പ.കന്യകയുടെ ശുദ്ധീകരണം; മിശിഹായെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു
ദിവ്യശിശുവിന്‍റെ ജനനശേഷം എട്ടാം ദിവസം ഈശോ എന്ന തിരുനാമം നല്‍കപ്പെട്ടു. രക്ഷകന്‍ എന്നതാണ് ആ നാമത്തിന്‍റെ അര്‍ത്ഥം. മനുഷ്യര്‍ക്ക് രക്ഷപ്രാപിക്കുവാന്‍ ഈശോ എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. എല്ലാ നാമത്തെക്കാള്‍ ഉന്നതമായി ഈശോ എന്ന നാമം നല്‍കപ്പെട്ടു. നമുക്ക് നിര്‍വൃതിദായകമായ ആ തിരുനാമം പരി.കന്യക എത്ര പ്രാവശ്യം സ്നേഹതീക്ഷണതയോടു കൂടി വിളിച്ചിട്ടുണ്ടാവുമെന്ന് ചിന്തിച്ച് നോക്കൂ.
ദിവ്യശിശുവിന്‍റെ ജനനം കഴിഞ്ഞ് നാല്‍പതാം ദിവസം യഹൂദാചാരപ്രകാരമുള്ള ശുദ്ധീകരണ നിയമനുസരിച്ച് പരി.കന്യക ഈശോയുടെ കൂടെ ദൈവാലയത്തിലേക്ക് പോയി. പ.കന്യക അവളുടെ കന്യാവ്രതത്തിനു ഭംഗം വരാതെയാണ് ദിവ്യസുതനെ പ്രസവിച്ചത്. തന്നിമിത്തം അവള്‍ ശുദ്ധീകരണ നിയമത്തില്‍ നിന്നു വിമുക്തയായിരുന്നു. എങ്കിലും യഹൂദാചാരാനുഷ്ഠാനങ്ങളിലുള്ള വിശ്വസ്തത നിമിത്തം മേരി ദൈവാലയത്തിലേക്കു പോയി. നാം നിയമാനുഷ്ഠാനത്തില്‍ എത്രമാത്രം വിശ്വസ്തത പാലിക്കുന്നുണ്ട് എന്ന്‍ പരിശോധിച്ച് നോക്കണം.
ദൈവപ്രമാണങ്ങളും തിരുസഭയുടെ കല്‍പനകളും മറ്റു നിയമങ്ങളും നാം സന്തോഷപൂര്‍വ്വം അനുസരിക്കണം. അത് ദൈവതിരുമനസ്സ് നമുക്കു കാണിച്ചുതരുന്നു. അത് നമ്മുടെ സ്വഭാവത്തിലുള്ള പരിമിതികളെ പരിഹരിച്ച് നമ്മെ പൂര്‍ണ മനുഷ്യരാക്കുന്നു. പ.കന്യക ശുദ്ധീകരണ നിയമത്തിനു വിധേയയായത് അവിടുത്തെ അഗാധമായ എളിമയെയും എടുത്ത് കാണിക്കുന്നുണ്ട്. അനന്തരം ഈശോയെ ദേവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നു. മൂശയുടെ നിയമമനുസരിച്ച് കടിഞ്ഞൂല്‍ പുത്രനെ സമര്‍പ്പിക്കണമെന്നുണ്ടായിരുന്നു.
അതനുസരിച്ചാണ് പ.കന്യക ഈശോയെ ദേവാലയത്തില്‍ കൊണ്ടുപോയി സമര്‍പ്പിച്ചത്. പകരം ഒരാട്ടിന്‍കുട്ടിയേയോ, പ്രാവിന്‍ കുഞ്ഞുങ്ങളെയോ, ചങ്ങാലികളെയോ ബലിയര്‍പ്പിച്ച് അവരെ വീണ്ടെടുക്കുവാന്‍ സാധിക്കും. പ.കന്യകയും വിശുദ്ധ യൗസേപ്പും ദരിദ്രരായിരുന്നതു കൊണ്ട് അവര്‍ ചങ്ങാലികളെ ബലിയര്‍പ്പിച്ചു കൊണ്ട് ഈശോയെ വീണ്ടെടുത്തു. സന്താനങ്ങളെ ദൈവത്തിനര്‍പ്പിക്കുന്നതു അവര്‍ ദൈവത്തിനുള്ളവരായി വളര്‍ന്നു വരാനാണ്.
മിശിഹായുടെ ആഗമനം പ്രതീക്ഷിച്ചുകൊണ്ട് ജീവിച്ചിരുന്ന ശെമയോന്‍ എന്ന പാവന ചരിതനായ വൃദ്ധന്‍ അക്കാലത്തു അവിടെ ജീവിച്ചിരുന്നു. മിശിഹായെ ദര്‍ശിക്കുന്നത് വരെ മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തോട് നേരത്തെ അരുളിച്ചെയ്തിരിന്നു. തദവസരത്തില്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി അദ്ദേഹം അവിടെ വന്ന്‍ പൈതലായ ഈശോയെ കൈകളിലെടുത്തു ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “എന്‍റെ കര്‍ത്താവേ! നിന്‍റെ വചനം പോലെ നിന്‍റെ ദാസനെ ഇപ്പോള്‍ സമാധാനത്തില്‍ വിട്ടയയ്ക്കേണമേ.” പുറജാതികള്‍ക്കു വെളിപ്പെടുത്തുവാനുള്ള പ്രകാശവും നിന്‍റെ ജനതയായ ഇസ്രായേലിനുള്ള മഹത്വവുമായി സകല ജാതികളുടെയും മുമ്പില്‍ നീ ഒരുക്കിയിരിക്കുന്ന നിന്‍റെ കരുണയെ ഇതാ, എന്‍റെ കണ്ണുകള്‍ കണ്ടു”.
ഇത് കേട്ട യൗസേപ്പും അവന്‍റെ അമ്മയും അവനെക്കുറിച്ചു പറയപ്പെട്ടവയെപ്പറ്റി ആശ്ചര്യപ്പെട്ടു. പിന്നെ ശെമയോന്‍ അവരെ അനുഗ്രഹിച്ച് അവന്‍റെ അമ്മയായ മറിയത്തോടു പറഞ്ഞു: “ശിമയോന്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും” (വി.ലൂക്കാ 2:34-35).
പരി.കന്യക അവളുടെ ദിവ്യസുതന്‍റെ പീഡാനുഭവങ്ങളോടു എത്രമാതം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള വസ്തുത വ്യക്തമാക്കുന്നവയാണ് ശെമയോന്‍റെ ഈ വാക്കുകള്‍. അവര്‍ ദൈവാലയത്തില്‍ ഈശോയെ സമര്‍പ്പിച്ചപ്പോള്‍ മനുഷ്യകുല പരിത്രാണാര്‍ത്ഥം ഒരിക്കല്‍ കാല്‍വരിയില്‍ സമര്‍പ്പിക്കുവാനിരുന്ന മഹായജ്ഞത്തെ മുന്‍കൂട്ടി കണ്ടിരിക്കണം. ദൈവം നമുക്കു സന്താനങ്ങളെ നല്‍കുന്നത് അവരെ നല്ലവരായി വളര്‍ത്തി ദൈവത്തിനു സമര്‍പ്പിക്കുന്നതിനാണ്. കുട്ടികളുടെ നല്ല വളര്‍ത്തലിലും സ്വഭാവരൂപീകരണത്തിലും കത്തോലിക്കാ വിദ്യാഭ്യാസത്തിലും മാതാപിതാക്കന്‍മാര്‍ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നുണ്ട്? അവരുടെ ആത്മരക്ഷയിലുള്ള ഉത്തരവാദിത്വം നാം വിസ്മരിക്കരുത്.
സംഭവം
വി.കൊച്ചുത്രേസ്യയുടെ സ്വയംകൃത ചരിത്രത്തില്‍, പുണ്യവതി രോഗം പിടിപെട്ടു മരണാസന്നയായി കിടന്നപ്പോള്‍ പ.കന്യകാമറിയം പ്രത്യക്ഷപ്പെട്ട് രോഗശാന്തി നല്‍കിയ കാര്യം വിവരിച്ചിട്ടുണ്ട്. ഒരു ദിവസം കൊച്ചുത്രേസ്യയുടെ പിതാവ് ദുഃഖപരവശനായി അവളുടെ മുറിയില്‍ കടന്നുചെന്നു. കൊച്ചുത്രേസ്യയുടെ ജ്യേഷ്ഠസഹോദരിയായ മരിയായുടെ കൈയില്‍ ഏതാനും സ്വര്‍ണനാണയം കൊടുത്തിട്ടു, കൊച്ചുറാണി സുഖം പ്രാപിക്കുവാന്‍ ദൈവമാതാവിന്‍റെ പള്ളിയില്‍ നവനാള്‍ കുര്‍ബാന ചൊല്ലണമെന്ന് എഴുതി അയയ്ക്കാന്‍ പറഞ്ഞു. നവനാളിന്‍റെ ഇടയില്‍ ഒരു ഞായറാഴ്ച ദിവസം മരിയ, ലെയോണി, സെലിന്‍ എന്നീ സഹോദരിമാര്‍ തങ്ങളുടെ അനുജത്തിയായ കൊച്ചുറാണിയുടെ കിടക്കയ്ക്കരുകില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു.
വിശ്വാസത്തോടു കൂടിയ ആ നിലവിളി സ്വര്‍ഗ്ഗവാതില്‍ മുറിച്ചു കടക്കുകയും ചെയ്തു. തുടര്‍ന്നുള്ള ഭാഗം സ്വയംകൃത ചരിത്രത്തില്‍ നിന്നു തന്നെ നമുക്കു വായിക്കാം. “പെട്ടെന്ന്‍ മാതാവിന്‍റെ സ്വരൂപം ഉയിരും കാന്തിയുമുള്ളതായി തീര്‍ന്നു. ആ ദിവ്യസൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ ഒരിക്കലും സാധ്യമല്ല. പരിശുദ്ധ അമ്മയുടെ മുഖത്ത് അവാച്യമായ കരുണയും മാധുര്യവും കളിയാടുന്നുണ്ടായിരുന്നു. എന്നാല്‍ എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടുവരെ തുളഞ്ഞു കയറിയത് അവിടുത്തെ മനോഹരമായ മന്ദസ്മിതമാണ്”.
തല്‍ക്ഷണം എന്‍റെ വേദനമാറി, കണ്ണുകള്‍ നിറഞ്ഞ് മനോവികാരങ്ങളാല്‍ പൂരിതമായി. സ്നേഹപൂര്‍വ്വം എന്‍റെ സഹോദരി മരിയ അപ്പോള്‍ എന്നെ നോക്കുകയായിരുന്നു. മറിയം മുഖാന്തിരമാണ് എനിക്കു രോഗശാന്തിക്കുള്ള അത്ഭുതകരമായ അനുഗ്രഹം, പരി.കന്യകയുടെ മന്ദഹാസം ലഭിച്ചതെന്നുള്ളതിനു സംശയമില്ല. ആ സ്വരൂപത്തിനുമേല്‍ ഞാന്‍ കണ്ണുകളുറപ്പിച്ചു നോക്കുന്നതു കണ്ടപ്പോള്‍ “ത്രേസ്യായ്ക്കു സുഖമായി” എന്നു മരിയ വിളിച്ചു പറഞ്ഞു. യാഥാര്‍ത്ഥൃവും അതുതന്നെയായിരിന്നു. ചെറുപുഷ്പം വീണ്ടും അനേകം കാലം ജീവിച്ചു.
പ്രാര്‍ത്ഥന
മോശയുടെ നിയമങ്ങള്‍ക്കു വിധേയമായി ഞങ്ങള്‍ക്ക് നിയമാനുഷ്ഠാനത്തിന് മാതൃക നല്‍കിയ പ.കന്യകയെ, ദൈവികനിയമങ്ങളും സഭയുടെ നിയമങ്ങളും അന്യൂനം പാലിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവച്ചുകൊണ്ട് ലോകരക്ഷയ്ക്കായി അങ്ങേ പുത്രനെ സമര്‍പ്പിക്കുന്നതിനുള്ള സന്നദ്ധത പ്രകടമാക്കി. ദിവ്യമാതാവേ, ഞങ്ങള്‍ അങ്ങേ ദിവ്യസുതനേയും അങ്ങയേയും സ്നേഹിച്ചു കൊണ്ട് വിശ്വസ്തതാപൂര്‍വ്വം ജീവിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരേണമേ. ഞങ്ങള്‍ മഹാമനസ്കതയും സ്നേഹവുമുള്ളവരായിത്തീരുന്നതിന് അങ്ങേ മാതൃക പ്രചോദനമരുളട്ടെ.
എത്രയും ദയയുള്ള മാതാവേ
ലുത്തീനിയ
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
സുകൃതജപം
മറിയമേ, സ്വസ്തി! നാഥേ, സ്വസ്തി! സമുദ്രതാരമേ സ്വസ്തി!