന്‍ എന്നും ശിഷ്യനോട് ഇതാ നിന്‍റെ അമ്മ എന്നും അരുളിച്ചെയ്തു” (വി.യോഹ.18:26). വി.യോഹന്നാന്‍ ഇവിടെ ശിഷ്യന്‍ എന്ന പദമുപയോഗിക്കുന്നത് അദ്ദേഹം മാനവരാശിയെ പ്രതിനിധാനം ചെയ്യുന്നു എന്നു കാണിക്കുന്നതിനാണ്.

    ഈശോ പ.കന്യകയെ സ്ത്രീ എന്നഭിസംബോധന ചെയ്യുന്നത്, മേരി ദൈവം വാഗ്ദാനം ചെയ്ത സ്ത്രീയാണെന്ന് മനസ്സിലാക്കുവാനും പ.കന്യകയ്ക്ക് മിശിഹായോടുള്ള ശാരീരിക ബന്ധത്തിലുമുപരിയായി സാര്‍വത്രിക സ്ത്രീയായി തീര്‍ന്നിരിക്കുന്നു എന്നു അനുസ്മരിപ്പിക്കാനുമാണ്. മിശിഹാ പരിത്രാണകര്‍മ്മം പൂര്‍ത്തിയാക്കുന്ന ലോകചരിത്രത്തിലെ മഹത്തായ നിമിഷത്തില്‍ പ.കന്യകയുടെ ശാരീരിക സംരക്ഷണം ഒരു ശിഷ്യനെ ഏല്‍പ്പിച്ചു കൊടുക്കുക തികച്ചും അസംഭവ്യമാണ്.

    മിശിഹാ മൗതിക ശരീരത്തിന്‍റെ ശിരസ് എന്ന നിലയില്‍ ദൈവസുതസ്ഥാനം നമുക്ക് നല്‍കിക്കൊണ്ട് മാനവകുലത്തെ നവീകരിച്ചു. അതിന് സുതനായ ദൈവത്തിന് മനുഷ്യസ്വഭാവം സ്വീകരിക്കുകയും മാനവരാശിയുമായി ഏകീകരിക്കുകയും ചെയ്യേണ്ടിയിരുന്നു. പ. കന്യകയില്‍ ദൈവമാതൃത്വവും ആദ്ധ്യാത്മിക മാതൃത്വവും സമ്മേളിച്ചു. മനുഷ്യകുലത്തിന്‍റെ നവീകരണവും മിശിഹായുടെ ശിരസ്സ് എന്ന സ്ഥാനവും മറിയത്തിന്‍റെ മാതൃസ്ഥാനവും പ്രകൃത്യാതീത ജീവദായക കൃപക്കുള്ള സാര്‍വത്രിക ശക്തിയാണ്.

    മാനവരാശിക്കു ദൈവിക ജീവന്‍ നല്‍കുന്നതിനു വേണ്ടി ദൈവജനനിയും സ്വജാതനും തമ്മിലുള്ള അത്ഭുതാവഹമായ മഹോന്നതമായ ഐക്യം പോലെ വിവാഹത്തോടു സദൃശമായ വേറൊരു സംയോജനമില്ല. എല്ലാ മനുഷ്യരും പ്രകൃത്യാതീത ജീവന്‍ സ്വീകരിക്കുന്നത് മിശിഹാ കഴിഞ്ഞാല്‍ പ.കന്യക മറിയത്തില്‍ നിന്നാണ്. പരിശുദ്ധാത്മാവ് വഴിയായി കന്യകയുടെ ഉദരത്തില്‍ ദൈവവചനം മാംസമായി തീര്‍ന്നപ്പോള്‍ എല്ലാ മനുഷ്യരും മിശിഹായുടെ സഹോദരന്‍മാരായി.

    സംഭവം

    തീരപ്രദേശങ്ങളില്‍ കഴിയുന്ന മത്സ്യബന്ധകരുടെ ജീവിതം ക്ലേശപൂര്‍ണമാണ്.നമ്മുടെ കര്‍ത്താവു പ്രശംസ ചൊരിഞ്ഞ കാനാന്‍കാരി സ്ത്രീയെപ്പോലെ ഉറച്ച വിശ്വാസമുള്ളവരാണ് അവരില്‍ പലരും. ഒരിക്കല്‍ കേരളത്തിലെ ഒരു കടല്‍ത്തീര പ്രദേശത്ത് കടല്‍ക്ഷോഭമുണ്ടായി. പുരുഷന്മാരെല്ലാവരും തന്നെ പുറംകടലില്‍ മീന്‍ പിടിക്കാന്‍ പോയിരിക്കയാണ്‌. കടല്‍ക്ഷോഭത്തില്‍ ആ പുരുഷന്മാര്‍ക്കെല്ലാം എന്താണു സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്തു സ്ത്രീകള്‍ പൊട്ടിക്കരഞ്ഞു. പര്‍വതം പോലെ ഉയരുന്ന തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി.

    നിരനിരയായി പണിതിട്ടുള്ള കുടിലുകള്‍ കടലിലൊഴുകാന്‍ നിമിഷം മാത്രമേയുള്ളൂ. തിരമാലകള്‍ ആദ്യനിരയിലുള്ള കുടിലുകളുടെ തൊട്ടടുത്തെത്തി. കുടിലിലുള്ള സാധനങ്ങള്‍ പെറുക്കിയെടുത്ത് നിലവിളിച്ചുകൊണ്ട് ആളുകള്‍ പുറത്തേയ്ക്ക് കടന്നു തുടങ്ങി. തീക്ഷ്ണ വിശ്വാസമുള്ള കുറെ ആളുകള്‍ അവരെയെല്ലാം തടഞ്ഞു കൊണ്ട് പറഞ്ഞു: നമുക്ക് ഉറച്ച വിശ്വാസത്തോടെ ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാം. ആ അമ്മ നമ്മെ കൈവിടുകയില്ല.

    കുടിലുകളില്‍ മരണത്തിന്‍റെ വക്കില്‍ കഴിഞ്ഞവരെല്ലാം തങ്ങളുടെ ജപമാലകള്‍ എടുത്തു പ്രാര്‍ത്ഥന തുടങ്ങി. അവര്‍ പ്രാര്‍ത്ഥന തുടങ്ങിയത് മുതല്‍ കടല്‍ക്ഷോഭം കുറഞ്ഞു. സമുദ്രം പ്രശാന്തമായി തുടങ്ങി. ജപമാല അവസാനിച്ചതോടെ കടല്‍ക്ഷോഭം പൂര്‍ണ്ണമായും നീങ്ങി. മത്സ്യബന്ധനത്തിനു പുറംകടലില്‍ പോയിരുന്നവര്‍ അപകടം കൂടാതെ തിരിച്ചെത്തിയ കാഴ്ചയാണ് കരയിലുള്ളവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

    പ്രാര്‍ത്ഥന

    ദൈവജനനി, അങ്ങ് ഞങ്ങളുടെ ആദ്ധ്യാത്മിക മാതാവാണെന്ന് ഞങ്ങള്‍ക്കറിയാം. അവിടുന്നു ദൈവമാതാവ് എന്നുള്ള നിലയില്‍ സര്‍വസൃഷ്ടികളുടെയും നാഥയും മാതാവുമാണ്. എന്നാല്‍ അതിലുപരി അങ്ങ് ഞങ്ങളുടെ അമ്മയാണ്. അങ്ങ് വഴിയാണ് ഞങ്ങള്‍ ആദ്ധ്യാത്മികജീവന്‍ പ്രാപിക്കുന്നത്. കാല്‍വരിഗിരിയില്‍ അങ്ങേ ദിവ്യകുമാരന്‍റെ മരണശയ്യയായ കുരിശിനു സമീപം അങ്ങ് കദനക്കടലില്‍ നിമഗ്നയായിക്കൊണ്ട് ഞങ്ങള്‍ക്കു ആദ്ധ്യാത്മിക ജീവന്‍ പ്രാപിച്ചു തന്നു. കൂടാതെ അനുദിനം ഞങ്ങള്‍ ദൈവികജീവന്‍ പ്രാപിക്കുവാനും അങ്ങേ ദിവ്യകുമാരനോടു സാരൂപ്യം പ്രാപിക്കുവാനും അങ്ങ് ഞങ്ങളെ സഹായിക്കുന്നു. ദിവ്യാംബികേ, ഞങ്ങള്‍ അങ്ങേ മക്കള്‍ എന്നുള്ള അഭിമാനത്തോടുകൂടി അനുദിന ജീവിതം നയിച്ച് അങ്ങേ ദിവ്യകുമാരനെ അനുകരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ.

    എത്രയും ദയയുള്ള മാതാവേ

    ലുത്തീനിയ

    പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

    പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    സുകൃതജപം

    കൃപയുടെ നിറകുടമായ മറിയമേ! ഞങ്ങളില്‍ കാരുണ്യം നിറയ്ക്കണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!