Friday, October 4, 2024
spot_img
More

    Day 04-മാതാവിന്റെ വണക്കമാസം

    പരിശുദ്ധ കന്യകയുടെ ജനനം

    പരിശുദ്ധ കന്യാമറിയത്തിന്‍റെ മാതാപിതാക്കന്മാര്‍ വി.യൊവാക്കിമും വി.അന്നായുമാണെന്നു പരമ്പരാഗതമായി വിശ്വസിച്ചു വരുന്നു. വി. യാക്കോബിന്‍റെ സുവിശേഷത്തില്‍ നിന്നുമാണ് ഇത് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. വി.യോവാക്കിമും അന്നയും സന്താന‍ഭാഗ്യമില്ലാതെ വളരെക്കാലം ദുഃഖാര്‍ത്തരായി ജീവിച്ചവരായിരുന്നു. ഒരു സന്താനം ലഭിക്കുന്ന പക്ഷം അതിനെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണെന്ന് അവര്‍ നേരത്തെ തന്നെ വാഗ്ദാനം ചെയ്തു. അവരുടെ ദീര്‍ഘകാലത്തെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സംപ്രീതനായി ദൈവം അവര്‍ക്ക് സന്താന ഭാഗ്യം നല്‍കി. ഇപ്രകാരമായിരുന്നു പ. കന്യകയുടെ ജനനം.

    മര്‍ത്യനായി അവതരിക്കുന്ന ദൈവത്തെ സ്വീകരിക്കുവാനുള്ള യോഗ്യത മാനവരാശിയില്‍ ആര്‍ക്കും ഉണ്ടായിരുന്നല്ല, എന്നാല്‍ പ.കന്യകയുടെ ജനനത്തില്‍ മാത്രമാണ് മാനവരാശിയുടെ ആഗ്രഹം സഫലമാകുന്നത്. സൂര്യോദയത്തിനു മുമ്പ് പ്രഭാതനക്ഷത്രം ഉദിക്കുന്നതുപോലെ നീതിസൂര്യനായ മിശിഹായുടെ മനുഷ്യാവതാരം പ്രഖ്യാപിച്ചതു മേരി എന്ന ഉദയനക്ഷത്രത്തിലൂടെയായിരിന്നു. മാനവ കുലത്തെ രക്ഷിക്കാന്‍ മനുഷ്യനായി ഭൂജാതനാകനാണ് ദൈവം തിരുമനസ്സായത്. എന്നാല്‍ ദൈവത്തിന് മനുഷ്യസ്വഭാവം സ്വീകരിക്കുവാന്‍ മാനവകുലത്തില്‍ നിന്നും ഒരു വനിതയുടെ സമ്മതമാവശ്യമാണ്. അതിനായി പ.കന്യകയെ തെരഞ്ഞെടുത്തു. അതിനാല്‍ തന്നെ അവള്‍ അമലമനോഹരിയും അമലോത്ഭവയുമാണ്.

    പ.കന്യകയുടെ ജനനം ഭൂലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നല്‍കി. അവളുടെ ജനനത്തോടു കൂടി പരിത്രാണ കര്‍മ്മം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. അന്ന് സ്വര്‍ഗ്ഗവാസികളും സന്തോഷിച്ചു. പിതാവായ ദൈവത്തിന്‍റെ പ്രിയപ്പെട്ട മകളും സുതനായ ദൈവത്തിന്‍റെ മാതാവും, പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയുമാണവള്‍. പ.കന്യകയുടെ നേരെയുള്ള ആത്മാര്‍ത്ഥമായ ഭക്തി നമുക്കുണ്ടെങ്കില്‍ നമ്മുടെ ജീവിതം പ്രശ്നങ്ങളുടെ മധ്യത്തിലും സന്തോഷവും ധൈര്യവും പ്രത്യാശയും പ്രദാനം ചെയ്യും. അതിനാല്‍ തന്നെ നമ്മുടെ കുടുംബങ്ങളില്‍ മറിയത്തിന് നാം സ്ഥാനം നല്‍കുക.

    സംഭവം

    ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ യഹൂദ മര്‍ദ്ദനം ആരംഭിച്ചപ്പോള്‍ അനേകം യഹൂദന്മാര്‍ ജര്‍മനിയില്‍ നിന്നും പലായനം ചെയ്തു. അക്കൂട്ടത്തില്‍പെട്ട ഫ്രാന്‍സ് വെര്‍ഫെല്‍, പിരണീസ് പര്‍വ്വതങ്ങളുടെ സമീപത്ത് എത്തി. എന്നാല്‍ ജര്‍മ്മന്‍ സൈന്യം അദ്ദേഹത്തെ വളഞ്ഞു. രക്ഷപ്പെടുവാന്‍ മാനുഷികമായ വിധത്തില്‍ അസാദ്ധ്യമെന്നു തോന്നിയ ഫ്രാന്‍സ് വെര്‍ഫെല്‍, പിരണീസ് പര്‍വത പാര്‍ശ്വത്തില്‍ സ്ഥിതിചെയ്തിരുന്ന ലൂര്‍ദ്ദിലെ അമലോത്ഭവ ജനനിയുടെ ദേവാലയത്തിലേക്ക് നോക്കി ഇപ്രകാരം നേര്‍ച്ച നേര്‍ന്നു.

    “ലൂര്‍ദ്ദിലെ നാഥേ, നീ ഉണ്ടെങ്കില്‍, നിനക്കു ശക്തിയുണ്ടെങ്കില്‍, ഞാന്‍ ജര്‍മ്മന്‍ സൈന്യത്തിന്‍റെ കരങ്ങളില്‍ നിന്ന്‍ രക്ഷപ്രാപിച്ച് അമേരിക്കയില്‍ എത്തിച്ചേരുന്ന പക്ഷം നിന്നെക്കുറിച്ച് ഞാന്‍ ഒരു സംഗീതശില്‍പം രചിക്കുന്നതാണ്”. വെര്‍ഫെല്‍ അത്ഭുതകരമായിത്തന്നെ ജര്‍മ്മന്‍ സൈന്യത്തിന്‍റെ കരങ്ങളില്‍ നിന്നും രക്ഷപ്പെട്ടു. അതിനു കൃതജ്ഞതയായി അദ്ദേഹം രചിച്ചതാണ് “ബര്‍ണര്‍ദീത്തായുടെ ഗീതം” എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥം.

    പ്രാര്‍ത്ഥന

    പരി. കന്യകയുടെ ജനനത്താല്‍ ലോകത്തെ അനുഗ്രഹിച്ച ദൈവമേ! ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. സ്നേഹയോഗ്യയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങേ സ്തുതിക്കുന്നു. നീതിസൂര്യനായ മിശിഹായുടെ ജനനത്തിനു മുമ്പ് അങ്ങ് ലോകത്തിന് പ്രത്യാശ പകര്‍ന്നു. അങ്ങേ ദിവ്യസുതനെ മറ്റുള്ളവരെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിനു വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ ജനനം ഭൂലോകസ്വര്‍ഗങ്ങള്‍ക്ക് ആനന്ദനിര്‍വൃതി നല്‍കി. ഞങ്ങള്‍ നിത്യസൗഭാഗ്യം അനുഭവിക്കാനുള്ള അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടപേക്ഷിച്ചു നല്‍കണമേ.

    എത്രയും ദയയുള്ള മാതാവേ…

    ലുത്തിനിയ

    പരിശുദ്ധ രാജ്ഞീ….

    പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

    പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    സുകൃതജപം

    ഉദയനക്ഷത്രമായ പരിശുദ്ധ മറിയമേ, ഞങ്ങളുടെ ജീവിതം പ്രത്യാശാപൂര്‍ണ്ണമാക്കണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!